പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി. മകരവിളക്ക് ദർശനത്തിന് എത്ര തീർത്ഥാടകരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടനം ഇത്തവണ വേണ്ടെന്ന് വച്ചു.

സന്നിധാനത്ത് വെർച്ചൽ ക്യൂവഴി 60000, സ്‌പോട് ബുക്കിങ് വഴി 10000 എന്നിങ്ങനെ 70000 പേർക്കാണ് ഇപ്പോൾ വരാൻ അനുമതിയുള്ളത്. എന്നാൽ മകരവിളക്കിനോട് അനുബന്ധിച്ച് ഈ നിയന്ത്രണം എടുത്തുകളയാനാണ് തീരുമാനം. സന്നിധാനത്തിന് പുറമേ പമ്പ ഹിൽ ടോപ്പ് അടക്കമുള്ള സ്ഥലങ്ങളും മകരവിളക്കിനൊരുങ്ങുകയാണ്. ഹിൽ ടോപ്പിൽ 5000 പേർക്കാണ് സൗകര്യമൊരുക്കുന്നത്.

എരുമേലി പേട്ട തുള്ളൽ 11നാണ്, അതിന് ശേഷം തീർത്ഥാടകർ പമ്പാ സദ്യയും കഴിഞ്ഞ് ഉടൻ മല കയറും അവർ സന്നിധാനത്ത് തങ്ങും. 12ന് തുടങ്ങുന്ന തിരുവാഭാരണഘോഷയാത്ര പതിവ് വഴിയിലൂടെയാകും കടന്ന് പോകുക. ആന്ധ്രയിൽ നിന്നാണ് എറ്റവും കൂടുതൽ തീർത്ഥാടകർ ഇപ്പോൾ എത്തുന്നത്.

മകരവിളക്ക് കഴിഞ്ഞാൽ കേരളത്തിൽ നിന്നുള്ള കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ഇതുവരെ 25 കോടിയാണ് വരുമാനം. ആകെ ഈ സീസണിൽ 110 കോടിയും. പമ്പ ത്രിവേണി സ്‌നന സരസിൽ വെള്ളം ഉറപ്പാക്കാൻ നാളെ കുള്ളാർ ഡാം തുറന്ന് വിടാനും തീരുമാനിച്ചു.