പത്തനംതിട്ട: ബക്രീദ് ആഘോഷങ്ങൾക്കായി ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇന്നലെ ശബരിമലയിലും സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കർക്കടക മാസ പൂജകൾക്കായി ശബരിമലയിൽ പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശിക്കാം എന്നതാണ് ഇളവ്. നേരത്തെ അയ്യായിരം പേർക്കായിരുന്നു പ്രതിദിന ദർശനത്തിന് അനുമതി.

ക്ഷേത്രനട തുറന്നിരിക്കുന്ന ജൂലായ് 21 വരെയാണ് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്. വെർച്വൽ ക്യൂ ബുക്കിങ് വഴിയാണ് പ്രവേശനം. ദർശനത്തിന് എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ രണ്ട് പ്രതിരോധ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ കൈയിൽ കരുതണം.

ബക്രീദ് ഇളവുകൾക്ക് വിമർശനം ഉയരുമ്പോൾ തന്നെയാണ് ഇപ്പോഴത്തെ മറ്റിളവുകളും. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ കർക്കിടക മാസ പൂജകൾക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

ശബരിമല കർക്കിടക മാസപൂജ തീർത്ഥാടനത്തിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു. കർക്കിടക മാസപൂജയ്ക്കുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. വെർച്വൽ ക്യു സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. നിർദേശങ്ങൾ പാലിച്ച് പ്രതിരോധ പ്രവർത്തികൾ സ്വീകരിച്ചും ആരോഗ്യ പൂർണമായ തീർത്ഥാടനം ഉറപ്പു വരുത്താൻ സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദിവസവും പതിനായിരം പേർക്കാണ് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾക്കും സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

കർക്കിടക മാസപൂജയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടപടികൾ പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ. ഷീജ പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർ തീർത്ഥാടനം ഒഴിവാക്കേണ്ടതാണ്. തീർത്ഥാടന സമയത്ത് മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുകയും, സുരക്ഷിതമായ ശാരീരിക അകലം പാലിക്കുകയും വേണം. ഹോട്ടലുകളിലും, കടകളിലും കൗണ്ടറുകളിലും തിരക്ക് കൂട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കിടെ സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.

എന്തെങ്കിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്ള സർക്കാർ ആശുപത്രികളിലെത്തി ചികിത്സ തേടുക. സ്രവ പരിശോധനയിൽ കോവിഡ് രോഗബാധിതരാണെന്ന് വ്യക്തമായാൽ പെരുനാട് സിഎഫ്എൽടിസിയിലോ രോഗതീവ്രതനുസരിച്ച് ആരോഗവകുപ്പ് നിർദേശിക്കുന്ന മറ്റ് സ്ഥാപനങ്ങളിലേക്കോ മാറ്റും. നിലയ്ക്കൽ, പമ്പ, സന്നിധാനം ആശുപത്രികളിൽ രണ്ടുവീതം ഡോക്ടർമാർ, നഴ്‌സ്, അറ്റൻഡർമാർ, ഓരോ ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ എന്നിവരെ നിയമിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പമ്പയിൽ വെന്റിലേറ്റർ സംവിധാനവും പമ്പയിലും സന്നിധാനത്തും ഓക്‌സിജൻ ലഭ്യതയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പമ്പയിൽ രണ്ട് ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ട്.

സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ് ഉൾപ്പെടെയുള്ള കൊതുക് നിയന്ത്രണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കോവിഡ് രോഗ വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ തീർത്ഥാടകർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തീർത്ഥാടനമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. പമ്പയിൽ നിന്ന് തീർത്ഥാടകർക്ക് കുടിവെള്ളം കുപ്പിയിൽ നൽകും. രണ്ട് സ്ഥലങ്ങളിൽ വെള്ളം നിറയ്ക്കുന്നതിന് സൗകര്യം ഒരുക്കും. 40 സ്ഥലങ്ങളിൽ കൈകൾ ശുചിയാക്കുന്നതിന് സാനിറ്റൈസർ സൗകര്യം ലഭ്യമാക്കും. വലിയ നടപ്പന്തലിലും പതിനെട്ടാം പടിയിലും കാലുകൾ ശുചീകരിക്കുന്നതിന് സൗകര്യം ലഭ്യമാക്കും. 340 ശുചിമുറികൾ സജ്ജമാക്കിയിട്ടുണ്ട്. തിരുമുറ്റവും നടപ്പന്തലും കൃത്യസമയത്ത് ശുചീകരിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ ശുചീകരണ തൊഴിലാളികളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയോഗിക്കും.

ഡ്യൂട്ടിക്കായി എത്തുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ താമസ സൗകര്യവും, ഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ്
ക്രമീകരിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ മാസ്‌ക് നിക്ഷേപിക്കുന്നതിനായി ദേവസ്വം ബോർഡ് ബിന്നുകൾ സ്ഥാപിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, എന്നിവിടങ്ങളിൽ അഗ്‌നിശമനസേന തീയണക്കാനും രക്ഷാപ്രവർത്തനത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്കായി കെഎസ്ആർടിസിയുടെ സർവീസ് വ്യാഴാഴ്ച തുടങ്ങി. നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ചെയിൻ സർവീസ് നടത്തുന്നതിന് 15 ബസുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം സ്‌ട്രെച്ചർ സർവീസ്, ഓക്‌സിജൻ പാർലർ, ശുചീകരണം എന്നിവയ്ക്കായി 35 വോളന്റിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം അന്നദാനം നടത്തും. ഒരു ആംബുലൻസും അയ്യപ്പസേവാ സംഘം സജ്ജമാക്കിയിട്ടുണ്ട്. വനം വകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കും. പമ്പയിൽനിന്നും സന്നിധാനത്തേക്കും തിരിച്ചും തീർത്ഥാടകർക്ക് സഞ്ചരിക്കുന്നതിനുള്ള സുരക്ഷ വനം വകുപ്പ് ഉറപ്പാക്കും.

പമ്പയിലും പരിസരപ്രദേശങ്ങളിലും കടകൾ എല്ലാ ദിവസവും തുറക്കാം

കർക്കിടമാസ പൂജകൾക്കായി ശബരിമല നടതുറക്കുന്നതിനോടനുബന്ധിച്ച് വടശേരിക്കര, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നട അടയ്ക്കുന്നതുവരെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തീർത്ഥാടകർ ഒരുമിച്ചിരുന്ന് ഭക്ഷണം, പ്രസാദം എന്നിവ കഴിക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ്, അയ്യപ്പ സേവാ സംഘം എന്നിവർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എ.എൽ ഷീജ പറഞ്ഞു.