തിരുവനന്തപുരം: ഇനി ശബരിമലയിൽ വെർച്യൂൽ ക്യൂവിൽ ബുക്ക് ചെയ്യാതെ അയ്യപ്പ ദർശനത്തിന് ആരേയും അനുവദിക്കില്ലെന്ന് സൂചന. ഭക്തരെ പ്രവേശിപ്പിക്കുന്നതിന് എല്ലാ കാലത്തും വെർച്യൂൽ ക്യൂ നടപ്പിലാക്കാനാണ് നീക്കം. ഇതിന്റെ സൂചനകൾ ഇന്നലത്തെ ശബരിമല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. വെർച്യുൽ ക്യൂവിൽ അല്ലാതേയും ഭക്തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം പലകോണിൽ നിന്നും ഉയർന്നിരുന്നു. അതിനെ പിണറായി തള്ളിക്കളഞ്ഞു. ശബരിമലയിൽ എത്തുന്നവരുടെ വിവര ശേഖരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചിലരൊക്കെ പല കേന്ദ്രങ്ങളിൽ ഇരുന്ന് പലതും പറയും. എന്നാൽ വെർച്യൂൽ ക്യൂ മാറ്റുന്ന പ്രശ്‌നമേ ഇല്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ആരൊക്കെ വരുന്നു എന്ന് അറിയേണ്ടതുണ്ട്. ഡാറ്റ അനിവാര്യമാണ്. പൊലീസിന്റെ കൈയിൽ അതെല്ലാം ഇരുന്നോട്ടെ എന്നായിരുന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞത്. പന്തളം രാജകുടുംബ പ്രതിനിധികളെ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ശബരിമലയിൽ മറ്റാരും ഇടപെടേണ്ടതില്ലെന്ന സന്ദേശം നൽകുക കൂടിയായിരുന്നു ഇതിലൂടെ മുഖ്യമന്ത്രി.

കോവിഡ് ഭീഷണി മാറിയാലും വെർച്യുൽ ക്യൂ തുടരുമെന്ന സൂചനയാണ് പിണറായിയുടെ വാക്കുകളിലുള്ളത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരകാലത്തു തന്നെ വെർച്യൂൽ ക്യൂവിലൂടെ മാത്രം ദർശനമെന്ന മോഡൽ ഇടതു സർക്കാർ ചർച്ചയാക്കി. ഇതിനെ ഹൈന്ദവ സംഘടനകൾ എതിർത്തു. ഇതാണ് കോവിഡ് കാലത്ത് ആരോഗ്യ പ്രോട്ടോകോൾ മറവിൽ നടപ്പാക്കിയത്. പൊലീസിന് ഇതിലൂടെ കൂടുതൽ ഇടപെടലുകൾക്ക് അധികാരവും അവകാശവും ലഭിക്കും. ദർശനത്തിന് എത്തുന്ന എല്ലാവരേയും നിരീക്ഷിക്കാൻ കൂടിയാണ് ഈ സംവിധാനം.

പൊലീസിലെ ഐടി വിഭാഗമാണ് വെർച്യൂൽ ക്യൂ ഒരുക്കുന്നത്. ദേവസ്വം ബോർഡ് ഇതു ചെയ്യാമെന്ന് പറഞ്ഞെങ്കിലും സർക്കാർ അനുവദിച്ചില്ല. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ മാത്രം ദേവസം ബോർഡ് ശ്രദ്ധിച്ചാൽ മതിയെന്നാണ് സർക്കാരിന്റെ നിലപാട്. ഈ സീസണിൽ ദിവസവും 25,000 പേർക്ക് ദർശനം അനുവദിക്കാനാണ് തീരുമാനം. ഇത് മുഴുവൻ വെർച്യുൽ ക്യൂവിലൂടെ ആകും. ഇതോടെ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് ദർശനം അപ്രാപ്യമാകും. ശബരിമലയിൽ താമസത്തിനും ഭക്തർക്ക് അവസരമുണ്ടാകില്ല. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന് വേണ്ടിയാണ് ഇത്. ഇത് ദേവസ്വം ബോർഡിന്റെ വരുമാനം കുറയ്ക്കുമെന്ന ആശങ്കയും ശക്തമാണ്.

ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000പേരെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചത്. എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക.

അഭിഷേകം ചെയ്ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വം ബോർഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദർശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത,പുൽമേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർത്ഥാടകരെ അനുവദിക്കില്ല. നെയ്യഭിഷേകത്തിനുള്ള തേങ്ങ ദേവസ്വം ബോർഡ് നേരിട്ട് വാങ്ങും. ഇതിനൊപ്പം പ്രസാദവും നൽകും.

പമ്പയിൽ സ്‌നാനത്തിന് അനുമതി നൽകും. വാഹനങ്ങൾ നിലക്കൽ വരെ മാത്രമേ അനുവദിക്കുള്ളൂ. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉപയോഗിക്കണം. അതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റോപ്പുകളിൽ മതിയായ ശൗചാലയങ്ങൾ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം. കോവിഡ്മുക്തരിൽ അനുബന്ധരോഗങ്ങൾ ഉള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദർശനത്തിന് വരാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ,ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്,വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ,പ്രമോദ് നാരായൺ,ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ,വിവിധ വകുപ്പ് സെക്രട്ടറിമാർ,ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ദേവസ്വം ബോർഡ് ചെയർമാൻ എൻ. വാസു, റെയിൽവേ - ബി.എസ്.എൻ.എൽ അധികൃതർ, ബന്ധപ്പെട്ട മുൻസിപാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധികൃതർ,അയ്യപ്പസേവാ സംഘം,പന്തളം രാജകൊട്ടാരം നിർവ്വാഹക സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.