പമ്പ: തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പൊലീസ് പിടികൂടി

തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം. നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ആന്ധ്രയിൽ നിന്നുള്ള ഒരു സംഘം അയ്യപ്പന്മാർ മാളികപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു.ഇവരെ തടഞ്ഞതോടെ സംഘത്തിൽ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുക ആയിരുന്നു.പരിക്കേറ്റ ജീവനക്കാരനെ പരിശോധനയ്ക്ക് വിധേയനാക്കി

അതേസമയം നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് ശബരിമലിയലെ രണ്ട് ദിവസത്തെ വരുമാനം. മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം മാത്രം രണ്ട് കോടിക്കടുത്തായിരുന്നു വരുമാനം. പമ്പയിലേക്ക് കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തി.