ശബരിമല: സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ വേണ്ടത്ര കടകളില്ലാത്ത പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിൽ ദേവസ്വംബോർഡ് മുമ്പോട്ട് പോകുമ്പോഴും അട്ടിമറിക്ക് കട നടത്തിപ്പുകാർ കൂട്ടായ്മകൾ. കടകൾ തുറക്കാനുള്ള സീസണിലെ അഞ്ചാമത്തെ ലേലം ബുധനാഴ്ച നടക്കുമ്പോഴും കടകൾ ആരും എടുക്കാൻ സാധ്യതയില്ല. 135 കടകളാണ് ലേലം ചെയ്യുക. ലേലത്തുകയിൽ 40 ശതമാനത്തിൽ കുറവ് വരുത്താനാണ് ബോർഡിന്റെ തീരുമാനം.

മോശം കാലാവസ്ഥയോ, കോവിഡോ കാരണം തീർത്ഥാടകനിയന്ത്രണം വന്നാൽ കച്ചവടം ഉണ്ടാവുമോയെന്ന ആശങ്കയാണ് കടകൾ ലേലത്തിന് പോകാത്തതിനുള്ള പ്രധാന കാരണമെന്നാണ് കടക്കാർ പറയുന്നത്. എന്നാൽ ബോർഡിനെ സമ്മർദത്തിലാക്കി ലേലത്തുക കുറയ്ക്കാനുള്ള ശ്രമമാണെന്ന വ്യാഖ്യാനവുമുണ്ട്. മൂന്നിടത്തുമായി 45 കടകൾ മാത്രമാണ് ഇതുവരെ ലേലത്തിൽ പോയത്. കൂടുതൽ ഭക്തർ എത്തിയാൽ ഇത് മതിയാകില്ല. വലിയ പ്രതിസന്ധിയായി മാറും.

പത്ത് ലക്ഷം രൂപയ്ക്ക് കിട്ടുന്ന കട ഒരു ലക്ഷത്തിന് പിടിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇ ടെൻഡറിനെ അട്ടിമറിച്ച് ഓപ്പൺ ടെൻഡറിൽ ചുളുവിന് സ്വന്തമാക്കാനുള്ള നീക്കം. ഈ കടകൾ നേരിട്ട് ദേവസ്വം ബോർഡിന് എടുത്ത് നടത്താവുന്നതേ ഉള്ളൂ. ദിവസ കൂലിക്ക് ആളെ വിളിച്ച് സ്വന്തം നിലയിൽ ഭക്തർക്ക് ഭക്ഷണവും കൊടുക്കാം. എന്നാൽ അതിന് ദേവസ്വം ബോർഡ് അധികാരികൾക്കും താൽപ്പര്യമില്ല. ചില അഴിമതിക്കാരുടെ പിന്തുണയോടെ ലേല തുക കുറച്ച് കടകൾ സ്വന്തമാക്കാനുള്ള കരുനീക്കമാണ് ശബരിമലയിൽ നടക്കുന്നതെന്നും സൂചനയുണ്ട്.

198 കടകളാണ് ആകെയുള്ളത്. ഇതിൽ ശബരിമലയിൽ 28 കടകൾ മാത്രമാണ് ലേലത്തിൽ പോയത്. കടകളില്ലാത്തതിന്റെ ബുദ്ധിമുട്ട് നടതുറന്നതിന്റെ ആദ്യദിവസങ്ങളിൽത്തന്നെ പ്രകടമായി. മുമ്പ് ഹോട്ടലുകൾ പ്രവർത്തിച്ചിരുന്ന ഇടങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഏതാനും പാത്രക്കടകളും ബുക്ക് സ്റ്റാളുകളുമാണ് തുറന്നിട്ടുള്ളത്. സന്നിധാനത്ത് രണ്ട് ഹോട്ടലുകളാണ് ഭാഗികമായി പ്രവർത്തിക്കുന്നത്.

ഇതു കൊണ്ട് അവിടെ എത്തുന്ന ഭക്തർക്ക് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. മല കയറി എത്തുന്ന ഭക്തർക്ക് ഭക്ഷണം ഒരുക്കാൻ കഴിയാതെ ബോർഡ് വലയുമ്പോൾ ബദൽ മാർഗ്ഗവും തെളിയുന്നില്ല. കടകൾ നടത്താൻ ആളില്ലാത്താത് ബോർഡിന് തിരിച്ചടിയാണ്. കോടികളുടെ സാമ്പത്തിക നഷ്ടമാവും ബോർഡിന് നേരിടേണ്ടിവരിക.

ശബരിമലയിൽ കട നടത്താൻ ആളില്ലാതെ പ്രതിസന്ധി നേരിട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ്. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള കടനടത്തിപ്പിന്റെ ലേലം ഏറ്റെടുക്കാൻ ആളില്ലാതെ അവസാനിച്ചിരുന്നു. അതിന് ശേഷം റീ ടെണ്ടറിലും ആകെ മൂന്ന് പേർ മാത്രമാണ് എത്തിയത്. ഇതുമൂലം ഓപ്പൺ ടെണ്ടർ വിളിച്ചു.

സന്നിധാനം മുതൽ ഇളവുങ്കൽ വരെ ഇ ടെണ്ടറിലൂടെ ലേലം നിശ്ചയിച്ചപ്പോൾ ഒരു ഹോട്ടൽ മാത്രമാണ് ഏറ്റെടുക്കാൻ ആളുണ്ടായത്. ഇതോടെയാണ് കടകളുടെ നടത്തിപ്പ് റി ടെണ്ടർ ചെയ്തത്. ഓപ്പൺ ടെൻഡറിനേയും കട ലേലത്തിന് എടുക്കുന്നവർ അട്ടിമറിക്കുകയാണെന്നാണ് സൂചന.