- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിലും സന്നിധാനത്തും കനത്ത മഴ; പമ്പാ ഡാമിന്റെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കേണ്ട സാഹചര്യം; നിലയ്ക്കലിൽ നിന്ന് ആരേയും പമ്പയിലേക്ക് ഇന്ന് കടത്തി വിടില്ല; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് ഏറ്റവും അടുത്ത അവസരം നൽകും; മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തുന്നത് ഇത് ആദ്യം
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലിൽ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
തീർത്ഥാടകരെ പ്രവേശിപ്പിക്കില്ലെങ്കിലും ശബരിമലയിൽ പൂജകൾ മുടക്കമില്ലാതെ തുടരും. സന്നിധാനത്ത് മഴ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ല. എന്നാൽ പമ്പയിൽ ജലം ഉയരുമെന്നതാണ് ആശങ്ക. അപ്രതീക്ഷിതമായി നദിയിൽ വെള്ളമുയർന്നാൽ അത് ഉണ്ടാക്കാവുന്ന ദുരന്തം കണക്കിലെടുത്താണ് ഈ തീരുമാനം.
പമ്പ ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് കളക്ടർ അറിയിച്ചു. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് ഏറ്റവും അടുത്ത അവസരം നൽകും. ഇന്നലെ വൈകീട്ട് പമ്പാ മണൽപ്പരപ്പിലേക്ക് വെള്ളം കയറിയിരുന്നു.
അതേസമയം ശബരിമല വനമേഖലയിൽ കനത്ത മഴ തുടരുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്നലെ രാത്രി 11:40-ഓടെയാണ് നിരോധനം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ് വന്നത്. ശബരിമല മേഖലയിലെ ശക്തമായ മഴയെ തുടർന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.
പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. തീർത്ഥാടകർ ഒരു കാരണവശാലും നദിയിൽ ഇറങ്ങരുതെന്നു ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് പമ്പ റിസർവോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. ആറ് മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽ വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. രാത്രി 9 മണിക്കാണ് കെ എസ് ഇ ബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ