കൊച്ചി: സംസ്ഥാനത്ത് ഓമിക്രോൺ ബാധിതർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശബരിമലയിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ്. എണ്ണം കൂട്ടുന്നത് ഉചിതമാകുകയില്ലെന്ന നിർദ്ദേശം സ്റ്റേറ്റ് അറ്റോർണി ജനറൽ എൻ. മനോജ് കുമാർ ഹൈക്കോടതിയിൽ അറിയിച്ചു.

നിലവിൽ 50,000 ഭക്തർക്കാണ് പ്രതിദിന ദർശനാനുമതിയുള്ളത്. ശബരിമലയിൽ ഇനിയുമധികം ഭക്തർക്ക് ദർശനം നടത്താൻ അനുമതി നൽകുന്ന കാര്യം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ഓമിക്രോൺ സാഹചര്യത്തിൽ പുതിയ വിലയിരുത്തലുമായി ആരോഗ്യവകുപ്പ് എത്തിയത്.

രണ്ടുഡോസ് വാക്‌സിനോ, ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ തന്നെ ദർശനം അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ വെർച്വൽ ക്യൂ വഴി കൂടുതൽ ഭക്തരെ അനുവദിക്കണമെന്നും ദേവസ്വം സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ സംസ്ഥാനത്ത് ഓമിക്രോൺ രോഗികളുടെ എണ്ണം ഏഴായി ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശമാണ് കോടതി പരിഗണിക്കാൻ സാദ്ധ്യത.