ശബരിമല: വിഷുപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റിയാണ് നട തുറന്ന് ദീപം തെളിയിച്ചത്.

14-ന് പുലർച്ചെ അഞ്ചിനാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ച ശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശിക്കാനുള്ള അവസരം നൽകുക. ഞായറാഴ്‌ച്ച പുലർച്ചെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക.

നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ തുടങ്ങിയവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും. 18 -ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 10,000 പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന് അനുമതി.

രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് ദർശനത്തിനെത്താം. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ. ടി. പി.സി. ആർ. പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച വൈകിട്ട് ദർശനത്തിനായി എത്തും