കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൽ നിശ്ചയിച്ച റൺവേക്ക് നീളം പോരെന്ന് വിലയിരുത്തൽ.റൺവേക്ക് കൂടുതൽ നീളമുള്ള പ്രദേശം കണ്ടെത്തുന്നതിനായി ചെറുവള്ളി എസ്റ്റേറ്റിൽ 'ഒബസ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ്' സർവേ (ഒഎൽഎസ്) ആരംഭിച്ചു.പ്രാഥമിക രൂപരേഖയിൽ 2.7 കിലോമീറ്റർ നീളമുള്ള സ്ഥലമാണ് റൺവേക്കായി കണ്ടെത്തിയത്.നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ റൺവേക്ക് 3.4 കിലോമീറ്റർ നീളമുണ്ട്.

കണ്ണൂർ വിമാനത്താവള റൺവേയുടെ നീളം 3.05 കിലോമീറ്റർ. ആവശ്യമെങ്കിൽ 4 കിലോമീറ്ററാക്കാൻ കണ്ണൂരിൽ സ്ഥലവുമുണ്ട്.റൺവേയുടെ നീളം 2.7 കിലോമീറ്ററിൽ നിർത്തുന്നത് ശബരിമല വിമാനത്താവളത്തിന്റെ ഭാവി വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് അഭിപ്രായം ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനും നീളക്കുറവു പ്രശ്‌നമായേക്കാം. ഈ സാഹചര്യത്തിലാണ് ചെറുവള്ളി എസ്റ്റേറ്റിൽ വീണ്ടും സർവേ നടത്തുന്നത്.

കൺസൽറ്റിങ് ഏജൻസിയായ ലൂയി ബഗ്‌റുടെ നിർദേശപ്രകാരം ചെന്നൈയിലെ 'ജിയോഐഡി' കൺസൽറ്റിങ് ഏജൻസിയാണ് ഒഎൽഎസ് സർവേ നടത്തുന്നത്. വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും തടസ്സമാകുന്ന വസ്തുക്കൾ ഉണ്ടോ എന്നാണ് ഒഎൽഎസ് സർവേയിൽ കണ്ടെത്തുന്നത്.

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾക്കു വേണ്ടി ഒഎൽഎസ് സർവേ നടത്തിയത് ജിയോഐഡിയാണ്. ചുരുങ്ങിയത് 3.5 കിലോമീറ്റർ നീളമുള്ള രണ്ടോ മൂന്നോ പ്രദേശങ്ങൾ കണ്ടെത്താൻ ജിയോഐഡിക്ക് നിർദ്ദേശം നൽകിയതായി വി.തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തിന്റെ അനുമതിക്കായി കേരളം സമർപ്പിച്ച അപേക്ഷ ഏതാനും മാസം മുൻപ് സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരസിച്ചിരുന്നു.

നേരത്തെ ലൂയി ബഗ്ർ ഡ്രോൺ സർവേ നടത്തി ഭൂമി അനുയോജ്യമാണെന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സ്‌പെഷൽ ഓഫിസർ വി.തുളസീദാസിന്റെ നേതൃത്വത്തിൽ നടത്തിയ വിലയിരുത്തൽ യോഗത്തിലാണ് റൺവേയുടെ നീളം സംബന്ധിച്ചു സംശയം ഉയർന്നത്.