പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കും. ഒമ്പതിന് രാവിലെ പത്തിനും 11. 30 നും ഇടയിലാണ് കൊടിയേറ്റ്. ആറാട്ട് പതിനെട്ടിന്. 19ന് നട അടയ്ക്കും.

മകരവിളക്ക് കാലത്തേത് പോലെ തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിങും സ്‌പോട്ട് ബുക്കിങും ഉണ്ടാകും. പമ്പയിൽനിന്ന് ഇരു പാതയിലൂടെയും മലയ്ക്ക് പോകാനും മടങ്ങാനും സാധിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാൽ ദിവസവും 15,000 പേർക്കാണ് ദർശനത്തിന് അവസരം ഉണ്ടാകുക. അർടിപിസിആർ എടുത്തതിന്റെയോ രണ്ട് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ ഏതെങ്കിലും ഒന്ന് തീർത്ഥാടകർ കരുതണം.

കോവിഡ് ഇളവുകൾ കൂടുതൽ വന്നാൽ അതിനനുസൃതമായി ഇളവുകൾ ഇവിടെയും ഉണ്ടാകും. ആറാട്ടുമായി ബന്ധപ്പെട്ട പമ്പയിലെ വെള്ളത്തിന്റെ കുറവ് പരിഹരിക്കാൻ കുന്നാർ അണക്കെട്ട് ആറാട്ട് ദിവസങ്ങളിൽ നിയന്ത്രിത അളവിൽ തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികൃതർക്ക് ദേവസ്വം കത്ത് നൽകി.