പത്തനംതിട്ട: ഒടുവിൽ കേന്ദ്ര വനംമന്ത്രാലയം അയയുന്നു. ഇതോടെ ശബരിമല വികസനത്തിന് കൂടുതൽ വനഭൂമി വിട്ടുകിട്ടാനുള്ള സാധ്യതയേറി. 500 ഏക്കറെങ്കിലും വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ബോർഡ് മുന്നോട്ടുപോകുന്നത്.

നിലവിൽ ക്ഷേത്രം ഉൾപ്പെടെ 67 ഏക്കർ സ്ഥലം മാത്രമാണ് ശബരിമലയിൽ ഉള്ളത്. നാലുകോടി ഭക്തർ ദർശനം നടത്തുന്ന ക്ഷേത്രത്തിൽ ഇത്രയും സ്ഥലം പരിമിതമാണ്. വരുംവർഷങ്ങളിൽ ഭക്തരുടെ എണ്ണം അഞ്ചുകോടിയായി ഉയരാനുള്ള സാധ്യതയുണ്ട്. അതിനാലാണ് ഇത്രയും അധികം ഭൂമി ശബരിമലയുടെ വികസനത്തിനു വേണ്ടിവരുന്നത്. ദേവസ്വം ബോർഡ് വിഭാവന ചെയ്ത വിവിധ പദ്ധതികളോട് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കർ അനുകൂലനിലപാടാണ് പുലർത്തിയതെന്ന് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറയുന്നു. 

അഞ്ഞൂറ് ഏക്കർ വനഭൂമിയാണ് ശബരിമല വികസനത്തിനു വേണ്ടിവരുക. ഇതുസംബന്ധിച്ച പദ്ധതി റിപ്പോർട്ടും മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഒന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്തും ശബരിമലവികസനത്തിന് വനഭൂമി വിട്ടുനൽകണമെന്ന ആവശ്യം ദേവസ്വം ബോർഡ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ, പെരിയാർ ടൈഗർ റിസർവിൽ പെട്ട മേഖലയായതിനാൽ വനഭൂമി വിട്ടുനൽകാൻ കഴിയില്ലെന്നായിരുന്നു അന്നത്തെ കേന്ദ്രസർക്കാരിന്റെ നിലപാട്. പിന്നീട് എത്തിയ യു.പി.എ സർക്കാരാണ് പെരിയാർ കടുവാസങ്കേത മേഖലയിൽ പമ്പ മുതൽ ശബരിപീഠം വരെയുള്ള സ്ഥലത്ത് 12.50 ഏക്കർ വിട്ടുകൊടുത്തത്. കൂടാതെ നിലയ്ക്കലിൽ ഫാമിങ് കോർപ്പറേഷന്റെ കൈവശമിരുന്ന നൂറ് ഹെക്ടർ സ്ഥലം പ്രധാന ഇടത്താവളത്തിനായും ദേവസ്വം ബോർഡിന് കൈമാറിയിരുന്നു.

തീർത്ഥാടനം സുഗമമാക്കുന്ന നടപടികൾക്കാകും ഊന്നൽ നൽകുക. പമ്പാ-സന്നിധാനം റോപ്‌വേ പദ്ധതി സമയബന്ധിതമായി നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി പൂർത്തിയായാൽ തീർത്ഥാടനപാതയിലൂടെയുള്ള ട്രാക്ടറുകളുടെ സഞ്ചാരം പൂർണമായും ഒഴിവാക്കാൻ കഴിയും. നേരത്തെ അത്യാവശ്യസാധനങ്ങൾ സന്നിധാനത്ത് എത്തിക്കാൻ കഴുതകളെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ പ്രാകൃതനടപടി പൂർണമായും ഒഴിവാക്കി രണ്ടുവർഷം മുമ്പ് സാധനങ്ങൾ കൊണ്ടുപോകുന്നതിന് ട്രാക്ടറുകൾ ഉപയോഗിച്ചു തുടങ്ങി. സീസണിൽ സ്വാമി അയ്യപ്പൻ റോഡ്, ചന്ദ്രാനന്ദൻ റോഡ് എന്നീ വഴിയിലൂടെ ട്രാക്ടറുകളുടെ സഞ്ചാരം തീർത്ഥാടകരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. റോപ്‌വേ വരുന്നതോടെ സാധനങ്ങൾ അതിലൂടെ സന്നിധാനത്ത് എത്തിക്കാൻ കഴിയും. കൂടാതെ മല കയറാൻ ബുദ്ധിമുട്ടുന്ന ഭക്തരെ കേബിൾ കാറിലൂടെ സന്നിധാനത്ത് എത്തിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ വികസന പദ്ധതികൾക്ക് ആവശ്യമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നും ചെയ്തുകൊടുക്കണമെന്ന് വനവകുപ്പ് അധികൃതരോടും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. റോപ്‌വേ നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തേണ്ട മണ്ണുപരിശോധന, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് എന്നിവയ്ക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. റോപ്‌വേയുടെ ശിലാസ്ഥാപനം 17 ന് നടക്കും.

ഭക്തർക്ക് സുഗമമായി പമ്പയിൽ എത്തിച്ചേരുന്നതിന് വടശേരിക്കര-ചാലക്കയം റോഡ് നാലുവരിയായി വികസിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. നിലവിൽ രണ്ടുവരി പാത മാത്രമാണ് ഇവിടെയുള്ളത്. ളാഹ മുതൽ ചാലക്കയം വരെയുള്ള റോഡു വികസനത്തിന് വനഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഈ പദ്ധതി പ്രാവർത്തികമായാൽ ശബരിമലപാതയിലെ ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാക്കാൻ കഴിയും.