കോട്ടയം: അധികാരത്തിലെത്തിയാൽ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിക്കുന്നത് വിശ്വാസ രാഷ്ട്രീയത്തെ അനുകൂലമാക്കാനുള്ള നീക്കം. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടതോടെ ചർച്ചകൾ പുതിയ തലത്തിൽ എത്തുകയാണ്.

ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു. ആചാരങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കും രണ്ട് കൊല്ലം തടവ് ശിക്ഷ കിട്ടും. ജാമ്യമുള്ള വകുപ്പാകും ചുമത്തുക. നിയമത്തിന്റെ പേര് ശബരിമല ഡിവോട്ടീസ് ആക്ട് 2021 എന്നാണ് കരടു നിയമത്തിന്റെ പേര്.

മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയാണ് കരട് തയ്യാറാക്കിയത്. മന്ത്രി എ.കെ. ബാലന്റെ വെല്ലുവിളി സ്വീകരിച്ച് മുൻ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎയാണു കരടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ശബരിമല അയ്യപ്പ ഡിവോട്ടീസ് (പ്രൊട്ടക്ഷൻ ഓഫ് റിലീജിയസ് റൈറ്റ്‌സ്, കസ്റ്റംസ്, ആൻഡ് യൂസേജ്‌സ്) 2021 എന്ന പേരിലുള്ള യുഡിഎഫ് കരടു നിയമത്തിലെ വ്യവസ്ഥകൾ:

  • കാലങ്ങളായി ശബരിമലയിൽ പാലിക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്കു നിയമം ബാധകം.
  • ആചാരം ലംഘിച്ചാൽ 2 വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തും.
  • ആചാരലംഘനത്തിന് മറ്റൊരാളെ പ്രേരിപ്പിക്കുന്നവർക്കും ഇതേ ശിക്ഷ.
  • ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ പരമാധികാരം തന്ത്രിക്ക്.
  • ആചാരാനുഷ്ഠാനങ്ങൾ രൂപീകരിക്കുന്നതും തന്ത്രി.
  • തന്ത്രി നിഷ്‌കർഷിക്കുന്ന ആചാരങ്ങൾ അയ്യപ്പഭക്തർ പാലിക്കണം.
  • ആചാരം പാലിക്കാതെ ശബരിമലയിൽ പ്രവേശിക്കുന്നത് അനധികൃത പ്രവേശനമാകും.
  • ആചാരാനുഷ്ഠാനങ്ങളും വ്രതവും പാലിക്കാത്തവരെ പ്രവേശിപ്പിക്കരുത്. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പാക്കണം.
  • ദേവസ്വം ബോർഡ് ഇതു സംബന്ധിച്ച് ഔദ്യോഗിക ഗസറ്റിൽ പരസ്യം നൽകണം.
  • കുറ്റം ചെയ്യുന്നവർക്ക് ജാമ്യം ലഭിക്കും.

ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതി വിധിവന്നശേഷം അടുത്ത നടപടി കൈക്കൊള്ളുമെന്ന സിപിഎമ്മിന്റെ തീരുമാനം വിശ്വാസികളെ കബളിപ്പിക്കലാണെന്നു തിരുവഞ്ചൂർ പറഞ്ഞു. വിശ്വാസസംരക്ഷണാർഥം നിയമനിർമ്മാണത്തിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ഭരണഘടന അവകാശം നൽകുന്നുണ്ട്.

ഇടതുസർക്കാരിന്റെ അപക്വ നടപടിയുടെ ഫലമാണ് പിന്നീടുണ്ടായ വിധിക്കും സംഘർഷത്തിനും കാരണമായത്. പുതിയ നിയമ നിർമ്മാണമല്ലാതെ കോടതിവിധി മറികടക്കാനാകില്ലെന്നു സർക്കാരിന് അറിയാം. എന്നാൽ, പുനഃപരിശോധനാ ഹർജിയിൽ തീരുമാനം എടുത്താൽ അതിന്റെ മറവിൽ ശബരിമലയിൽ വീണ്ടും യുവതികളെ കയറ്റാനാണ് സിപിഎം ശ്രമം. 50 കോടി രൂപ മുടക്കി വനിതാ മതിൽ നിർമ്മിച്ചവർ ഇത്തരം ഒരു നടപടി എടുക്കില്ലെന്ന് എങ്ങിനെ പറയാൻ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു.

ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവ് ശിക്ഷ വിധിക്കുന്നതാണ് നിർദിഷ്ട നിയമമെന്ന് കരട് രൂപം. ശബരിമലയുടെ ആചാരങ്ങൾ സംബന്ധിച്ച അവസാന വാക്ക് തന്ത്രിയുടേതാവും. തന്ത്രിയുടെ അനുമതിയോടെ മാത്രമേ ശബരിലയിലെ ഏതു കാര്യവും നടക്കാവൂവെന്നും കരട് നിയമത്തിൽ പറയുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്രയിൽ ഇത് പ്രധാന മുദ്രാവാക്യമായി ഇത് മാറുകയും ചെയ്തു. തുടക്കത്തിൽ വിഷയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടിലായിരുന്നു എൽഡിഎഫിനെങ്കിലും പ്രതികരിക്കാൻ അവരും നിർബന്ധിതരായി.

തുടർന്ന് ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാൻ യുഡിഎഫിനെ മന്ത്രി എ.കെ. ബാലൻ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായണ് കോൺഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ പുറത്ത് വിട്ടത്. ശബരിമലയിലെ ആചാരസംരക്ഷണം എന്നത് മുറുകെപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

അതിനിടെ ശബരിമല വിഷയത്തിൽ കോടതി വിധിയാണ് സർക്കാർ നയമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കും. ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല ഉയർത്തി എങ്ങനെയെങ്കിലും കുറച്ച് വോട്ടു പിടിക്കാനാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു.