- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവോത്ഥാനവും വനിതാ മതിലും സിപിഎമ്മും മറന്നു; അയ്യപ്പനേയും ദേവഗണങ്ങളേയും കൂട്ടു പിടിച്ച് സാക്ഷാൽ പിണറായി; അർധരാത്രിയിൽ ഇരുട്ടിന്റെ മറവിൽ പിണറായി വിജയനും അസുരഗണങ്ങളും സർക്കാരിന്റെ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചത് ഓർമ്മയുണ്ടോ എന്ന് ചോദിച്ച് സുരേന്ദ്രനും; നിയമസഭയിൽ താരം 'ശബരിമല' തന്നെ
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത് ശബരിമലയിലെ വിശ്വാസ വിവാദത്തിനിടെയാണ്. പ്രചരണത്തിൽ ശബരിമലയും അന്ന് വിഷയമായി. എന്നാൽ നിയമസഭയിൽ ശബരിമല ചർച്ചയാകുന്നത് സമാനതകളില്ലാത്ത തരത്തിലാണ്. വിശ്വാസികളെ കൂടെ നിർത്തി ജയിക്കാൻ സിപിഎമ്മും കോൺഗ്രസും ബിജെപിയും മത്സരത്തിലാണ്. ലോക്‌സഭാ വോട്ടെടുപ്പിൽ സിപിഎം ഉയർത്തിയ നവോത്ഥാന മുദ്രാവാക്യം അവരും മറന്നിരുന്നു. വിശ്വാസികളുടെ കോപത്തിൽ ലോക്‌സഭയിൽ ഉണ്ടായ വമ്പൻ തോൽവിയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ വിശ്വാസമാണ് നിയമസഭാ കാലത്ത് സിപിഎമ്മിനും പ്രധാനം. അങ്ങനെ ആരാണ് നല്ല വിശ്വാസ സംരക്ഷകൻ എന്ന ചർച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം കേട്ടതും.
ശബരിമല പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി നിയമ മന്ത്രി എ കെ ബാലൻ രംഗത്ത് വരികയും ചെയ്തു. ദൈവത്തിന്റെയും ആചാരത്തിന്റെയും പേരിൽ പ്രസ്താവന ഇറക്കി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായാണ് ജി സുകുമാരൻ നായർക്കെതിരെ ഉള്ള പരാതി.മുഖ്യമന്ത്രിക്ക് അയ്യപ്പ കോപം ഉണ്ടാകും എന്നുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ ആണ് നിയമമന്ത്രിയുടെ മറ്റൊരു പരാതി. എന്നാൽ നിയമമന്ത്രിയുടെ പരാതിക്ക് വിശ്വാസികൾ മറുപടി നൽകുമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരണം നൽകിയത്. ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസം എന്ന വാക്ക് മിണ്ടാൻ പാടില്ലേ? വിശ്വാസം എങ്ങനെ സംരക്ഷിക്കണം എന്നത് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തീരുമാനിക്കുമെന്നും സുകുമാരൻ നായർ മറുപടി പറഞ്ഞു.വിരട്ടൽ വേണ്ട, വിശ്വാസം ജീവവായുവാണ്. അതിനെ തൊടാൻ ആരു ശ്രമിച്ചാലും തടയുമെന്നും സുകുമാരൻ നായർ പറഞ്ഞു.
അഞ്ചുവർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ ഇടത് സർക്കാരിനെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി വിധിയെഴുതാൻ പോകുന്ന തിരഞ്ഞെടുപ്പായാണ് തങ്ങൾ ഇതിനെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത ഉണ്ടായ കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയർന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാനുള്ളത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവ കോപത്തെയും ചെന്നിത്തല പ്രതീക്ഷയോടെ കാണുന്നു.
ഏതായാലും ശബരിമല തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ താരം. സുകുമാരൻ നായർ തുടങ്ങി വച്ചത് പിണറായി ഏറ്റെടുത്തു. ഇതോടെ എല്ലാം കത്തിക്കയറി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാപ്പു പറച്ചിലിനും അപ്പുറത്തേക്ക് കാര്യങ്ങൾ പോയി. സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ധർമടത്തെ പിണറായിയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാനവും നവോത്ഥാന മതിലും കെട്ടാൻ കൂടെ നിന്നവരെ മുഖ്യമന്ത്രി മറന്നിരിക്കുന്നുവെന്ന് സാരം. ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എഴുതി വായിച്ച പ്രസ്താവനയാണ് പിണറായി നടത്തിയത്. അതുകൊണ്ട് തന്നെ വിശ്വാസികളെ അനുകൂമാക്കാൻ പിണറായി ബോധപ്പൂർവ്വം നടത്തിയെന്ന് വ്യക്തം.
എകെ ആന്റണി അടക്കമുള്ളവർ ഈ നിലപാടിനെ ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ചു ബോധമുണ്ടായല്ലോയെന്നും ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് മാപ്പ് പറയണമെന്നും ആന്റണി ആവശ്യപ്പെട്ടു. സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരേ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തു വന്നു. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് പിണറായി നൽകിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി ശബരിമലയിൽ യുടേൺ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാർത്ഥ എന്തെന്ന് ജനങ്ങൾക്കറിയാം. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാരിനെതിരെ വേറൊന്നും ഉന്നയിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ശബരിമല വിഷയം ഇപ്പോഴും പറയുന്നതെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിക്കുന്നത്. എല്ലാ വിശ്വാസവും സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരുന്നതെന്നും കാനം പറഞ്ഞു. ഇതോടെ സിപിഐയും വിശ്വാസികൾക്കൊപ്പമായി. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗർബല്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും പറഞ്ഞു. ബിജെപി മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണ്. ശബരിമല പ്രതിഷേധത്തിൽ ജയിലിൽ കിടന്ന നേതാവാണ് സുരേന്ദ്രൻ.
മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുർബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർത്തത്. ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ സംവിധാനങ്ങളാണ് ഒരുക്കിയത്. അവിശ്വാസികളായ സംഘത്തെ സർക്കാരിന്റെ സംവിധാനങ്ങളുപയോഗിച്ചാണ് ശബരിമലയിൽ പ്രവേശിപ്പിച്ചത്. ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ പൊലീസ് സർക്കാർ ആംബുലൻസിലാണ് ശബരിമലയിലേക്ക് യുവതികളെ കയറ്റിയത്.
അർധരാത്രിയിൽ ഇരുട്ടിന്റെ മറവിൽ പിണറായി വിജയനും അസുരഗണങ്ങളും ചേർന്ന് സർക്കാരിന്റെ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചു. എന്നിട്ട് അന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പറഞ്ഞു. ഇതാ രണ്ടുപേർ കയറിക്കഴിഞ്ഞു വേണമെങ്കിൽ ഒരു ഹർത്താൽ കൂടി നടത്തിക്കൊള്ളൂവെന്ന്. ഇതൊന്നും ജനങ്ങൾ മറന്നിട്ടില്ല. ഇപ്പോൾ ദേവഗണങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞാൽ അത് ജനങ്ങളും വിശ്വാസികളും മുഖവിലയ്ക്കെടുക്കില്ല. അസുരന്മാർ ചെയ്യുന്ന പണിയാണ് പിണറായി വിജയൻ ചെയ്തത്. ഏറ്റവും വലിയ അസുരനായ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേർന്ന് ശബരിമലയിൽ നടത്തിയ നീചമായ അതിക്രമങ്ങൾ വോട്ടർമാർ വീണ്ടും ഓർമിക്കുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഇപ്പോൾ മലക്കം മറിച്ചിലിന് തയ്യാറായിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ