ശബരിമല: തുലാമാസപൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു. ശനിയാഴ്‌ച്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് ദീപംതെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നുമുണ്ടായില്ല. ഇന്ന് രാവിലെയാണ് മേൽശാന്തി നറുക്കെടുപ്പ്. ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പാണ് ആദ്യം നടക്കുക.

അന്തിമപട്ടികയിൽ ഉൾപ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജിച്ചശേഷമാണ് നറുക്കെടുക്കുന്നത്.ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽനിന്നുള്ള ഗോവിന്ദ് വർമയും നിരഞ്ജൻ ആർ.വർമയും മലകയറി. കുട്ടികൾക്കൊപ്പം കൊട്ടാരം നിർവാഹക സംഘം ഭാരവാഹി ഹരിദാസ് വർമ, മുൻ രാജപ്രതിനിധിയും ഗോവിന്ദ് വർമയുടെ മുത്തച്ഛനുമായ കെ.കേരളവർമ, നിരഞ്ജന്റെ അച്ഛൻ രാജേഷ് വർമ എന്നിവരും ശബരിമലയിലേക്ക് തിരിച്ചു.

പന്തളംകൊട്ടാരം വലിയതമ്പുരാൻ രേവതിനാൾ പി.രാമവർമരാജയും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളുംചേർന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരുവർഷക്കാലം മേൽശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് ഞായറാഴ്ച രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്. ശബരിമല മേൽശാന്തിയെ ഗോവിന്ദ് വർമയും മാളികപ്പുറം മേൽശാന്തിയെ നിരഞ്ജൻ ആർ.വർമയും നറുക്കെടുക്കും.

ശനിയാഴ്ച രാവിലെ കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്കുമുൻപിൽ കൈപ്പുഴ ശിവക്ഷേത്രം മേൽശാന്തി കേശവൻപോറ്റിയും കെ.കേരളവർമയും ചേർന്ന് കുട്ടികളുടെ കെട്ടുനിറച്ചു. പന്തളം വലിയതമ്പുരാട്ടി തന്വംഗിത്തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങി. 12-ന് കൊട്ടാരത്തിൽനിന്നിറങ്ങി വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ ദർശനം നടത്തിയ കുട്ടികളെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എം.ഗോപകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാൽ, തിരുവാഭരണ പേടക വാഹകസംഘാംഗം കിഴക്കേ തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ എന്നിവർ സ്വീകരിച്ചു. ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് മണികണ്ഠനാൽത്തറയിലെത്തിയ കുട്ടികളെ അയ്യപ്പസേവാസംഘം 344-ാംനമ്പർ ശാഖാ ഭാരവാഹികൾ സ്വീകരിച്ചു.

കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ, ട്രഷറർ ദീപാ വർമ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.