പത്തനംതിട്ട: ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കൊടിമരത്തിൽ രാസവസ്തു തളിച്ച അഞ്ച് പേർ കസ്റ്റഡിയിലാണ്. വിജയവാഡ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. പഞ്ചവർഗ തറയിൽ മെർക്കുറി ഒഴിച്ചാണ് കേടുപാട് വരുത്തിയത്. പിടിയിലായവരിൽ നിന്നും ദ്രാവകം അടങ്ങിയ കുപ്പികൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇത്തരമൊരു സംഭവം ഉണ്ടായതിന് കാരണം ദേവസം ബോർഡിന്റേയും പൊലീസിന്റേയും ഗുരുതരമായ വീഴ്ചയാണെന്ന നിഗമനമാണുള്ളത്.

കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഫോറൻസിക് വിദഗ്ധരെത്തി കൊടിമരത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിയേയും സംഘത്തേയും പത്തനംതിട്ട എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.ആചാരപരമായാണ് നവധാന്യങ്ങൾക്കൊപ്പം രസം കൊടിമരത്തിൽ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്കിയിരിക്കുന്നത്.

ഇത്തരം ആചാരം ആന്ധ്രയിലുണ്ടെന്ന് കേരളാ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനാ വാദം തള്ളുന്നത്. എന്നാൽ കൊടിമരത്തിന് സുരക്ഷ ഒരുക്കാൻ വലിയ വീഴ്ച പൊലീസിന് വന്നിട്ടുണ്ട്. ദേവസം ബോർഡും അലഭാവം കാട്ടി. അതുകൊണ്ടാണ് കൊടിമര പ്രതിഷ്ഠയുടെ ആദ്യ ദിനം തന്നെ ഇത്തരത്തിലൊരു സംഭവം നടന്നത്. ആർക്കും എന്തും എവിടേയും ശബരിമലയിൽ തളിക്കാമെന്നാണ് അവസ്ഥ. ഇതാണ് ഈ സംഭവവും തെളിയിക്കുന്നത്. ഇത് വിവാദമായിട്ടുണ്ട്. അതിനിടെ കേടുപാട് വന്ന ഭാഗം വീണ്ടും സ്വർണം പൂശി നേരെയാക്കി. ആദ്യ ദിവസം തന്നെ ഇത്തരത്തിലൊരു സംഭവം നടന്നത് അശുഭകരമാണെന്നാണ് വിശ്വാസികളുടെ പക്ഷം.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ശബരിമലയിൽ പുനഃപ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. ഇതിനു ശേഷം ഉച്ചപൂജ സമയത്ത് ഉൾപ്പെടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇതിനിടയിൽ എപ്പോഴോ ആണ് നിർഭാഗ്യകരമായ സംഭവം ഉണ്ടായിരിക്കുന്നത്. സത്യനാരായണ റെഡ്ഡിയും സംഘവും കഴിഞ്ഞ മൂന്നു ദിവസമായി സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊടിമരത്തിന്റെ കേടുപാട് സംഭവിച്ച ഭാഗത്തു നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട് .ഇതിന്റെ ഫലം ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഞായറാഴ്ച ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ പഞ്ചവർഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ഇവർ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് സന്ധ്യയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വർണക്കൊടിമരത്തിന് ചെലവായ മൂന്നുകോടി 20 ലക്ഷം രൂപ ഹൈദരാബാദിലെ ഫീനിക്സ് ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഴിപാടായി നൽകിയത്. പിടിയിലായവർ ആന്ധ്രപ്രദേശുകാരായതിനാൽ ഈ സ്ഥാപനവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവർഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഏതോ ദ്രാവകം ഒഴിച്ചതായി മനസിലായത്. ഞായറാഴ്ച രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തിൽ വാജിവാഹനപ്രതിഷ്ഠ നടത്തിയത്. അതിന് ശേഷം അഷ്ടദിക്പാലകന്മാരെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തുകയും ചെയ്തിരുന്നു. കൊടിമരത്തിന്റെ പറകൾ തേക്കുമരത്തിൽ സ്ഥാപിക്കുന്ന ചടങ്ങ് ശനിയാഴ്ച പുലർച്ചെ പൂർത്തിയായിരുന്നു. പുലർച്ചെ 4.25നായിരുന്നു പണികഴിഞ്ഞത്.

അഞ്ച് സ്വർണ പറകളാണ് കൊടിമരത്തിനുള്ളത്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വർണക്കൊടിമരത്തിന് ചെലവായത്. 10 കിലോ സ്വർണം, 17 കിലോ വെള്ളി, 250 കിലോ ചെമ്പ് എന്നിവയാണ് കൊടിമരത്തിന് ഉപയോഗിച്ചത്.