പത്തനംതിട്ട : മധ്യതിരുവിതാംകൂറിൽ പുതിയ വിമാനത്താവളത്തിനായുള്ള സ്ഥലം കണ്ടെത്താൻ വിദഗ്ധ പഠനത്തിന് സംസ്ഥാന സർക്കാർ. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നാലു സ്ഥലങ്ങളാണ് സമിതി നിർദ്ദേശിച്ചത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ എസ്റ്റേറ്റ്, കല്ലേലി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് എന്നിവയാണ് പരിഗണനയിലുള്ളത്.

പദ്ധതി പത്തനംതിട്ടയിലോ കോട്ടയത്തോ എന്ന് സർക്കാർ നിശ്ചയിക്കുന്ന ഏജൻസി പഠിച്ച് 45 ദിവസം കൊണ്ടു റിപ്പോർട്ട് നൽകും. ഏജൻസി ഏതെന്ന് സർക്കാർ ഉടൻ തീരുമാനിക്കും. പ്രാഥമിക പഠനത്തിന് ഏജൻസിയെ നിശ്ചയിക്കാൻ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു. ലൂയി ബ്ഗർ കൺസൽറ്റൻസി എന്ന സ്ഥാപനമാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് പഠനം വാഗ്ദാനം ചെയ്തത്. സാങ്കേതിക കാര്യങ്ങളിലും ഈ സ്ഥാപനമാണ് മുന്നിൽ. പഠനത്തിനായി മൂന്നു കോടിയിലേറെ രൂപയാണ് സ്ഥാപനം ആവശ്യപ്പെടുന്നത്.

പദ്ധതിക്കു സ്ഥലം കണ്ടെത്താൻ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നംഗ സമിതിയെ നിശ്ചയിച്ചിരുന്നു. റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം. ബീന, പത്തനംതിട്ട ജില്ലാ കലക്ടർ ആർ. ഗിരിജ എന്നിവരായിരുന്നു അംഗങ്ങൾ. കുമ്പഴ എസ്റ്റേറ്റ്, കല്ലേലി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, ചെറുവള്ളി എസ്റ്റേറ്റ് എന്നിവയാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങൾ പരിശോധിച്ച സമിതി ഇവയുടെ റാങ്കിങ്ങും നടത്തിയാണ് റിപ്പോർട്ട് നൽകിയത്. ഈ സ്ഥലങ്ങളിൽ നിന്നു വേണം ഏജൻസി സ്ഥലം കണ്ടെത്തേണ്ടത്.

ഇതിൽ ചെറുവള്ളിയോടാണ് സംസ്ഥാന സർക്കാരിന് കൂടുതൽ താൽപ്പര്യം. എന്നാൽ ബിലീവേഴ്‌സ് ചർച്ചുമായി കേസ് നടക്കുന്ന വസ്തുവാണ് ഇത്. ഹാരിസണിൽ നിന്നും കോടികൾ നൽകി വാങ്ങിയതാണ് ചെറുവള്ള എസ്‌റ്റേറ്റ്. ഈ ഭൂമി വിലയ്ക്ക് കൊടുക്കാൻ ബിലിവേഴ്‌സ് ചർച്ച് തയ്യാറാണ്. എന്നാൽ ശബരിമല വിമാനത്താവളത്തിനായി ബിലിവേഴ്‌സ് ചർച്ചിന്റെ കൈയേറ്റ ഭൂമി വാങ്ങുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഇത് ചെറുവള്ളി എസ്റ്റേറ്റിന് തിരിച്ചടിയാണ്. ഈ ഭൂമി സർക്കാർ തിരിച്ചു പിടിച്ച് വിമാനത്താവളം നിർമ്മിക്കണമെന്നാണ് ആവശ്യം.

ഇതിനൊപ്പം ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ആരംഭിക്കുന്ന ഗ്രീൻഫീൾഡ് വിമാനത്താവളം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാകുമെന്ന് ഇതോടെ ഉറപ്പായി. ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിൽ എരുമേലി വിമാനത്താവളത്തെ കുറിച്ചുള്ള പ്രചരണങ്ങൾ പൊള്ളയാണെന്നും വ്യക്തമായി. വിമാനത്താവളം ലാഭകരമാകുമെന്ന സൂചനയിലാണ് ആറന്മുളയിൽ കെജിഎസ് മുന്നോട്ട് പോയത്. ആറന്മുള അപ്രസക്തമായതു കൊണ്ട് ശബരിമല വിമാനത്താവളം വലിയ ലാഭമുണ്ടാക്കും. നെടുമ്പാശ്ശേരി മാതൃക തന്നെയാകും ശബരമില വിമാനത്താവളത്തിലും സ്വീകരിക്കുക. അതിനപ്പുറത്തേക്ക് പോയാൽ അത് വിവാദമുണ്ടാക്കും. കണ്ണൂർ വിമാനത്താവളം പോലെ നിർമ്മാണം നീണ്ടു പോകാതിരിക്കാനും ശ്രദ്ധിക്കും. ഇതിനുള്ള നിർദ്ദേശവും സാധ്യതാ പഠനം മുന്നോട്ട് വയ്ക്കും. അതുകൊണ്ട് തന്നെ സ്വകാര്യ വ്യക്തികൾ നടത്തുന്ന പണപ്പിരിവിൽ ആരും വഞ്ചിതരാകരുതെന്ന നിലപാടാണ് സർക്കാരിനുള്ളത്.

എരുമേലി വിമാനത്താവളത്തിന്റെ പേരിൽ പിരിവിന് നേതൃത്വം നൽകിയത് രാജീവ് ജോസഫിന്റെ കടലാസു സംഘടന തന്നെയായിരുന്നു. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമാക്കിയായിരുന്നു ഇത്. സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങി. പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് പഠനം നടത്തിയെന്ന് അവകാശപ്പെട്ട് സ്വയം മുന്നോട്ടുവന്ന കമ്പനി അടുത്തിടെ സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് കെ എസ് ഐ ഡി സിയെ സാധ്യതാ പഠനത്തിന് സർക്കാർ ചുമതലപ്പെടുത്തിയത്. ഇപ്പോഴിതാ മറ്റൊരു ഏജൻസിയും.

ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്പോൺസർമാരായി എത്തിയ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്യുകയാണ് ചെയ്തത്.