ശബരിമല: മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നു വൃശ്ചികപ്പുലരി മുതൽ കറുപ്പുടുത്ത് മുദ്രയണിഞ്ഞ് ലക്ഷക്കണക്കിന് അയ്യപ്പന്മാർ സ്വാമിയുടെ സന്നിധിയിലേക്കൊഴുകും. ഇനി എങ്ങും ശരണം വിളിയുടെ നാളുകൾ.

ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശ്രീകോവിൽനട തുറന്ന് അയ്യപ്പസ്വാമിയെ യോഗനിദ്രയിൽനിന്ന് ഉണർത്തി ഭക്തജനസാന്നിധ്യം അറിയിച്ച് ശ്രീലകത്ത് നെയ്വിളക്കു കൊളുത്തി. ഗണപതിനടയും നാഗർനടയും തുറന്നശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു.

തുടർന്ന് പുതിയ ശബരിമല മേൽശാന്തിയായി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി അനീഷ് നമ്പൂതിരിയെയും അവരോധിച്ചു.സോപാനത്ത് പത്മം വരച്ച് കലശം പൂജിച്ച് നിയുക്ത മേൽശാന്തിയെ അഭിഷേകം ചെയ്തു. തുടർന്ന് തന്ത്രി കൈപിടിച്ച് ശ്രീലകത്തേക്കാനയിച്ച് ഭഗവാന്റെ മൂലമന്ത്രം കാതിലോതിയതോടെ അടുത്ത ഒരു വർഷത്തെ പുറപ്പെടാശാന്തിയായി അവരോധിക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന മേൽശാന്തി രാത്രി പത്തിന് നടയടച്ച് താക്കോൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ ഏൽപ്പിച്ചു.

തുടർന്ന് താക്കോൽ പുതിയ മേൽശാന്തിക്ക് കൈമാറി. ഇന്നു വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിയാണ് നട തുറക്കുക. നിർമ്മാല്യദർശനത്തിന് ശേഷം നെയ്യഭിഷേകവും ഗണപതിഹോമവും ആരംഭിക്കും. 7.30 ന് ഉഷഃപൂജ, 12.30 ന് ഉച്ചപ്പൂജ, ഒന്നിന് നട അടയ്ക്കൽ, വൈകിട്ട് നാലിനു നടതുറപ്പ്, രാത്രി ഏഴിനു പുഷ്പാഭിഷേകം, 10.30 ന് അത്താഴപൂജ, 11 നു ഹരിവരാസനം പാടി നടയടയ്ക്കും.