- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം മന്ത്രിയുടെ വിചാരം തീർത്ഥം സാനിറ്റേസർ ആണെന്നാണ്! സ്വാമിയേ ശരണം അയ്യപ്പ; തീർത്ഥത്തിൽ കൈകഴുകുന്ന മന്ത്രി രാധാകൃഷ്ണൻ; സോഷ്യൽ മീഡിയയിൽ ഉയരുന്നത് വിശ്വാസത്തെ അവഹേളിച്ചുവെന്ന വാദം; ശബരിമലയിൽ 'അവിശ്വാസി' എത്തുമ്പോൾ
പത്തനംതിട്ട: ശബരിമലയിൽ എത്തിയ മന്ത്രി കെ രാധാകൃഷ്ണൻ ഭഗവാന്റെ തീർത്ഥത്തെ സാന്നിറ്റൈസറാക്കിയോ? വിശ്വാസികളല്ലാത്ത മന്ത്രിമാർ ദേവസ്വം ബോർഡ് ഭരിക്കാൻ എത്തുന്നതാണ് എല്ലാത്തിനും കാരണമെന്നാണ് സോഷ്യൽ മീഡിയ വിമർശനം. ശബരിമലയിൽ നട തുറക്കാൻ എത്തിയ മന്ത്രി, മേൽശാന്തിയിൽ നിന്ന് തീർത്ഥം വാങ്ങിയെങ്കിലും അത് കയ്യിൽ തുടച്ചു കളയുകയായിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപനും റാന്നി എംഎൽഎ പ്രമോദ് നാരായണനും ആദ്യം തീർത്ഥം നൽകി. അതിന് ശേഷം മന്ത്രിക്കും കൊടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപൻ ഭക്തിയോടെ തീർത്ഥം കുടിച്ചു. പ്രമോദ് നാരായണനും അതു തന്നെ ചെയ്തു. ഇവർക്ക് പിന്നിൽ നിന്ന മന്ത്രി രാധാകൃഷ്ണൻ തീർത്ഥം വാങ്ങിയ ശേഷം കൈയിൽ തേച്ചു പിടിപ്പിച്ചു. ഇതെന്താ സാനിറ്റൈസറാണോ എന്ന ചോദ്യമാണ് വീഡിയോ വൈറലായതോടെ ഭക്തർ ഉയർത്തുന്നത്.
എല്ലാ അർത്ഥത്തിലും ശബരിമലയിൽ പ്രതിസന്ധികൾ ഏറെയാണ്. കടകൾ പോലും തുറന്നിട്ടില്ല. വിശ്വാസമില്ലാത്തവർ ദേവസ്വം ബോർഡിന്റെ തലപ്പത്തുള്ളതു കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ദേവസ്വം മന്ത്രിയുടെ വിചാരം തീർത്ഥം സാനിറ്റേസർ ആണെന്നാണ് സ്വാമിയേ ശരണം അയ്യപ്പ-ഇതാണ് ഉയരുന്ന വിമർശനം. ശബരിമല തീർത്ഥാടന ഒരുക്കം വിലയിരുത്താനാണ് മന്ത്രി ശബരിമലയിൽ എത്തിയത്. രാധാകൃഷ്ണൻ കേരളത്തിലെ ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റാണ്. വിശ്വാസിയുമല്ല. ഇതാണ് നാലമ്പലത്തിന് മുന്നിലെ കൈ കഴുകലിൽ നിറയുന്നത്.
ദേവസ്വം മന്ത്രിയായി ആർക്കും ചുമതല ഏറ്റെടുക്കാം. സാധാരണ ഭക്തരാകും മന്ത്രിയാവുക. എന്നാൽ സിപിഎം ദേവസ്വം ഭരണം ഏറ്റെടുത്തതോടെ ജി സുധാകരനും കടകംപള്ളി സുരേന്ദ്രനും മന്ത്രിയായി. ഇവരുടെ പിൻഗാമിയായി രാധാകൃഷ്ണനും. ചട്ടം അനുസരിച്ച് ദേവസ്വം ബോർഡ് അംഗങ്ങളും പ്രസിഡന്റും വിശ്വാസികളാകണം. അവർ ദൈവനാമത്തിലാകും സത്യപ്രതിജ്ഞയും ചെയ്യുക. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റായ അനന്തകൃഷ്ണൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്.
ദേവസ്വം മന്ത്രിയെന്ന നിലയിൽ ഉള്ള രാധാകൃഷ്ണന്റെ ഈ ചെയ്തി സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. നട തുറക്കുന്ന സമയത്ത് ദർശനത്തിനായി നിന്നപ്പോൾ ഭഗവാന് മുന്നിൽ കൈ കൂപ്പാതെ നിൽക്കുന്ന ദൃശ്യങ്ങളും വിവാദമായി തന്നെ തുടരുകയാണ്. ശബരിമല നട തുറക്കുന്ന സമയത്ത് വാർത്താ ക്യാമറകൾ മന്ത്രിയെ ഫോക്കസ് ചെയ്തതിനാൽ ഈ ദൃശ്യങ്ങൾ തെളിഞ്ഞു തന്നെ ഇരുന്നു. ഈ സമയം അടുത്തുണ്ടായിരുന്ന സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്വ.കെ അനന്തഗോപൻ ഉൾപ്പെടെയുള്ളവർ ഭക്തിയോടെ തീർത്ഥം സേവിക്കുന്ന സമയത്ത് തന്നെയാണ് ദേവസ്വം മന്ത്രി തീർത്ഥം സേവിക്കാതെ അത് കൈ കഴുകാൻ ഉപയോഗിച്ചത്.
ദേവസ്വം മന്ത്രി വിശ്വാസിയാണോ അവിശ്വാസിയാണോ എന്നതല്ല പ്രശ്‌നം മന്ത്രി വിശ്വാസത്തെ അവഹേളിക്കുകയാണ് ചെയ്തതെന്ന വാദമാണ് ശക്തമാകുന്നത്. വിശ്വാസിയല്ലെങ്കിൽ ഈ സമയം ചടങ്ങിൽ നിന്നും മന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാമായിരുന്നു എന്ന വാദമാണ് പലരും ഉയർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ സന്ദർശനം നടത്തിയപ്പോൾ മാളികപ്പുറത്ത് നിന്നും വാവര് നടയിൽ നിന്നും പ്രസാദം സ്വീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ സന്നിധാനത്ത് എത്തിയെങ്കിലും തിരുമുറ്റത്തേക്ക് കയറിയിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പടി കൂടി കടന്നു ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതോടെ ശബരിമല ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന ആദ്യ കമ്മൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ. മാറുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നടപടി മുന്നിൽ നിൽക്കുമ്പോഴാണ് രാധാകൃഷ്ണന്റെ നടപടി ചോദ്യചിഹ്നമായി തുടരുന്നത്.
ശബരിമല സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി വാർത്താസമ്മേളനവും നടത്തിയാണ് കഴിഞ്ഞ ദിവസം എത്തിയത്. ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനം ഭംഗിയായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി പറയുന്നു.
നിലവിൽ 13 ലക്ഷം പേർ ഓൺലൈനായി ദർശനം നടത്തുന്നതിന് ബുക്ക് ചെയ്തിട്ടുണ്ട്. ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ പമ്പയിൽ സ്നാനം ചെയ്യുന്നത് അപകടകരമായതിനാലാണ് നിലവിൽ അനുവദിക്കാത്തത്. ശക്തമായ മഴയിൽ തകർന്ന പമ്പയിലെ ഞുണങ്ങാർ പാലം പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. പ്രകൃതിക്ഷോഭം മൂലം തീർത്ഥാടനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ തടസങ്ങൾ നേരിട്ടിരുന്നു. എന്നാൽ, ഇതിനെ അതിജീവിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു.
മഴയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂർത്തിയാക്കും. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. മതിയായ മുൻകരുതലുകൾ എടുത്ത് തീർത്ഥാടനം പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ഭക്തർ വന്നു തുടങ്ങുന്നതിന് അനുസരിച്ച് നിലവിൽ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡിന് പുറമെ നീലിമല-അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത ശബരിമല പാത മല ഇറങ്ങുന്നതിനായി തുറന്നുകൊടുക്കുന്നത് പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ