പത്തനംതിട്ട : ശബരിമലയിൽ നിന്ന് പറുത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതി കഥകൾ. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസ്സിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. ഇതിനൊപ്പം 2018-19 ലെ ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലൻസും കണ്ടെത്തി. എന്നാൽ അഴിമതിക്കാർക്കെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നല്ലകാലമാണ്.

വിഐപികളുടെ ഭക്ഷണത്തിൽ വൻ വെട്ടിപ്പാണ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും വിഐപികൾക്ക് ദേവസ്വം ചെലവിലാണ് ഭക്ഷണം നൽകിയതെന്ന് രജിസ്റ്ററിൽ ഉൾപ്പെടുത്തിയാണ് പണം വെട്ടിച്ചത്. കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ നിരവധി വിഐപികളാണ് അഴിമതിക്ക് ഇരയായത്. ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അതിഥികളെയാണ് ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ താമസിപ്പിക്കുക. ദേവസ്വം ഓഫീസ് കോംപ്ലക്‌സ് ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ പേരിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഇവർക്ക് ഭക്ഷണം നൽകിയത് ദേവസ്വം ചെലവിൽ ആണെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ വിഐപികൾ എല്ലാവരും സ്വന്തം ചെലവിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇടുക്കി എസ്‌പി കറുപ്പസ്വാമി, ശബരിമലയുടെ ചാർജുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എഡിഎം അർജുൻ പാണ്ഡ്യ, കർണ്ണാടക ഹൈക്കോടതി ജഡ്ജി, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവരുടെ പേരിലാണ് ഭക്ഷണത്തിന് പണം എഴുതിയെടുത്തിരിക്കുന്നത്.

കൊല്ലം ജില്ലാ ജഡ്ജിയായ സ്‌പെഷ്യൽ കമ്മീഷണർ സിറ്റിങ്ങിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിൽ പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി രേഖയുണ്ട്. തന്റെ പേരിൽ നടത്തിയ അഴിമതിക്കെതിരെ ഇടുക്കി എസ്‌പി, ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകിയിരുന്നു. ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ അതിഥികളുടെ ഭക്ഷണ ചെലവിൽ കണക്കെടുപ്പുകൾ വർഷങ്ങളായി നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ടാണ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നത്.

ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് ദേവസ്വം മെസ്സിന്റെ ചുമതല. അഴിമതി സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം മെസ്സിന്റെ രജിസ്റ്റർ പരിശോധനയ്ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലയ്ക്കലിലും അന്നദാന തട്ടിപ്പ്

നിലയ്ക്കലിൽ പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരിൽ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥർ തട്ടിച്ചെന്നാണ് കണ്ടെത്തൽ.വിജിലൻസ് പ്രതി ചേർത്ത നാലു ഉദ്യോഗസ്ഥർക്കെതിരെ മൂന്നു മാസം പിന്നിട്ടിട്ടും ദേവസ്വം ബോർഡ് ഒരു നടപടിയും എടുത്തില്ല.

കൊല്ലത്തുള്ള ജെപി ട്രേഡേഴ്‌സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകാൻ കരാറെടുത്തത്. തീർത്ഥാടന കാലം കഴിഞ്ഞ ശേഷം 30 ലക്ഷത്തി 900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോർഡിന് നൽകി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിനെ കൂട്ടു നിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെയാണ് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചത്.

വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേടായിരുന്നു. 30ലക്ഷം ചെലവാക്കിയ അന്നദാനത്തിന്റെ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തത്. ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്റെ മറവിൽ അഴിമതിപ്പണം ബാങ്കിൽ നിന്നും മാറിയതായും കണ്ടെത്തി. ബാങ്കു വഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിന്റെ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീർക്കാനും ശ്രമിച്ചു

വ്യാജ രേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലൻസാണ് ആദ്യം കണ്ടത്തിയത്. കണ്ടത്തലുകൾ ശക്തമായതിനാൽ ദേവസ്വം ബോർഡ് അന്വേഷണം സംസ്ഥാനത്ത വിജിലൻസിന് കൈമാറാൻ നിർബന്ധിരായി. നിലയ്ക്കൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി,ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസെടുത്തു. പക്ഷേ ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡ് നടപടി എടുത്തതുമില്ല.