പത്തനംതിട്ട: ശബരിമല സ്വർണ കൊടിമരത്തിൽ മെർക്കുറി ഒഴിച്ച കേസ് കൂടുതൽ അന്വേഷണം നടത്താതെ പൊലീസ് പൂട്ടിക്കെട്ടുന്നു. പ്രതികളുടെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്താതെയാണ് ഫയൽ മടക്കുന്നത്. സർക്കാരിന്റെ താൽപര്യപ്രകാരമാണ് കേസ് കൂടുതൽ അന്വേഷിക്കാത്തത് എന്നാണ് അറിയുന്നത്. ആന്ധ്രാസർക്കാരിൽ നിന്നും ഇതിനായി സമ്മർദം ശക്തമായിട്ടുണ്ടെന്ന് ചില ദേവസ്വം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 25 നാണ് കൊടിമരത്തിൽ വാജിവാഹനം സ്ഥാപിച്ചതിന് പിന്നാലെ ആന്ധ്രയിൽ നിന്നുള്ള അഞ്ചുപേർ ചേർന്ന് പഞ്ചവർഗത്തറയിൽ മെർക്കുറി ഒഴിച്ചത് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ഇവരെ പമ്പയിൽ നിന്നും പൊലീസ് പിടികൂടി. ഇവരെ പിടികൂടിയതോടെ അന്വേഷണവും നിലച്ചു. കേരളാ പൊലീസിന്റെ ചരിത്രത്തിൽ കേട്ടുകേഴ്‌വിയില്ലാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്. ചോദ്യം ചെയ്യലിന് എന്ന പേരിൽ വന്ന ഐജി മനോജ് ഏബ്രഹാം പറഞ്ഞതുകൊടിമരച്ചുവട്ടിൽ രസം ഒഴിക്കുന്നത് ആന്ധ്രയിലെ ആചാരമാണെന്നാണ്. ഇതിന് പിൻബലമേകാൻ ആന്ധ്രയിൽ നിന്നുള്ള പൂജാരിമാരുടെ പ്രസ്താവനയും എത്തി.

അപ്പോഴും അവർ പറഞ്ഞിരുന്ന ഒരു പോയിന്റ് പൊലീസ് സൗകര്യപൂർവം കണ്ടില്ലെന്ന് വച്ചു. കൊടിമരത്തിന്റെ തറയിൽ അല്ല, ചുവട്ടിലാണ് പാദരസം ഒഴിക്കുന്നത് എന്നതാണ് ആന്ധ്രയിലെ ആചാരം. ഇക്കാര്യം പൂജാരിമാർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ ഒരു പ്രധാനകാര്യം മറച്ചു വച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കൊടിമരത്തിൽ തന്നെ രസം ഒഴിച്ചതിന് പിന്നിൽ മറ്റു കാര്യങ്ങൾ ഉണ്ടെന്നത് വ്യക്തമാണ്. ആ കാരണങ്ങളിലേക്ക് കേരളാ പൊലീസ് ഇനിയും കടന്നു ചെന്നിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് എസ്ഐ കാരാണ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ആന്ധ്രയിൽ അന്വേഷണം നടത്തുകയാണ്. പ്രതികളെ കൂടാതെയാണ് തെളിവെടുപ്പ് എന്നതാണ് ഏറെ രസകരം. പ്രതികളുടെ ചിത്രവുമായി പോയാണ് മെർക്കുറി വാങ്ങിയ കട ഏതെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പമ്പയിൽ നിന്ന് പിടിയിലായ പ്രതികളെ തിരികെ സന്നിധാനത്ത് എത്തിച്ച് തെളിവെടുത്തിരുന്നില്ല. പ്രതികൾ കൈയിൽ ഉണ്ടായിരിക്കേ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാതിരുന്നത് കേരളാ പൊലീസ് മറന്നുപോയിട്ടല്ല, ഉന്നതതല ഇടപെടൽ കാരണമാണ്. ഇതേ രീതി തന്നെയാണ് ആന്ധ്രയിലുള്ള തെളിവെടുപ്പിലും നടന്നത്. തൊണ്ടി വാങ്ങിയ സ്ഥലം കണ്ടെത്താൻ പ്രതികളെ കൊണ്ടുപോയില്ലെങ്കിൽ ഈ കേസ് എങ്ങനെ നിലനിൽക്കുമെന്നും നിയമവിദഗ്ദ്ധർ ചോദിക്കുന്നു.

പ്രതികളുമായി ആന്ധ്രയിലേക്ക് പോകാൻ കേരളാ പൊലീസിനു ധൈര്യമുണ്ടായിട്ടില്ല എന്നതും ചൂണ്ടിക്കാണിക്കേണ്ട വസ്തുതയാണ്. പൊലീസിന്റെ അനാസ്ഥ കാരണമാണ് കൊടിമര സംഭവം ഉണ്ടായത്. ഈ വീഴ്ച മറയ്ക്കണമെങ്കിൽ കേസ് തുടക്കത്തിലേ ഒതുക്കുകയും വേണം. ഇതിനുള്ള നീക്കമാണ് ഇപ്പോൾ നടന്നുവരുന്നത്. കേസ് കോടതിയിൽ നിലനിൽക്കണമെങ്കിൽ ക്രിമിനൽ ഗുഢാലോചനയ്ക്കുള്ള 120 ബി, 153 എന്നീ വകുപ്പുകളും ചേർക്കേണ്ടിയിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം മറുനാടൻ ചൂണ്ടിക്കാട്ടിയ പ്രതികളൂടെ നക്സൽ ബന്ധം അന്വേഷിക്കേണ്ടത്. ഫീനിക്സ് ഗ്രൂപ്പ് എന്ന ട്രസ്റ്റാണ് ശബരിമല കൊടിമരം സ്പോൺസർ ചെയ്തത്.

ഇവർക്ക് എന്നും എതിരാണ് നക്സൽ ഗ്രൂപ്പുകൾ. മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങി സമൂഹത്തിലെ ഉന്നതരാണ് ഈ ഗ്രൂപ്പിന്റെ 90 ശതമാനവും. അതു കൊണ്ടു തന്നെ നക്സൽ ഗ്രൂപ്പുകൾക്ക് ഇവർ അനഭിമതരാണ്. ആന്ധ്രയിൽ നടന്നിട്ടുള്ള ഈ ഗ്രൂപ്പിന്റെ ഒട്ടുമിക്ക പരിപാടികൾക്കും അവർ തുരങ്കം വച്ചിട്ടുമുണ്ട്. നക്സൽ അട്ടിമറി തന്നെയാണ് കേന്ദ്ര ഇന്റലിജൻസ് സംശയയിക്കുന്നത്. അതിന് പ്രധാന കാരണം ഇത് ചെയ്ത രീതിയാണ്. ഒരു അയ്യപ്പ ഭക്തൻ ഒരിക്കലും ഇത്തരമൊരു പ്രവൃത്തിക്ക് ധൈര്യപ്പെടില്ല. വിശ്വാസിയായ ഒരാൾ ഈശ്വരന് ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യില്ല. നക്സലുകൾ യുക്തിവാദികളാണ്. ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് ഇവർക്ക് യാതൊരു സങ്കോചവുമില്ല താനും.

ശബരിമലയിൽ കൊടിമര പ്രതിഷ്ഠ നടക്കുന്ന വിവരം ഇവർ അറിഞ്ഞത് ആന്ധ്രയിലെ ആഘോഷങ്ങളിൽ നിന്നാണ്. ഒരാഴ്ച മുൻപു തന്നെ ഇവിടെ കൊടിമരപ്രതിഷ്ഠയുടെ ആഘോഷം നടന്നിരുന്നു. ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. ഇതിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് ആന്ധ്രാ മന്ത്രിമാരും എംഎൽഎമാരും എംപിമാരുമാണ്. കൊടിമര പ്രതിഷ്ഠയിൽ നാല് മന്ത്രിമാരും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ മകൻ അടക്കമുള്ളവരും പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആന്ധ്ര വിയ്യൂർ സ്വദേശികളായ വെങ്കിട്ടറാവു, സഹോദരൻ ഇഎൻഎൽ ചൗധരി, സത്യനാരായണ റെഢി, ഉമാമഹേശ്വര റെഢി, സുധാകര റെഢി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.
ശബരിമലയിലെ കൊടിമരം സ്പോൺസർ ചെയ്യുന്നതിലൂടെ ഫീനിക്സ് ഗ്രൂപ്പിന് ആന്ധ്രയിൽ വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ഇത് അട്ടിമറിക്കുക എന്ന ലക്ഷ്യമായിരുന്നു നക്സലുകൾക്ക് ഉണ്ടായിരുന്നത്.

ശബരിമല കൊടിമരം ഹൈന്ദവരുടെ വികാരം തന്നെ ഇളക്കിയിട്ടും ഹൈന്ദവ സംഘടനകൾക്കും അനക്കമില്ല. മെർക്കുറി ഒഴിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണണെന്ന് ഒരു നേതാവും പ്രസ്താവന നടത്തിയിട്ടില്ല. സർക്കാർ മുൻകൈ എടുത്ത് അന്വേഷണം അട്ടിമറിച്ചിട്ടും ബിജെപി നേതാക്കൾ ആരും തന്നെ ഒരു പ്രതിഷേധ കുറിപ്പു പോലും ഇറക്കാൻ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.