കൊച്ചി: സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രധാന റോഡുകളിൽ ഇന്നു രാവിലെ 11 മുതൽ ഒരു മണിക്കൂർ ഉപരോധസമരം നടത്തുമെന്നു ശബരിമല കർമസമിതി. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇതേസമയം ഉപരോധം നടത്തും. 200 ഓളം ഇടത്താകും പ്രതിഷേധം നടക്കുക. ഇതോടെ ശബരിമല സമരം കൂടുതൽ കരുത്താവുകയാണ്. കേരളത്തിലുടനീളം നാമജപയാത്രകൾ തുടരുന്നു. വലിയ ഭക്ത സാന്നിധ്യമാണ് ഈ പരിപാടിയിൽ എത്തുന്നത്. സമരത്തെ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ തള്ളി പറഞ്ഞെങ്കിലും അത് കാര്യമായെടുക്കാതെ മുന്നോട്ട് പോവുകയാണ് ഹിന്ദു സംഘടനകൾ. എൻ എസ് എസ് അതിശക്തമായി തന്നെ ഇടപെടുന്നു. ഇന്ന് തിരവവനന്തപുരത്ത് എൻ എസ് എസ് തന്നെ നേരിട്ട് നാമജപയാത്ര നടത്തുന്നുണ്ട്. 

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) നേതൃത്വത്തിൽ ശബരിമല സംരക്ഷണ കാൽനടയാത്ര ഇന്നു പന്തളത്ത് ആരംഭിക്കും. എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന ലോങ് മാർച്ച് 15നു സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിക്കും. പന്തളത്തു നിന്നു തിരുവനന്തപുരത്തേക്ക് അനന്തപുരി ലോങ് മാർച്ച് എന്ന മറ്റൊരു പ്രതിഷേധ യാത്ര നാളെ 9ന് ആരംഭിക്കും. സാധ്വി ബാലിക സരസ്വതി ഉദ്ഘാടനം ചെയ്യും. ശബരിമല സംരക്ഷണ സമിതി, രാജ്യാന്തര ഹിന്ദു പരിഷത്ത്, മാതൃസമിതികൾ, ഗുരുസ്വാമിമാർ, അയ്യപ്പ വിശ്വാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്. വട്ടപ്പാറ വരെ വാഹനത്തിലും അവിടെ നിന്നു കവടിയാർ വരെ കാൽനടയായുമാണ് മാർച്ച്. ഈ രണ്ട് മാർച്ചുകൾക്കും പിന്നിലുള്ളത് ഹിന്ദു സംഘടനകളാണ്. എൻഡിഎ മാർച്ചിൽ ബിഡിജെഎസും പങ്കെടുക്കും. വെള്ളാപ്പള്ളിയുടെ ആഹ്വാനങ്ങൾ തള്ളിക്കൊണ്ടാണ് മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി മാർച്ചിൽ എത്തുന്നത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്. ഈഴവ സമുദായത്തെ സമരത്തിൽ നിന്ന് ഒന്നടങ്കം എതിരാക്കാനുള്ള തന്ത്രമാണ് പൊളിഞ്ഞത്. ഈ സാഹചര്യത്തെ നേരിടാൻ ബദൽ പ്രതിഷേധങ്ങൾ സിപിഎമ്മും ആഹ്വാനം ചെയ്തിട്ടുണ്ട്.

സിപിഎമ്മിന്റെ വനിതാ പാർലമെന്റുകളിൽ വിഷയം ചർച്ച ചെയ്യും. എസ് എൻ ഡി പിയെ കൊണ്ടൊരു ബദൽ യാത്രയും സിപിഎം പദ്ധതിയിടുന്നുണ്ട്. വിഷയം ബിജെപി ഏറ്റെടുക്കുമ്പോഴും വിശ്വാസികൾക്ക് അനുകൂലമായി നിരന്തരം കോൺഗ്രസും പ്രതികരിക്കുന്നു. അതിനിടെ ശബരിമലയിലെ യുവതീ പ്രവേശനം ആചാരലംഘനമാണെന്നും ശബരിമലയുടെ പവിത്രതയ്ക്കു കളങ്കം വരുത്തുന്ന തീരുമാനങ്ങൾ അപലപനീയമാണെന്നും അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കൂടുതൽ ഹൈന്ദവ സംഘടനകൾ സമരത്തിനൊപ്പം ചേരുന്നതിന്റെ തെളിവാണ് ഇത്.

വിഷയത്തിൽ ബിജെപി.യും കോൺഗ്രസും മത്സരിച്ച് സർക്കാരിനെതിരേ വന്ന പശ്ചാത്തലത്തിൽ സിപിഎം. ബഹുജന സംഘടനകൾ പ്രതിരോധത്തിനായി രംഗത്തിറങ്ങുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'സ്ത്രീ അവകാശ സംരക്ഷണ സംഗമം' പോലെ 'നവോത്ഥാന സദസ്സു'മായി ഡിവൈ.എഫ്.ഐ.യും പ്രചാരണം നടത്തും. എസ്.എഫ്.ഐ. 'നവോത്ഥാന ക്ലാസ്മുറി'കളും സംഘടിപ്പിക്കും.

ലോങ് മാർച്ചിന് ഇന്ന് തുടക്കം

പന്തളം കൊട്ടാരത്തിലെ അംഗങ്ങളെ കണ്ടശേഷമാണു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള ലോങ്ങ് മാർച്ച് തുടങ്ങുക. ഇന്ന് അടൂരിൽ സമാപിക്കും. നാളെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയിൽ ആരംഭിച്ചു കായംകുളം ടൗണിൽ സമാപിക്കും. 12നു ചവറയിൽ തുടങ്ങി കൊല്ലം ടൗണിൽ സമാപിക്കും. 13നു കൊല്ലത്തു നിന്നാരംഭിച്ച് കൊട്ടിയത്തു സമാപിക്കും. 14ന് ആറ്റിങ്ങലിൽ ആരംഭിച്ച് കഴക്കൂട്ടത്തു സമാപിക്കും. 15ന് പട്ടത്തു തുടങ്ങി സെക്രട്ടേറിയറ്റ് മാർച്ചോടെ സമാപിക്കും. തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് എൻഡിഎ നേതാക്കളെത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് അറിയിച്ചു.

ശബരിമല യുവതി പ്രവേശത്തിനെതിരെ പന്തളത്തു നിന്നു തിരുവനന്തപുരത്തേക്ക് അനന്തപുരി ലോങ് മാർച്ച് നാളെ 9ന് ആരംഭിക്കും. സാധ്വി ബാലിക സരസ്വതി ഉദ്ഘാടനം ചെയ്യും. ശബരിമല സംരക്ഷണ സമിതി, രാജ്യാന്തര ഹിന്ദു പരിഷത്ത്, മാതൃസമിതികൾ, ഗുരുസ്വാമിമാർ, അയ്യപ്പ വിശ്വാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്. വട്ടപ്പാറ വരെ വാഹനത്തിലും അവിടെ നിന്നു കവടിയാർ വരെ കാൽനടയായുമാണ് മാർച്ച്.

പന്തളത്തു നിന്നു പുറപ്പെട്ട് അടൂർ, കൊട്ടാരക്കര, പുനലൂർ, തെന്മല വഴി കുളത്തുപ്പുഴയിൽ ആദ്യ ദിനം ക്യാംപ് ചെയ്യും. 12ന് കുളത്തുപ്പുഴയിൽ നിന്നു തുടങ്ങി അഞ്ചൽ, ആയൂർ, ചടയമംഗലം വഴി നിലമേൽ എത്തും. 13ന് കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം വഴി വട്ടപ്പാറ. 14 ന് വട്ടപ്പാറയിൽ നിന്നു പുറപ്പെട്ട് തിരുവനന്തപുരം നഗരം ചുറ്റി കവടിയാറിൽ സമാപിക്കുമെന്നു ശബരിമല സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ അധ്യക്ഷൻ സുഭാഷ് തണ്ണിത്തോട്, ഓർഗനൈസിങ് സെക്രട്ടറി വിനു ഹരി നാരായണൻ എന്നിവർ പറഞ്ഞു.

അതിനിടെ സമരത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തുന്നവരെ ശക്തമായി നേരിടുമെന്ന സന്ദേശവും സർക്കാർ നൽകി. ക്രമസമാധാന നില അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സാഹചര്യങ്ങൾ മുതലെടുത്തു ക്ഷേത്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാനാണു മറ്റു ചിലരുടെ നീക്കം. വിശ്വാസികളുടെ പ്രതിഷേധം സ്വാഭാവികമാണ്. അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും കടകംപള്ളി പറഞ്ഞു.

നാമജപയാത്രകൾ സജീവം

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധവുമായി എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശരണമന്ത്രജപ യാത്രയിൽ അണിചേർന്നതു പതിനായിരങ്ങൾ. യാത്ര മണിക്കൂറുകളോളം നഗരത്തെ നിശ്ചലമാക്കി. മുണ്ടൻകാവിൽ യൂണിയൻ ആസ്ഥാനത്തിനു മുന്നിൽ നിന്നാണു യാത്ര ആരംഭിച്ചത്. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം തെളിയിച്ചു. നഗരം ചുറ്റി കിഴക്കേനടയിൽ സമാപിച്ചു. യോഗത്തിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ അധ്യക്ഷത വഹിച്ചു. ആചാരാനുഷ്ഠാനങ്ങളെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ കോടതിവിധി വരാനിരിക്കുന്ന മറ്റു പലതിന്റെയും തുടക്കമാണെന്നും കൊട്ടാരത്തിനു പിന്തുണയുമായി ആദ്യമെത്തിയത് എൻഎസ്എസ് ആണെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ പറഞ്ഞു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഹരിപ്പാട്ട് അയ്യപ്പഭക്തജന കൂട്ടായ്മ നടത്തിയ നാമജപ സങ്കീർത്തന യാത്രയിലും വലിയ പങ്കാളിത്തമുണ്ടായിരുന്നു. അയ്യപ്പന്റെ ചിത്രവും കെടാവിളക്കും വഹിച്ച രഥത്തിന്റെ അകമ്പടിയോടെയായിരുന്നു യാത്ര. സ്ത്രീകളാണ് ഏറെയും പങ്കെടുത്തത്. യൂണിയൻ ഭരണസമിതിയംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, എൻഎസ്എസ് പ്രതിനിധിസഭാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. യൂണിയനു കീഴിലെ 108 കരയോഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയന്റെ ശബരിമല ആചാര സംരക്ഷണ നാമജപ ഘോഷയാത്ര ഇന്നു 2.30നു നടക്കും. പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തും. തുടർന്നു നഗരംചുറ്റി പുതിയകാവ് ക്ഷേത്രത്തിൽ സമാപിക്കുമെന്നു യൂണിയൻ പ്രസിഡന്റ് ടി.കെ.പ്രസാദ് അറിയിച്ചു. ഇന്നു 4നു ചേർത്തലയിൽ നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാർ വർമ തുടങ്ങിയവരും അമ്പലപ്പുഴ പേട്ട സംഘം, ആലങ്ങാട്ട് സംഘം, കുരുതി സംഘം പ്രതിനിധികളും പങ്കെടുക്കും. പതിനായിരത്തിൽപരം പേർ പങ്കെടുക്കുമെന്നു സംഘാടകരായ എൻ.ശ്രീകുമാർ, ഡി.ദീപക്, സ്വാമി അനിൽ എന്നിവർ പറഞ്ഞു.

ബദൽ പ്രതിഷേധത്തിന് സിപിഎം

പ്രതിഷേധ സമരങ്ങളെ എസ്എൻഡിപി, കെപിഎംഎസ് സംഘടനകളുടെ പിന്തുണയോടെ ചെറുക്കാൻ സർക്കാർ നീക്കം. സമാന നിലപാടുള്ള മറ്റു സംഘടനകളെയും ചേർത്ത് സർക്കാരിന് അനുകൂലമായി തെരുവിലിറക്കാനും ആലോചനയുണ്ട്. സർക്കാരിന്റെ നിരപരാധിത്വം വ്യക്തമാണെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, എല്ലാ സമുദായ സംഘടനകളും കോടതി വിധിക്കെതിരെ സമരരംഗത്തില്ലെന്ന സന്ദേശമാണു നൽകുന്നത്.

ശബരിമലയിൽ പ്രതിരോധത്തിനായി ഈമാസം 12 മുതൽ 20 വരെ 210 ബ്ലോക്ക് കേന്ദ്രങ്ങളിലാണ് ഡിവൈ.എഫ്.ഐ. നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം മുറുകെപ്പിടിക്കുന്നതിനും വിശ്വാസത്തിന്റെ മറവിൽ വർഗീയതയും കലാപവും സൃഷ്ടിക്കാനുള്ള ബിജെപി.യുടെയും കോൺഗ്രസിന്റെയും നീക്കത്തിനെതിരേയുമാണ് സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ എംഎ‍ൽഎ. പറഞ്ഞു.

നവംബർ 11 മുതൽ 14 വരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാനസമ്മേളനം കേരളത്തെയാകെ ഇളക്കിമറിക്കുന്ന പ്രചാരണപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ. എല്ലാ കാമ്പസുകളിലും 11 മുതൽ 'നവോത്ഥാന ക്ലാസ്മുറികൾ' സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് പറഞ്ഞു. 1983-ലെ നിലയ്ക്കൽ പ്രക്ഷോഭകാലത്താണ് കേരളത്തിന്റെ മതസാഹോദര്യം ഉയർത്തിപ്പിടിച്ച് ഏറ്റവും ഉജ്ജ്വലമായ പ്രക്ഷോഭം സംഘടന സംഘടിപ്പിച്ചത്. അതിന് സമാനമായ പ്രചാരണപരിപാടികളാണ് പാർട്ടി സംഘടനകൾ ആലോചിക്കുന്നത്.