- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം; ഭക്തർക്ക് പ്രവേശനം നാളെ പുലർച്ചെ മുതൽ; കനത്ത മഴയെത്തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം; പമ്പ സ്‌നാനം അനുവദിക്കില്ല; നിലയ്ക്കലിലെ സ്‌പോട്ട് ബുക്കിങ്ങ് നിർത്തി
ശബരിമല: മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു തുറക്കും. തീർത്ഥാടകർ വൃശ്ചികം ഒന്നായ നാളെ മുതൽ ഇരുമുടിയേന്തി മല കയറും. നാളെ പുലർച്ചെ 5നു നട തുറക്കുമ്പോൾ മുതൽ ദർശനത്തിനായി തീർത്ഥാടകരെ നിലയ്ക്കലിൽ നിന്നു കടത്തി വിടും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ അടുത്ത 34 ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിർദേശമുണ്ട്. നിലയ്ക്കലിൽ ഏർപ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് നിർത്തും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മഴ ശക്തമായതോടെ പമ്പ ത്രിവേണിയിൽ ആറാട്ടു കടവ് ഭാഗത്തു വെള്ളം കയറി. ഇന്നു വൈകിട്ട് 5നു മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറക്കും. തുടർന്നു പുതിയ മേൽശാന്തിമാരായ കളീക്കൽ മഠത്തിൽ എൻ.പരമേശ്വരൻ നമ്പൂതിരി (ശബരിമല) , കുറവക്കോട്ട് ഇല്ലത്ത് ശംഭു നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ സോപാനത്തിൽ കലശം പൂജിച്ച് പരമേശ്വരൻ നമ്പൂതിരിയെ അഭിഷേകം ചെയ്തു ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ഉപദേശിക്കും. തുടർന്നു മാളികപ്പുറത്തു നടക്കുന്ന ചടങ്ങിൽ ശംഭു നമ്പൂതിരിയെ അവരോധിക്കും.
മറുനാടന് മലയാളി ബ്യൂറോ