- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ; രാത്രി തങ്ങാനും വിരിവെയ്ക്കാൻ കൂടുതൽ സ്ഥലം; പ്രസാദ വിതരണത്തിനുള്ള സമയവും കൂട്ടി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ തീരുമാനം. ഭക്തർക്ക് വിരിവെയ്ക്കാനായി കൂടുതൽ സ്ഥലങ്ങൾ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദ വിതരണത്തിനുള്ള സമയവും കൂട്ടിയതായി ദേവസ്വം ബോർഡ് അറിയിച്ചു.
വൈകുന്നേരങ്ങളിൽ സന്നിധാനത്തെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയിൽ അയ്യായിരം പേർക്ക് വിരിവെയ്ക്കാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അടഞ്ഞ കിടന്നിരുന്ന ഹാളിലെ സൗകര്യങ്ങൾ, റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തിയതായി അധികൃതർ അറിയിച്ചു.
സന്നിധാനത്ത് അപ്പം, അരവണ പ്രസാദങ്ങൾ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചിട്ടുണ്ട്. രാവിലെ നാല് മുതൽ രാത്രി പതിനൊന്നര മണിവരെയായിരിക്കും കൗണ്ടറുകൾ പ്രവർത്തിക്കുക. കൂടാതെ, പ്രസാദങ്ങളുടെ ഉത്പാദനവും കൂട്ടിയിട്ടുണ്ട്. ദിനംപ്രതി ഒന്നര ലക്ഷം ടിൻ അരവണയാണ് ഇപ്പോൾ തയ്യാറാക്കുന്നത്.
ദേവസ്വം ബോർഡ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ശബരിമലയിലെ നടവരവ് 43 കോടിയാണ്. അരവണയുടെ വിറ്റ് വരവ് 16 കോടിയും, കാണിക്ക 17 കോടിയുമാണ് ലഭിച്ചത്. ഭക്തർക്ക് ശബരിമല നടപ്പന്തലിന് സമീപത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ രണ്ട് മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ