പമ്പ: ശബരിമലയിൽ പൊലീസിന്റെ പ്രതിരോധവും അവകാശവാദങ്ങളും പൊളിയുന്നു. ശബരിമല ദർശനത്തിന് യുവതികളെത്തിയാലും മലകയറ്റാനാവാത്ത സാഹചര്യത്തിലാണ് പമ്പയും സന്നിധാനവും. ഓരോ സ്ത്രീയേയും പരിശോധിച്ച ശേഷമാണ് കാനനപാതിയിലുള്ള ഭക്തർ കടത്തി വിടുന്നത്. ആചാരങ്ങൾ പാലിക്കാനുള്ള ഭക്തരുടെ ശ്രമത്തെ ബലപ്രയോഗത്തിലൂടെ നേരിടാൻ പൊലീസ് തയ്യാറല്ല. ഈ സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. ആന്ധ്രാ സ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയുമാണ് ദർശനത്തിന് എത്തിയത്.

ഭക്തർ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ഭക്തർ ഇവരോട് ആധാർ കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസ്സിൽ താഴെയാണെന്ന് മനസ്സിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു. യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തർ വഴിയിൽ കിടന്നും ശരണം വിളിച്ചും പ്രതിഷേധം പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് എത്തി യുവതികളെ പമ്പാ ഗാർഡ് റൂമിലേക്ക് മാറ്റി. സന്നിധാനത്ത് ഇനി സംഘർഷത്തിലേക്ക് നയിക്കുന്നതൊന്നും ചെയ്യേണ്ടതില്ലെന്നാണ് പൊലീസ് ഉന്നതർ നൽകിയ നിർദ്ദേശം.

ശബരിമലയിൽ തുലാമാസ പൂജ സമയത്തുണ്ടായ സംഭവങ്ങൾ സുപ്രീംകോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്, ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിക്കും. വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മണ്ഡല തീർത്ഥാടനകാലത്തും യുവതി ദർശനം സാധ്യമാകില്ലെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. ശനിയാഴ്ച കൊല്ലം സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവുമായ എസ് പി മഞ്ജു ശബരിമല ദർശനത്തിനെത്തിയിരുന്നു. എന്നാൽ മോശം കാലാവസ്ഥയെയും പ്രതിഷേധത്തെയും തുടർന്ന് ദർശനത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ശബരിമല കയറാനായി വീണ്ടും യുവതികൾ എത്തിയത്. പൊലീസ് അകമ്പടിയില്ലാതെ മലകയറിയ ഇവരെ നീലിമലയിൽ വച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്. അതിനിടെ ശബരിമലയിൽ വിശ്വാസികളുടെ ധർമസമരമാണ് നടക്കുന്നതെന്നു മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരി പ്രതികരിച്ചു. സവർണതയും ഫ്യൂഡലിസവും പറയുന്നതു വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ്. അയ്യപ്പനെ കാണാനെത്തുന്നവർ ജാതിയും മതവും നോക്കി എത്തുന്നവരല്ല. ഇപ്പോൾ ശബരിമലയിൽ എത്താൻ ശ്രമിക്കുന്നത് അടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ്. ആചാരങ്ങൾ മുറുകെ പിടിക്കണമെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു.

ശബരിമല ദർശനത്തിനായി മടങ്ങിയെത്തുമെന്ന് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ മഞ്ജു വ്യക്തമാക്കി. ആരോഗ്യസ്ഥിതി അനുസരിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ താൻ എത്തുമെന്ന് മഞ്ജു തറപ്പിച്ചു പറഞ്ഞു.പമ്പയിൽ തങ്ങനായുള്ള സൗകര്യങ്ങൾ കുറവായതുകൊണ്ടാണ് മടങ്ങുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു. അയ്യപ്പ ദർശനത്തിന് പമ്പയിൽ കാത്തുനിന്ന മഞ്ജുവിന് കനത്ത മഴയാണ് വിലങ്ങുതടിയായത്. ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്.

യുവതിക്ക് മലകയറാൻ് സുരക്ഷ ഒരുക്കാനാകില്ലെന്ന തീരുമാനത്തിലേയ്ക്ക് പൊലീസ് നേരത്തെ എത്തിയിരുന്നു. പൊലീസ് ഇവരുമായി സംസാരിച്ചുവെങ്കിലും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തനിക്ക് മല കയറിയേ പറ്റൂ എന്നും സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ചുമതലയാണ് എന്നുമുള്ള നിലപാടിൽ യുവതി ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇന്നു പോകാനാകില്ലെന്ന പൊലീസ് നിലപാടിനെ തുടർന്ന് മറ്റു കാര്യങ്ങൾ കൂടി പരിഗണിച്ചതിനു ശേഷം പിന്നീട് പോകാൻ സുരക്ഷ ഒരുക്കാമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

യുവതി എത്തുന്നുവെന്ന വിവരത്തെ തുടർന്ന് സന്നിധാനത്ത് പ്രതിഷേധമുയർത്താൻ വൻ ഭക്തജനം കൂട്ടം കൂടി നിന്നിരുന്നു. മാത്രമല്ല ഇന്നലെ രാത്രി മലകയറിയ പ്രതിഷേധക്കാർ കാനന പാതയുടെ പല ഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം. ഇതിനിടെ, യുവതിയുടെ പൂർവ പശ്ചാത്തലം കൂടി പൊലീസ് പരിശോധിച്ചിരുന്നു. പതിനഞ്ചോളം കേസുകൾ ഇവർക്കെതിരെ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലം ആശ്രാമം ഇ.എസ്‌ഐ ഓഫീസിലെ ഡോക്ടറെ മർദ്ദിച്ചതും, വസ്തു തർക്കവും ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ഉള്ളതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ന് എത്തിയ ആന്ധ്രാ സ്വദേശികളുടെ പേരിൽ കേസുകളൊന്നുമില്ല. എന്നിട്ടും മലകയറാൻ കഴിഞ്ഞില്ല.