പന്തളം: ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗസംഘം കാൽനടയായാണ് ശബരിമലയിൽ എത്തിക്കുന്നത്. മകരസംക്രമ പൂജയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളാണിത്.

രാജപ്രതിനിധിയായ മൂലം നാൾ ശങ്കരവർമ്മയുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഭരണങ്ങൾ എഴുന്നള്ളിച്ചിരുന്നു. 12 മണിയോടെയാണ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ആരംഭിച്ചത്. പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂർ ആറന്മുള അയിരൂർ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് വെള്ളിയാഴ്ച കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും.

തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിൽ ഇത്തവണയും നിയന്ത്രണങ്ങളുണ്ട്.