- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമലയിൽ സിപിഎം അംഗീകരിക്കുക സുപ്രീംകോടതിയുടെ അന്തിമ നിലപാട്; വിശ്വാസ വിഷയത്തിൽ ഭക്തർക്കൊപ്പമാകും ഇനിയുള്ള വിധിയെന്നും വിലയിരുത്തൽ; സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യവും അംഗീകരിക്കില്ല; നവോത്ഥാനക്കാരെ പിണക്കാതെ ഭക്തരെ കൂടെ നിർത്തും; യുവതി പ്രവേശനത്തിൽ പാർട്ടിയുടേത് പഴയ നയം തന്നെ
തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി എന്തായാലും അത് അംഗീകരിക്കാനാണ് സിപിഎം തീരുമാനം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തിയാലും അത് നിലനിൽക്കില്ല. ഈ സാഹചര്യത്തിൽ നവോത്ഥാന വഴിയിൽ തന്നെ സുപ്രീംകോടതി വിധിയെ കാണും. നിലവിലെ സാഹചര്യത്തിൽ വിശ്വാസികൾക്ക് വിധി എതിരാകില്ലെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ശബരിമലയിൽ പ്രതികരണങ്ങൾ നടത്തൂ.
യുഡിഎഫിന്റെ ശബരിമല വാഗ്ദാനങ്ങളോടു കരുതലോടെ പ്രതികരിച്ചാൽ മതിയെന്ന സമീപനത്തിൽ സിപിഎം. ഇത് ഇരുതല മൂർച്ചയുള്ളതാണെന്ന വിലയിരുത്തലാണു സിപിഎമ്മിന്. വിശ്വാസികളെ ഒപ്പം നിർത്തിയേ പറ്റൂ. അതിനാൽ പഴയ നിലപാട് ആവർത്തിക്കാൻ കഴിയില്ല. അതേസമയം, സർക്കാരെടുത്ത സമീപനത്തെ തള്ളിപ്പറയാനും സാധിക്കില്ല. അധികാരത്തിലേറിയാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണം ഉറപ്പു വരുത്തുന്ന നിയമനിർമ്മാണം കൊണ്ടുവരുമെന്നാണു യുഡിഎഫ് പ്രഖ്യാപിച്ചത്. ശബരിമല വിഷയം ഇനി വോട്ടായി മാറില്ലെന്നാണ് സിപിഎം വിലയിരുത്തൽ. വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ അതുകൊണ്ട് തന്നെ പരമാവധി ഒഴിവാക്കും. വിധി വരും വരെ ഇക്കാര്യത്തിൽ നിലപാട് വിശദീകരണം ഉണ്ടാകില്ല.
ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിന്നാൽ അത് നവോത്ഥാനക്കാരെ പിണക്കും. മറിച്ച് സംഭവിച്ചാൽ വിശ്വാസികളും. രണ്ടു കൂട്ടരേയും സുപ്രീംകോടതിയുടെ അന്തിമ വിധി വരെ കൂടെ നിർത്താനാണ് സിപിഎം തീരുമാനം. സുപ്രീംകോടതിയുടെ വിശാല ബഞ്ച് വിശ്വാസ പ്രശ്‌നങ്ങളിൽ ഭരണ ഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിധി വരാൻ ഇനിയും കാലമെടുക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ പ്രതികരിക്കേണ്ട ഒരു സാഹചര്യവുമില്ല. തെരഞ്ഞെടുപ്പ് വരെ ശബരിമലയിൽ നിലവിലെ സ്ഥിതി തുടരും. നവോത്ഥാനത്തിനൊപ്പമാണ് സിപിഎം. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളേയും പ്രവേശിപ്പിക്കണമെന്നതാണ് നിലപാട്. പക്ഷേ അത് തൽകാലം പുറത്തു പറയില്ല. വിധി വന്ന ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തി പ്രതികരണം മതിയെന്നാണ് സിപിഎം തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ 19ലും ഇടതുപക്ഷം തോറ്റു. ഇതിന് കാരണം ശബരിമല വിഷയമാണെന്നാണ് വിലയിരുത്തൽ. വിശ്വാസികൾ കൂട്ടത്തോടെ പാർട്ടിക്ക് എതിരായി. നവോത്ഥാന മതിലും ദോഷം ചെയ്തു. ഈ സാഹചര്യത്തിൽ ഇപ്പോൾ ശബരിമലിയിൽ എടുക്കുന്ന നിലപാടും പറയുന്ന വാക്കും നിയമസഭാ തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. ഈ സാഹചര്യത്തിലാണ് കരുതലോടെ സിപിഎം നീങ്ങുന്നത്. നവോത്ഥാനത്തിന് ഒപ്പം നിന്ന് വിശ്വാസികളെ തള്ളി പറയാതെ മുമ്പോട്ട് പോകാനാണ് തീരുമാനം.
സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതിനോടും മൗനം തുടരും. അത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചർച്ചയാക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം. കോടതിപരിഗണനയിലുള്ള വിഷയമായതിനാൽ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സ്വീകരിച്ചത്. ശബരിമലക്കാര്യത്തിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുംവിധം സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അടുത്തപടിയായാണ് യു.ഡി.എഫ്. പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് ഉമ്മൻ ചാണ്ടി ശബരിമലയിലേക്ക് വീണ്ടും 'കെട്ടുമുറുക്കിയത്'.
ഇടതുപക്ഷത്തേയും ബിജെപി.യേയും ഒരുമിച്ച് പ്രതിരോധത്തിലാക്കാൻ പറ്റിയ വിഷയമായാണ് യു.ഡി.എഫ്. ശബരിമല പ്രശ്നത്തെ കാണുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തിയില്ലെന്ന് യു.ഡി.എഫ്. ഓർമിപ്പിക്കുന്നു. മുൻ യു.ഡി.എഫ്. സർക്കാർ ആചാരസംരക്ഷണം ചൂണ്ടിക്കാട്ടി നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകിയതിലൂടെ എൽ.ഡി.എഫ്. സർക്കാർ സുപ്രീംകോടതിവിധി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടുന്നു.