കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമലയെ മുഖ്യ 'പ്രചാരണ' തന്ത്രമാക്കിയവർ പക്ഷെ ശബരിമലയുടെ വികസനത്തിൽ സ്വീകരിക്കുന്നത് 'മെല്ലെപോക്ക്' നയം.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ 2016-17 ൽ ആരംഭിച്ച ശബരിമല-എരുമേലി- പമ്പ-സന്നിധാനം പൈതൃക ടൂറിസം പദ്ധതിക്ക് കേന്ദ്ര സർക്കാർ 99.98 കോടി രൂപയുടെ ഭരണാനുമതി നൽകിയെങ്കിലും കേരളത്തിന് ഇത് വരെ നൽകിയത് 19.99 കോടി രൂപ മാത്രമെന്നു വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നൽകിയ മറുപടി പ്രകാരം 19.70 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചു.15.35 ശതമാനമാണ് പദ്ധതിയുടെ പുരോഗതി.

അതെ സമയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല പൈതൃക ടൂറിസം പദ്ധതിക്ക് കേന്ദ്ര സർക്കാർ 92.21 കോടി രൂപയുടെ അനുമതി നൽകി. ഇതിൽ 73.77 കോടി രൂപ സംസ്ഥാനത്തിന് നൽകിയെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിൽ പറയുന്നു. 58.76 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചു. 82 ശതമാനമാണ് പദ്ധതിയുടെ പുരോഗതി.

ശബരിമലയുടെ വികസനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകുന്നില്ല. ആചാര, വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ വോട്ട് ബാങ്ക് മാത്രമായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം. തീർത്ഥാടന കേന്ദ്രമായ ശബരിമലയ്ക്ക് വികസനത്തിൽ അർഹമായ സ്ഥാനം നൽകാനോ, പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാനോ നടപടിയെടുക്കുന്നില്ല ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.