- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യൻ അറിയിച്ചു. മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും. എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കാനനപാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. 11ന് പമ്പയിൽ നടക്കുന്ന അവലോകനയോഗത്തിന് ശേഷമായിരിക്കും പരിശോധന.
18 കിലോമീറ്റർ പൂർണമായും പെരിയാർ വന്യജീവി സങ്കേതത്തിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് വർഷമായി ജനസഞ്ചാരമില്ലാത്തതിനാൽ പാത സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ചിലയിടത്ത് മരങ്ങൾ വീണ് മാർഗ തടസ്സമുണ്ട്. ഇവ നീക്കംചെയ്യുകയും അപകടകരമായ മരങ്ങൾ വെട്ടിമാറ്റുകയും അടിക്കാട് നീക്കുകയും ചെയ്യും. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാകും കാനനപാത തെളിക്കുക.
പാതയിൽ തീർത്ഥാടകർക്കായി വിശ്രമ കേന്ദ്രങ്ങൾ ഉണ്ടാകും. ഇതിനോടനുബന്ധിച്ച് കടകൾ, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കും. കാർഡിയാക് സെന്ററുകളും അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും ഒരുക്കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും. വന്യമൃഗങ്ങളിൽ നിന്ന് തീർത്ഥാടകർക്ക് സംരക്ഷണം നൽകുന്നതിന് രണ്ട് കിലോമീറ്റർ ഇടവിട്ട് നിരീക്ഷണ സംവിധാനമൊരുക്കും.
പാത തുറക്കുമ്പോഴും തീർത്ഥാടകർ സമയക്രമീകരണം പാലിക്കണം. രാത്രി വൈകി വനഭൂമിയിലൂടെ യാത്ര ചെയ്യും വിധത്തിൽ തീർത്ഥാടകരെ കടത്തിവിടില്ല. വൈകിയെത്തുന്നവർക്ക് ഇടത്താവളങ്ങളിൽ വിശ്രമിക്കാൻ സൗകര്യം നൽകും.