കൊച്ചി: ആധികാരിക ശബരിമല രേഖയെന്ന പേരിൽ മോൻസൻ മോവുങ്കൽ പ്രചരിപ്പിച്ച ചെപ്പേടിലെ വിവരങ്ങൾ അവകാശവാദത്തിനു നിരക്കാത്തതെങ്കിൽ കേസ് എടുക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ. രേഖയുടെ ആധികാരികത പരിശോധിക്കണമെന്നു പന്തളം കൊട്ടാരം ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യാജരേഖ പ്രചരിപ്പിച്ചു ഹിന്ദുക്കൾക്കിടയിൽ ജാതീയ സ്പർധ സൃഷ്ടിക്കാനുള്ള ശ്രമമാണു നടന്നതെന്നും ഇതന്വേഷിച്ചു സത്യം പുറത്തു കൊണ്ടു വരണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും പരാതി ലഭിച്ചിട്ടുണ്ട്. ശങ്കു ടി ദാസാണ് പരാതിക്കാരൻ.

24 ന്യൂസാണ് ഈ വാർത്ത നൽകിയത്. ചെമ്പോല ഉയർത്തിക്കാട്ടുന്നത് സഹീൻ ആന്റണിയാണ്. വാർത്തയിൽ എവിടേയും മോൻസൺ മാവുങ്കൽ ഇത് തന്റെ ശേഖരത്തിൽ ഉള്ളതാണെന്ന് അവകാശപ്പെട്ടിട്ടില്ല. റിപ്പോർട്ടറാണ് അങ്ങനെ പറയുന്നത്. ഈ സാഹചര്യത്തിൽ മോൻസണെ ഈ കേസിൽ പ്രതിയാക്കാൻ കഴിയുമോ എന്ന ചർച്ചയും സജീവമാണ്. തൽക്കാലം ശബരിമല കേസ് പൊലീസ് ഓപ്പൺ ചെയ്യില്ല. കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന് കിട്ടിയ നിർദ്ദേശം. 24 ന്യൂസിനെ പ്രതിയാക്കി കേസും എടുക്കില്ല. കോടതി നിർദ്ദേശം ഉണ്ടെങ്കിൽ മാത്രം ഇതു മതിയെന്നാണ് സർക്കാർ നിലപാട്. ദേശാഭിമാനിയും ഇതേ വാർത്ത നൽകിയ സാഹചര്യത്തിൽ കൂടിയാണ് ഇത്.

350ലേറെ വർഷം പഴക്കം അവകാശപ്പെടുന്ന രേഖ ഉദ്ധരിച്ച് ശബരിമല ദ്രാവിഡ ആരാധനാലയമായിരുന്നെന്നും യുവതീപ്രവേശനത്തിന് വിലക്കില്ലെന്നും 2018 ഡിസംബറിൽ പാർട്ടി പത്രത്തിലും 24 ന്യൂസ് ചാനലുകളിലും വാർത്ത വന്നു. ചീരപ്പൻചിറ ഈഴവകുടുംബത്തിനും മലയരയ സമുദായത്തിനും ക്ഷേത്രാചാരങ്ങളിൽ അധികാരമുണ്ടെന്നും പറഞ്ഞിരുന്നു. മോൻസന്റെ ശേഖരത്തിലുള്ളത് പന്തളം കൊട്ടാരത്തിന്റെ തീട്ടൂരമെന്ന് പരാമർശിച്ചായിരുന്നു ഇത്. ചരിത്രകാരനായ ഡോ.എം.ആർ.രാഘവവാര്യർ അഭിപ്രായം പറയുകയും ചെയ്തു.

തന്നെ കാണിച്ച ചെമ്പുതകിടിലുള്ള രേഖയുടെ ആധികാരികത പരിശോധിക്കപ്പെട്ടതല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ ചെമ്പോല വ്യാജമാണെന്ന് കണ്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് പന്തളം രാജകുടുംബവും അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശങ്കു ടി ദാസ് പരാതി നൽകിയത്. എന്നാൽ ഇതുവരേയും പൊലീസ് എഫ് ഐ ആർ ഇട്ടിട്ടില്ല. ഉന്നത നിർദ്ദേശത്തെ തുടർന്നാണ് ഇതെന്നാണ് സൂചന. അതിനിടെ പുതിയ വെളിപ്പെടുത്തലുകളും ചെമ്പോലയിൽ എത്തുന്നുണ്ട്.

ശബരിമലയിലെ അവകാശത്തർക്കം സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വവും അയ്യപ്പനെ കളരിമുറകൾ അഭ്യസിപ്പിച്ച ചീരപ്പൻചിറ കുടുംബക്കാരും തമ്മിൽ നടന്ന വ്യവഹാരത്തിൽ ഹൈക്കോടതിയിൽ ഒരു ചെമ്പോല തെളിവായി എത്തിയിരുന്നു. 1960കളിലും എഴുപതുകളുടെ ആദ്യവുമായിരുന്നു കോടതി വ്യവഹാരം. അന്ന് ഹാജരാക്കപ്പെട്ട ചെമ്പോലയും ഇപ്പോൾ ദേശാഭിമാനിയും 24 ന്യൂസും ശബരിമലയുടെ അവകാശം സംബന്ധിച്ച് തെളിവായി അവതരിപ്പിച്ച ചെമ്പോലയും ഒന്നു തന്നെയാണോ എന്ന് സംശയം ചിലർ ഉയർത്തുന്നുണ്ട്.

ശബരിമലയിലെ അനുഷ്ഠാനങ്ങളുടെ യഥാർത്ഥ അവകാശികളെ സംബന്ധിച്ച് പന്തളം രാജകുടുംബത്തിന്റേതെന്ന പേരിൽ മോൻസൺ മാവുങ്കലിൽ നിന്ന് ലഭിച്ച, മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ചൊമ്പോല പ്രമാണം മുൻനിർത്തി ദേശാഭിമാനി 2018ൽ നല്കിയ വാർത്തയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അതേ ചെമ്പോല തന്നെയാണോ അരനൂറ്റാണ്ട് മുമ്പ് ഹൈക്കോടതിയിൽ എത്തിയ ചെമ്പോല എന്ന സംശയമാണ് ഉയരുന്നത്. അന്ന് ഹാജരാക്കിയ ചെമ്പോല വ്യാജമാണെന്ന് അത് പരിശോധിച്ച എപ്പിഗ്രാഫിസ്റ്റും ഭാഷാപണ്ഡിതനുമായ വി.ആർ. പരമേശ്വരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.

ചരിത്രകാരനായ പ്രൊഫ. എ. ശ്രീധരമേനോനെയും വി.ആർ. പരമേശ്വരൻ പിള്ളയെയുമായിരുന്നു ചെമ്പോലയുടെ ആധികാരികത പരിശോധിക്കാൻ നിയോഗിച്ചിരുന്നത്. ചെമ്പോല വ്യാജമായിരുന്നു എന്ന ഇവരുടെ കണ്ടെത്തൽ സംബന്ധിച്ച് അക്കാലത്തെ പത്രങ്ങളിലൂടെ നാടൻകലാ ഗവേഷകനായ സി.എം.എസ് ചന്തേര പ്രതികരിച്ചിരുന്നതായി ചന്തേരയുടെ മകൻ ഡോ. സഞ്ജീവൻ അഴീക്കോട് ഫെയ്‌സ് ബുക്കിൽ എഴുതുന്നു.

ആ ചെമ്പോല നിർമ്മിച്ചത് ആരാണെന്ന് പുരാവസ്തു ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷൺ ഒരിക്കൽ പരേമേശ്വരൻ പിള്ളയോട് ചോദിച്ചപ്പോൾ വട്ടെഴുത്തിൽ വിദഗ്ധനായ ഒരാളുടെ പേര് അദ്ദേഹം പറഞ്ഞെന്നും ഡോ. സഞ്ജീവൻ വിശദീകരിക്കുന്നു.പതിറ്റാണ്ടുകൾക്ക് ശേഷം ദേശാഭിമാനിയും 24 ന്യൂസും വാർത്തയിൽ ഉദ്ധരിച്ച ചെമ്പോല ഇതു തന്നെയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഡോ. സഞ്ജീവൻ ആവശ്യപ്പെടുന്നു.

പുരാതന രേഖകളും പുരാവസ്തുക്കളും വ്യാജമായി നിർമ്മിക്കുകയും അത് കോടതി വ്യവഹാരങ്ങളിലും മറ്റും ഹാജരാക്കുന്നതും പതിറ്റാണ്ടുകൾക്ക് മുമ്പേ നടന്നിരുന്ന കാര്യമാണ്. മോൻസണിൽ നിന്ന് ലഭിച്ച ചെമ്പോല സംസ്ഥാന സർക്കാർ ശബരിമല വിഷയത്തിൽ കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കുകയും പരാമർശിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ആ ചെമ്പോല അറുപതുകളിൽ നിർമ്മിച്ച വ്യാജ ചെമ്പോലതന്നെയാണെന്ന് തെളിയുന്ന പക്ഷം സംസ്ഥാന സർക്കാരും വെട്ടിലാകും.