ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് നട തുറക്കുമെങ്കിലും നാളെ രാവിലെ മുതലാണ് ഭക്തർക്ക് പ്രവേശനം. വെളുപ്പിനെ നാലു മുതൽ ഭക്തർക്ക് ദർശനം നടത്താം. ജനുവരി 14നാണ് മകര വിളക്ക്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് പ്രവേശനം.

മകരവിളക്കിന് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ദർശനത്തിനായി പമ്പയിലേക്കു പോകാൻ അനുവദിക്കൂ. ദിവസം 5000 പേർക്കാണ് പ്രവേശനം. 20ന് രാവിലെ 6.30ന് നട അടയ്ക്കും.

മണ്ഡലകാലത്ത് നിലയ്ക്കലിൽ ആന്റിജൻ പരിശോധനാ സൗകര്യം ഉണ്ടായിരുന്നു. മകരവിളക്കിന് ആർടിപിസിആർ പരിശോധനയ്ക്കുള്ള സൗകര്യം നിലയ്ക്കലിൽ ഒരുക്കിയിട്ടില്ല. ഇക്കാര്യം അറിയാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകരിൽ പലർക്കും ഇവിടെ എത്തിയ ശേഷം പരിശോധനാ സൗകര്യമുള്ളയിടങ്ങളിലേക്കു തിരിച്ചുപോകേണ്ടി വരും. ഫലം ലഭിക്കുന്നതു താമസിക്കുന്നതിനാൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസവും സമയവും മാറും. ഇതു ദർശനത്തിനുള്ള അവസരം നഷ്ടമാകുന്നതിനും കാരണമാകും.