- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെർച്യുൽ ക്യൂ ദേവസം ബോർഡിന് നൽകിയത് പ്രകോപനമായോ? ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കയറ്റി വിടണമെന്ന ഹൈക്കോടതി വിധി അട്ടിമറിച്ച് പൊലീസ് നിയന്ത്രണങ്ങൾ; നിലയ്ക്കലിൽ സർവ്വാധികാരം പ്രയോഗിച്ച് ഭക്തരെ ബുദ്ധിമുട്ടിച്ച് കേരളാ പൊലീസ്; അട്ടത്തോട്ടിലെ താമസക്കാർക്കും ഇത് ദുരിത കാലം; ശബരിമലയിൽ നേട്ടം കെ എസ് ആർ ടി സിക്ക്
പത്തനംതിട്ട: മാസ പൂജയ്ക്ക് വലിയ തോതിലുള്ള തീർത്ഥാടകർ ശബരിമലയിൽ എത്താറില്ല. പമ്പയിൽ കാലാവസ്ഥാ പ്രശ്‌നവുമില്ല. അതുകൊണ്ട് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതുമില്ല. എന്നിട്ടും ശബരിമലദർശനത്തിനെത്തിയ തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശനിയാഴ്ചയും നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. തുടർച്ചയായ നാലാംദിവസമാണ് തീർത്ഥാടകരുടെ വാഹനങ്ങൾ പൊലീസ് നിലയ്ക്കലിൽ തടയുന്നത്.
കഴിഞ്ഞദിവസം ഇതേപ്രശ്‌നമുണ്ടായപ്പോൾ ദേവസ്വം ബോർഡ് ഇടപെട്ട് നിയന്ത്രണം പിൻവലിപ്പിച്ചതാണ്. എന്നാൽ, ശനിയാഴ്ച വീണ്ടും പൊലീസ് നിയന്ത്രണം കൊണ്ടുവരുകയായിരുന്നു. ഇത് എന്തിനാണെന്ന് ആർക്കും അറിയില്ല. എല്ലാവരേയും പൊലീസ് തടയുകയാണ്. നേരത്തെ പൊലീസിനായിരുന്നു ശബരിമലയിലെ വെർച്യുൽ ക്യൂവിന്റെ ചുമതല. എന്നാൽ അത് കോടതി വിധിയിലൂടെ ദേവസ്വം ബോർഡിന് കിട്ടി. ഇത് പൊലീസിന്റെ ഇടപെടൽ ശക്തി കുറച്ചു. ഇതിന്റെ പ്രതികാരമാണ് നിലയ്ക്കലിൽ നടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
സ്ത്രീ പ്രവേശന വിവാദ കാലത്താണ് ഭക്തർക്ക് നിയന്ത്രണം കൊണ്ടു വന്നത്. അതിന് മുമ്പ് പമ്പയിൽ പാർക്കിങ് സംവിധാനമുണ്ടായിരുന്നു. പമ്പയിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറയുമ്പോൾ മാത്രമാണ് നിലയ്ക്കലിലേക്ക് വാഹനങ്ങളെ മാറ്റുക. വലിയ വാഹനങ്ങൾ ആളെ ഇറക്കി നിലയ്ക്കലിൽ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ പാക്കിംഗും ആകാം. ഇതായിരുന്നു സ്ത്രീ പ്രവേശനത്തിന് മുമ്പത്തെ അവസ്ഥ. നിലവിലെ സാഹചര്യത്തിൽ ഈ സംവിധാനം വീണ്ടും കൊണ്ടു വരാം. ഇത് ഭക്തർക്ക് ആശ്വാസമാകും. എന്നാൽ ആളു കുറവുള്ള മാസ പൂജ കാലത്ത് പോലും പൊലീസ് ശക്തമായ നിയന്ത്രണത്തിലാണ്.
രാവിലെമുതൽ വൈകീട്ടുവരെ തീർത്ഥാടകരുടെ ചെറിയ വാഹനങ്ങളൊന്നും പൊലീസ് കടത്തിവിട്ടില്ല. സാധാരണഗതിയിൽ തിരക്കുണ്ടാകുമ്പോഴോ, സീസണിലോ ആണ് സ്വകാര്യവാഹനങ്ങൾക്ക് പമ്പയിൽ വിലക്കുള്ളത്. എന്നാൽ, ഇത്തരം ഒരു സാഹചര്യവും സന്നിധാനത്തോ പമ്പയിലോ ഇല്ല. എന്നിട്ടും തീർത്ഥാടകരെ തടയുന്നതെന്തിനാണെന്ന് ചോദിച്ചാൽ പൊലീസിന് ഉത്തരമില്ല. ഇതിന്റെ ലാഭം കെ എസ് ആർ ടി സിക്കാണ് കിട്ടുന്നത്. തീർത്ഥാകരെ കുത്തി നിറച്ച് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കൊണ്ടു പോകുന്നു. വയസ്സായവർക്കും കുട്ടികൾക്കും ഇത് ദുരിതമാണ് നൽകുന്നത്.
അതിനിടെ, പമ്പയിലേക്ക് കടത്തിവിടാത്തതിന്റെ കാരണമെന്താണെന്ന് ചോദിച്ച തീർത്ഥാടകരോട് പൊലീസ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. മാസപൂജാസമയത്ത് ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് അനുവദിക്കാമെന്ന് ഹൈക്കോടതിവിധിയുമുള്ളതാണ്. ഇതൊന്നും അംഗീകരിക്കുന്നില്ല. ശബരിമലയിലെ വെർച്യുൽ ക്യൂവിലെ അധികാരം പോയതോടെ ശബരിമലയിൽ കൂടുതൽ സുരക്ഷാ നിയന്ത്രണം പൊലീസ് കൊണ്ടു വരുമെന്നും സൂചനയുണ്ട്.
പമ്പയ്ക്ക് തൊട്ടടുത്ത് ജനവാസ കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് സാധനങ്ങളുമായി പോകുന്ന പ്രദേശവാസികളെയും പൊലീസ് തടയുന്നുണ്ട്. തടഞ്ഞുവെച്ച് തുടർച്ചയായി ചോദ്യംചെയ്തശേഷമാണ് ഇവരെ കടത്തിവിടുന്നത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരുന്ന അട്ടത്തോട് നിവാസികളെയാണ് പൊലീസ് നിലയ്ക്കലിൽ തടയുന്നത്.
പമ്പയിലും സന്നിധാനത്തും കച്ചവടം നടത്തുന്ന വ്യാപാരികൾക്കും ദുരിതമാണ്. എല്ലാവരും സാധനവുമായി ബസിൽ പോകണമെന്നതാണ് പൊലീസ് നിലപാട്.
മറുനാടന് മലയാളി ബ്യൂറോ