- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടനം: പൊലീസ് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി; സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചു
തിരുവനന്തപുരം: ഇക്കൊല്ലത്തെ മണ്ഡല - മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കർശനസുരക്ഷ ഏർപ്പെടുത്തുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.
ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോർഡിനേറ്റർ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് ആയിരിക്കും. ദക്ഷിണമേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി ജോയിന്റ് പൊലീസ് കോർഡിനേറ്ററാണ്. സായുധ പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോരി സഞ്ജയ് കുമാർ ഗുരുഡിൻ എന്നിവരാണ് അഡീഷണൽ പൊലീസ് കോർഡിനേറ്റർമാർ.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 15 മുതൽ 30 വരെയുള്ള ആദ്യഘട്ടത്തിൽ കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പി പ്രേംകുമാർ ആണ് സന്നിധാനത്തെ പൊലീസ് കൺട്രോളർ. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌പി കെ.സലിം നിലയ്ക്കലും പൊലീസ് കൺട്രോളർമാർ ആയിരിക്കും.
നവംബർ 30 മുതൽ ഡിസംബർ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിൽ സന്നിധാനത്തും പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എ.ഐ.ജി ആനന്ദ് ആർ പമ്പയിലും ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടർ എസ്‌പി കെ.വി മഹേഷ്ദാസ് നിലയ്ക്കലും പൊലീസ് കൺട്രോളർമാരുടെ ചുമതല വഹിക്കും.
മൂന്നാം ഘട്ടം ഡിസംബർ 14 മുതൽ 26 വരെയാണ്. ഇക്കാലയളവിൽ ആലപ്പുഴ ക്രൈംബാഞ്ച് എസ്‌പി പ്രശാന്തൻ കാണി.കെ.ബി സന്നിധാനത്തും നെടുമങ്ങാട് എ.എസ്‌പി രാജ്പ്രസാദ് പമ്പയിലും പൊലീസ് കൺട്രോളർമാരായിരിക്കും. നിലയ്ക്കലിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി എം.ജെ.സോജൻ ആണ് പൊലീസ് കൺട്രോളർ.
ഡിസംബർ 29 മുതൽ ജനുവരി ഒൻപതുവരെയുള്ള നാലാം ഘട്ടത്തിൽ സ്‌പെഷ്യൽ സെൽ എസ്‌പി ബി. കൃഷ്ണകുമാർ സന്നിധാനത്തും തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പി ബിജുമോൻ.ഇ.എസ് പമ്പയിലും ടെലിക്കമ്മ്യൂണിക്കേഷൻ എസ്‌പി ആമോസ് മാമ്മൻ നിലയ്ക്കലും പൊലീസ് കൺട്രോളർമാരാകും.
ജനുവരി ഒമ്പത് മുതൽ 20 വരെയുള്ള അഞ്ചാം ഘട്ടത്തിൽ എസ്.എ.പി കമാണ്ടന്റ് അജിത് കുമാർ.ബി ആണ് സന്നിധാനത്തെ പൊലീസ് കൺട്രോളർ. ഇടുക്കി ക്രൈംബ്രാഞ്ച് എസ്‌പി കുര്യാക്കോസ്.വി.യു, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജോൺകുട്ടി.കെ.എൽ എന്നിവർ യഥാക്രമം പമ്പയിലും നിലയ്ക്കലും പൊലീസ് കൺട്രോളർമാരായിരിക്കും.
പത്തനംതിട്ട എസ്‌പി ആർ.നിശാന്തിനിയെ ശബരിമല സ്‌പെഷ്യൽ ലയിസൺ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എസ്‌പി ഡോ.ദിവ്യ.വി.ഗോപിനാഥിനാണ് വിർച്യുൽ ക്യുവിന്റെ ചുമതല.