- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണപ്പാളികൾ ചേരുന്ന ഭാഗം അടച്ചിരുന്നത് സിലിക്കോൺ ഉപയോഗിച്ച്; കാലപ്പഴക്കത്തിൽ ഗുണം കുറഞ്ഞു; ഇനി ചേർപ്പുകളിലൂടെ വെള്ളം ഇറങ്ങാത്ത വിധത്തിൽ അടയ്ക്കും; പോരാത്തതിന് ശ്രീകോവിലിന് മുന്നിലെ സ്വർണം പൂശിയ മുഴുവൻ ഭാഗങ്ങളും മിനുക്കും; ചോർച്ച അടച്ചിട്ടും പണി തുടരും; ശബരിമലയിലെ ചോർച്ചയ്ക്ക് പിന്നിൽ സ്‌ട്രോങ് റൂമിലെ സ്വർണ്ണമോ?
ശബരിമല: ചതിയൻ ചന്തുവിന്റെ കൊടും ക്രൂരതകളെപ്പറ്റി നിങ്ങൾക്കെന്തറിയാം.? ഇരുമ്പാണി തട്ടി മുളയാണി വച്ച്, പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പൊൻപണം കൊടുത്തവൻ ചന്തു. മാറ്റഞ്ചുരിക ചോദിച്ചപ്പോൾ മറന്നു പോയി എന്ന് കളവു പറഞ്ഞവൻ ചന്തു. മടിയിൽ അങ്കത്തളർച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ കുത്തുവിളക്കിന്റെ തണ്ടുതാഴ്‌ത്തി മാറ്റാൻ കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു. വടക്കൻ വീരഗാഥയിൽ കേട്ട ഡയലോഗാണ് ഇത്. എന്നാൽ ശബരിമലിയിൽ ചതിയായത് മുള്ളാണിയല്ല. ചെമ്പാണിയാണ്. അതുകൊണ്ടു തന്നെ ശബരിമല ശ്രീകോവിലിലെ മേൽക്കൂരയിൽ സമ്പൂർണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോർഡ് തീരുമാനം.
കാലപ്പഴക്കം കാരണം കൂടുതൽ ഇടങ്ങളിൽ ചോർച്ച ഉണ്ടാകുമെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയശേഷം 22-ന് പണികൾ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. മേൽക്കൂരയിലെ സ്വർണപ്പാളികൾ ഉറപ്പിച്ചിട്ടുള്ള മുഴുവൻ ചെമ്പ് ആണികളും മാറ്റി പുതിയത് സ്ഥാപിക്കും. സ്വർണപ്പാളികൾക്കിടയിലെ വിടവുകൾ നികത്തും. ഇതിന് മികച്ച ഇനം പശ ഉപയോഗിക്കും. സെപ്റ്റംബർ ആറിന് ഓണ പൂജകൾക്കായി നട തുറക്കുന്നതിന് മുന്നേ പണികൾ പൂർത്തിയാക്കാനാണ് ധാരണ. എല്ലാം ദേവസ്വം ബോർഡിലെ പൊതുമരാമത്ത് വിഭാഗം തന്നെ ചെയ്യും. ശ്രീകോവിലിന് മുന്നിലെ സ്വർണം പൂശിയ മുഴുവൻ ഭാഗങ്ങളും മിനുക്കും.
ഇതിനായി എവിടെ നിന്ന് സ്വർണം എടുക്കുമെന്നതാണ് നിർണ്ണായകം. ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂമിലുള്ള സ്വർണം ഉപയോഗിക്കാനാകും നീക്കം. ഇതിന് പിന്നിലെ ചില അഴിമതിക്കാരുടെ താൽപ്പര്യങ്ങളുണ്ടെന്ന വാദം ശക്തമാണ്. ശ്രീകോവിലിന് മുൻവശത്ത് കോടിക്കഴുക്കോലിന്റെ ഭാഗത്തായി കണ്ടെത്തിയ ചോർച്ച കഴിഞ്ഞദിവസം താത്കാലികമായി അടച്ചിരുന്നു.
ഈ ഭാഗത്തെ നാല് സ്വർണപ്പാളികൾ ഇളക്കി എം. സീലും സിലിക്കൻപശയും ഉപയോഗിച്ചാണ് വിടവ് അടച്ചത്. സ്വർണപ്പാളികൾക്ക് താഴെയുള്ള ചെമ്പ് പാളികൾക്കോ തടിക്കോ കേടില്ല. ശ്രീകോവിലിനകത്ത് ചോർച്ചയില്ലെന്നും പരിശോധനയിൽ വ്യക്തമായി. അതേസമയം തടിയിലാകെ നനവുണ്ടായിട്ടുണ്ട്. വാസ്തുവിദഗ്ധനും ബോർഡിലെ റിട്ട. മൂത്താശാരിയുമായ എം.കെ. രാജു, കൊടിമരം പണിത ശില്പി അനന്തൻ ആചാരി, ഭരണങ്ങാനം വിശ്വകർമ കൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റിയിലെ ശിൽപ്പികൾ തുടങ്ങിയവരാണ് ചോർച്ച പരിഹരിച്ചത്. ഇത് മതി പ്രശ്‌ന പരിഹാരത്തിന്. പിന്നെ എന്തിനാണ് മുഴുവൻ പൊളിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
മുഴുവൻ ചെമ്പാണികളും മാറ്റിസ്ഥാപിക്കുമെന്ന് ബോർഡ് പറയുന്നു. ചെമ്പാണിക്ക് പകരം ചെമ്പാണി തന്നെ വയ്ക്കാനാണ് സാധ്യത. ശ്രീകോവിലിനുള്ളിൽ വെള്ളം വീഴാതിരിക്കാനാണ് ഈ മുൻ കരുതൽ എന്നാണ് വിശദീകരണം. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, തിരുവാഭരണം കമ്മിഷണർ ജി. ബൈജു, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ആർ. കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്‌പി. സുബ്രഹ്‌മണ്യൻ, ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, സന്നിധാനം അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ശ്രീകോവിലിൽ ഇടതുവശത്തായി കണ്ടെത്തിയ ചോർച്ചക്ക് പ്രധാനകാരണം ദ്രവിച്ച ചെമ്പാണിയാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്വർണപാളികൾക്കിടയിൽ വിടവ് കൂടിയതും, മുമ്പ് ഉപയോഗിച്ച പശയുടെ കാലപ്പഴക്കവും ചോർച്ചയ്ക്ക് കാരണമായി. മേൽക്കൂരയിലെ കഴുക്കോലിന് മുകളിൽ തേക്ക് പലക ഉറപ്പിച്ച് ചെമ്പുപാളി അടിച്ചതിനുശേഷം 33 സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ പാളികൾ സ്ഥാപിച്ചിട്ടുള്ളത്. ശ്രീകോവിലിന്റെ ചോർച്ച പരിഹരിക്കാനുള്ള ജോലികൾ 22 ന് തുടങ്ങും. സെപ്റ്റംബർ 9 ന് മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം ബോഡ് പ്രസിഡന്റ് കെ.അനന്ത ഗോപൻ പറഞ്ഞു.
ശ്രീ കോവിലിനു ചോർച്ചയുള്ളതായി കണ്ടെത്തി. മേൽക്കൂരയുടെ കിഴക്കുഭാഗത്തെ കോടിക്കഴുക്കോൽ വഴി വെള്ളം ചോർന്നു വരുന്നതായി കണ്ടെത്തി. ഭിത്തിക്കും നനവ് ഉണ്ട്. 4 സ്വർണപ്പാളികൾ ഇളക്കി പരിശോധിച്ചു. സ്വർണപ്പാളികൾ ഉറപ്പിച്ച ചെമ്പ് ആണിയുടെ വിടവിലൂടെ വെള്ളം ഇറങ്ങുന്നതായി കണ്ടു. ഓരോ സ്വർണപ്പാളിക്കും ഇടയിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്. എന്നാൽ അതിന് അടിയിലുള്ള പലകയിൽ വെള്ളം ഇറങ്ങിയിട്ടില്ല. സുരക്ഷിതമാണ്.
സ്വർണപ്പാളികൾ ചേരുന്ന ഭാഗം സിലിക്കോൺ ഉപയോഗിച്ചാണ് അടച്ചിരുന്നത്. കാലപ്പഴക്കത്തിൽ അതിന്റെ ഗുണം കുറഞ്ഞു. ചേർപ്പുകളിലൂടെ വെള്ളം ഇറങ്ങാത്ത വിധത്തിൽ അടയ്ക്കും. 15 ദിവസത്തിനുള്ളിൽ ഇതിന്റെ പണി നടത്തും. കാലതാമസം ഉണ്ടാകില്ല.
മറുനാടന് മലയാളി ബ്യൂറോ