തിരുവനന്തപുരം: ശബരിമലയിൽ ചർച്ച വേണ്ടെന്ന് നേതാക്കൾക്ക് സിപിഎം നിർദ്ദേശം. ശബരിമല ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദം പറയൽ ചർച്ചയായ സാഹചര്യത്തിലാണ് ഇത്. ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കേരളത്തിലെ സന്യാസി സമൂഹവും തീരുമാനം എടുത്തു കഴിഞ്ഞു. ഇതും ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ സിപിഎം കരുതൽ എടുക്കുന്നത്.

ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി വിശദീകരിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ഭക്തരെ കബളിപ്പിക്കാൻ തിരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ്. ജനങ്ങളെ നേരിടാൻ ജാള്യമുള്ളതിനാൽ പുതിയ മാർഗംതേടുകയാണെന്നും പന്തളം കൊട്ടാരം നിർവാഹകസമിതി പ്രതികരിച്ചു. കടകംപള്ളിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന അഭിപ്രായം സിപിഎമ്മിൽ തന്നെ സജീവമാണ്.

പന്തളം കൊട്ടാരത്തിന്റെ നിലപാട് വിശദീകരണം തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്. ആത്മാർഥതയുണ്ടെങ്കിൽ ഇനിയൊരിക്കലും ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഇടതുമുന്നണി പരസ്യപ്രഖ്യാപനം നടത്തണം. സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ ഭക്തരെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകണം. അയ്യപ്പഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞതുപോലും സർക്കാർ നടപ്പാക്കിയില്ല. മന്ത്രിയുടെ പ്രസ്താവനയെ വിശ്വാസികൾ പുച്ഛിച്ചുതള്ളുമെന്നും കൊട്ടാരം നിർവാഹകസമിതി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇനി ശബരിമലയിൽ ചർച്ച വേണ്ടെന്ന തീരുമാനം.

ശബരിമല വിഷയം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ കൈക്കൊള്ളുന്ന നിലപാടുകളെ വിലയിരുത്താനും അതുസംബന്ധിച്ചു പ്രതികരിക്കാനുമില്ലെന്ന് പറയുന്ന സന്യാസി സമൂഹം ശബരിമല വിഷയം പ്രതിഫലിക്കുമെന്നും പറയുന്നു. എന്നാൽ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ പരമാധികാരി തന്ത്രിയാണ്. ഒരു മതേതര സർക്കാർ ഒരു മത വിഭാഗത്തിന്റെ മാത്രം ആചാരാനുഷ്ഠാനങ്ങളിൽ മനഃപൂർവം ഇടപെടുന്നു എന്ന തോന്നൽ ഉണ്ടാകുന്നത് ആശാസ്യമല്ല. അത്തരം ഇടപെടലുകൾ ഉണ്ടാകുന്ന പക്ഷം അതു മതങ്ങളെ സംബന്ധിക്കുന്നതും സമഗ്രവുമാകണം. പക്ഷപാതപര സമീപനം അപലപനീയം തന്നെയാണെന്നാണ് സന്യാസി സമൂഹത്തിന്റെ നിലപാട്. മനോരമയോട് സംബോധ് ഫൗണ്ടേഷൻ പരമാചാര്യൻ സ്വാമി അധ്യാത്മാനന്ദ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല വിഷയത്തിൽ അന്നും ഇന്നും ഒരേ അഭിപ്രായമാണ് പറയുന്നത്. സന്യാസി സമൂഹത്തിനു വേണ്ടി സ്വാമി ചിദാനന്ദപുരി സംസാരിച്ചിരുന്നതിനാൽ ഇക്കാര്യത്തിൽ തുറന്ന് അഭിപ്രായ പ്രകടനം നടത്തിയില്ലെന്നു മാത്രം. സന്യാസി സമൂഹത്തിന്റെ ശബ്ദമായിരുന്നു സ്വാമി ചിദാനന്ദപുരിയുടേത്-അധ്യാത്മാനന്ദ പറയുന്നു. എൻ എസ് എസും കടകംപള്ളിയുടെ നിലപാടിനെ അംഗീകരിക്കുന്നില്ല. മന്തി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന് എൻഎസ്എസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ശബരിമല കേസിൽ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്നും എൻഎസ്എസ് ചോദിക്കുന്നു.

മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് വിശാലബെഞ്ചിന്റെ മുന്നിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടത്. ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏത് സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളു.

വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂ ഹർജി ഫയൽ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതു മാർഗവും സ്വീകരിച്ച് കോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. തുടർന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവ വികാസങ്ങൾ ഏവർക്കും അറിവുള്ളതാണെന്നും എൻഎസ്എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.