- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡലപൂജ പൂർത്തിയാക്കി ഇന്ന് നട അടയ്ക്കും; മകരവിളക്കിന് 30ന് വൈകിട്ട് വീണ്ടും തുറക്കും; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും; പുൽമേട് പാതയും തുറക്കുന്നത് പരിഗണനയിൽ; ഈ തീർത്ഥാടനകാലത്ത് എത്തിയത് 10.35ലക്ഷം ഭക്തർ; വരുമാനം 78 കോടിയും കടന്നു; 2019നേക്കാൾ വൻകുറവ്; ശബരിമല വിശേഷം ഇങ്ങനെ
ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 10.35 ലക്ഷം തീർത്ഥാടകർ. ഇതുവരെ 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായിരുന്ന കഴിഞ്ഞ വർഷം മണ്ഡലകാലത്ത് 8.39 കോടിയാണു ലഭിച്ചത്. നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന 2019 ൽ 156 കോടി രൂപ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ വൻ വരുമാന കുറവാണ് ഇത്തവണയും സംഭവിച്ചത്.
കഴിഞ്ഞ തവണത്തേക്കാൾ വരുമാനം കൂടിയതാണ് ഏക ആശ്വാസം. നിയന്ത്രണങ്ങളിലെ ഇളവു കാരണം കൂടുതൽ തീർത്ഥാടകർ എത്തിയതാണു വരുമാനം വർധിക്കാൻ കാരണം. അരവണ വിൽപ്പനയിലൂടെ 31.25 കോടി, കാണിക്ക ഇനത്തിൽ 29.30 കോടി, അപ്പം വിൽപ്പനയിലൂടെ 3.52 കോടി രൂപയും ലഭിച്ചു. മകരവിളക്കിന് നട തുറക്കുമ്പോൾ കൂടുതൽ ഇളവുകൾ അനുവദിക്കും. കാനന പാതയിൽ കൂടി നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷ.
മകരവിളക്ക് തീർത്ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട വീണ്ടും തുറക്കും. അന്നേ ദിവസം തീർത്ഥാടകർക്കു പ്രവേശനമില്ല. 31 മുതൽ ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 11ന് എരുമേലി പേട്ടതുള്ളൽ. അന്ന് രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദർശനവും 14ന് വൈകിട്ട് 6.30ന് നടക്കും.
പുല്ലുമേട് പാത തീർത്ഥാടകർക്കായി തുറക്കണമെന്നു സർക്കാരിനോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തെളിച്ച് എടുത്തില്ലെങ്കിൽ നഷ്ടപ്പെടും. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് ഉന്നതാധികാര സമിതി യോഗം ചേരും. പദ്ധതി പ്രവർത്തനങ്ങൾക്കു വേഗം കൂട്ടണമെന്നാണു ദേവസ്വം ബോർഡിന്റെ അഭിപ്രായം. എരുമേലിയിൽ 9 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന ഇടത്താവള നിർമ്മാണ ഉദ്ഘാടനം ജനുവരി 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും.
ഇന്ന് മണ്ഡല പൂജ
കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും. പകൽ 11:50നും ഉച്ചയ്ക്ക് 1:15 നുമിടയ്ക്കുള്ള മീനം രാശി മുഹുർത്തത്തിലാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക. മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ശബരിമലനട ഇന്ന് രാത്രി 10ന് അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് വീണ്ടും നടതുറക്കും. പകൽ 11:50നും ഉച്ചയ്ക്ക് 1:15 നുമിടയ്ക്കുള്ള മീനം രാശി മുഹുർത്തത്തിലാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക. ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെ നാലിന് നടതുറന്ന ശേഷം 10 മണിയോടെ നെയ്യഭിഷേകം അടക്കമുള്ള നിത്യപൂജകൾ അവസാനിക്കും.
പ്രത്യേകം പൂജിച്ച കലശങ്ങൾ ആടിയശേഷം കളഭാഭിഷേകത്തിന് ഒടുവിൽ തങ്കഅങ്കിചാർത്തിയുള്ള പൂജ പൂർത്തിയാകുന്നതോടെ മണ്ഡലപൂജ അവസാനിക്കും. അതേസമയം, തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന ഇന്നും തുടരും. സന്നിധാനത്ത് മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി രഥഘോഷയാത്രയ്ക്ക് ജില്ലയിലെ എഴുപതോളം കേന്ദ്രങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ളാഹ സത്രത്തിൽ തങ്ങിയശേഷം ശനിയാഴ്ച പുലർച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. ഉ?ച്ച?യ്ക്ക് 1.30 ന് പമ്പയിലെത്തിയ തങ്കയങ്കി ഘോഷയാത്രയ്ക്ക് അയ്യപ്പ സേവാ സംഘം പ്രവർത്തകരും ദേവസ്വം ബോർഡ് അധികൃതരും ആചാരപരമായ സ്വീകരണമാണ് നൽകിയത്.
ശേഷം വൈകിട്ട് മൂന്നുവരെ പമ്പ ഗണപതി കോവിലിൽ ഭക്തർക്ക് ദർശനത്തിന് വച്ചിരുന്നു. മൂന്നിന് പമ്പയിൽ നിന്ന് തിരിച്ച ഘോഷയാത്ര വൈകിട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തിച്ചേർന്നു. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതരും പൊലീസും അയ്യപ്പസേവാസംഘം പ്രവർത്തകരും തിരുവാഭരണ പേടകം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. സോപാനത്ത് എത്തിച്ച തിരുവാഭരണ പേടകം അടങ്ങിയ തങ്കയങ്കി തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടന്നു. നിരവധി അയ്യപ്പഭക്തരാണ് ശനിയാഴ്ച വൈകിട്ട് നടന്ന തങ്കയങ്കിചാർത്തിയുള്ള ദീപാരാധനയിൽ പങ്കെടുത്ത് ദർശന സുകൃതം നുകർന്നത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് എം.അനന്തഗോപനും ചടങ്ങുകളിൽ പങ്കെടുത്തു. മണ്ഡലകാല ഉത്സവത്തിന്റെ സമാപനം ദിവസം കണക്കിലെടുത്ത് ശബരിമലയിൽ പൊലീസ് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ തങ്കം കൊണ്ട് നിർമ്മിച്ച് നടയ്ക്കു?വെച്ച 435 പവൻ തൂക്കമുള്ള ആഭരണങ്ങളാണ് തിരുവാഭരണ പേടകത്തിനുള്ളിലെ തങ്കയങ്കി.
മറുനാടന് മലയാളി ബ്യൂറോ