പത്തനംതിട്ട: തുലാമാസ പൂജകൾക്കുശേഷം ശബരിമല ക്ഷേത്രനട വ്യാഴാഴ്ച അടച്ചു. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരായ എൻ പരമേശ്വരൻ നമ്പൂതിരിയും കുറവക്കാട് ഇല്ലത്ത് ശംഭുനമ്പൂതിരിയും ദർശനം നടത്തി. രാവിലെ ഒൻപതോടെ സന്നിധാനത്തെത്തിയ ഇവർ ഉച്ചപൂജ തൊഴുത് മടങ്ങി.

പ്രതികൂല കാലാവസ്ഥ മൂലം തീർത്ഥാടകരെ പ്രവേശിപ്പിക്കാതെയാണ് ഇക്കുറി തുലാമാസ പൂജകൾ പൂർത്തിയാക്കിയത്. ചിത്തിര ആട്ടവിശേഷത്തിനായി നവംബർ രണ്ടിന് വൈകിട്ട് വീണ്ടും നട തുറക്കും. മൂന്നിനാണ് ആട്ട ചിത്തിര. അന്ന് പ്രത്യേക പൂജകൾ പൂർത്തിയാക്കി രാത്രി നട അടയ്ക്കും. തുടർന്ന് മണ്ഡലം മകരവിളക്ക് ഉൽസവത്തിനായി 15 ന് വൈകിട്ട് നട തുറക്കും. പുതിയ മേൽശാന്തിമാർ അന്ന് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ എത്തി ആചാരപരമായ ചടങ്ങുകൾക്കു ശേഷം മേൽശാന്തിമാരായി ചുമതലയേൽക്കും. 16ന് ശബരിമല, -മാളികപ്പുറം നടകൾ തുറക്കുന്നത് ഇവരായിരിക്കും.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവകാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താൽക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഈ റേഞ്ച് ഓഫീസ് പരിധികൾ മദ്യനിരോധന മേഖലയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നവംബർ 16നാണ് മകരവിളക്ക് മഹോത്സവം ആരംഭിക്കുക.