പത്തനംതിട്ട: ശബരിമലയിൽ ഇരുമുടി കെട്ടുമായി സന്നിധാനത്ത് എത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നടത്തിയ ഇടപെടൽ പരിവാർ രാഷ്ട്രീയം അനുകൂലമാക്കാനെന്ന വിലയിരുത്തൽ ശക്തം. സംസ്ഥാന പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് തന്നെയാണ് സുരേന്ദ്രന്റെ മുന്നോട്ടുള്ള പോക്ക്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് അറസ്റ്റിലായ സുരേന്ദ്രൻ ജാമ്യാപേക്ഷ വൈകി നൽകിയാൽ മതിയെന്ന് പ്രവർത്തകരോടു പറഞ്ഞതും ഇതേ ലക്ഷ്യത്തോട് തന്നെ. ശ്രീധരൻപിള്ളയടക്കമുള്ള ബിജെപി നേതാക്കൾ വായത്താരി അടിക്കുമ്പോൾ ചിട്ടയായ പ്രവർത്തനമാണ് സുരേന്ദ്രൻ ശബരിമല വിഷയത്തിൽ നടത്തുന്നത്. ബിജെപിയുടെ നേതൃപദവിയാണ് സുരേന്ദ്രന്റെ മനസ്സിലുള്ളത്.

മുതിർന്ന ഒരു നേതാവും അറസ്റ്റും മറ്റ് കുഴപ്പങ്ങളും ഭയന്ന് പമ്പ കടക്കാൻ മടിച്ചപ്പോൾ സുരേന്ദ്രും മുൻ സംസ്ഥാന സെക്രട്ടറി വിവി രാജേഷും മാത്രമാണ് ശബരിമല സന്നിധാനത്ത് എത്തിയത്. സ്ത്രീ പ്രവേശന വിഷയത്തിൽ ആദ്യം അനുകൂല നിലപാട് എടുത്ത സുരേന്ദ്രൻ, ശബരിമലയിൽ തുലമാസപൂജ സമയത്ത് നടന്ന പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നില്ല. നിലയ്ക്കലിലെ ലാത്തി ചാർജ് അടക്കം കളം മൂത്തതോടെ വലിയ ഒരു സാധ്യതയാണ് സുരേന്ദ്രൻ തിരിച്ചറിഞ്ഞത്. പൊലീസിന്റെ മുന്നിലൂടെ കൂളായി നടന്ന് പോയി രാജേഷും സുരേന്ദ്രനും ചേർന്ന് സന്നിധാനത്തിലെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഇത് പരിവാർ നേതൃത്വത്തിന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്.

ഈ സമയം ശ്രീധരൻ പിള്ള അടക്കം ബിജെപി നേതാക്കൾ പത്തനംതിട്ടയിൽ ധർണ നടത്തുകയായിരുന്നു. എഎൻ രാധാകൃഷ്ണനെപ്പോലുള്ളവർ നിലയ്ക്കൽ വരെ വന്ന് നിരോധനാജ്ഞ ലംഘിച്ച് ജാമ്യം നേടി മടങ്ങി. തുലാമാസ പൂജ സമയത്ത് ആചാരലംഘനം തടഞ്ഞത് സുരേന്ദ്രന് ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പിന്നീട് പറഞ്ഞു. ഇതോടെ എൻഎസ്എസും സുരേന്ദ്രന് പിന്തുണയുമായി രംഗത്തു വന്നു. സുകുമാരൻ നായർ പരസ്യമായി സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ സുരേന്ദ്രനെ പൂട്ടാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടത്. മുൻപുള്ള കേസിലെ വാറണ്ട് കാണിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. അവിടെയും സുരേന്ദ്രൻ പണി പറ്റിച്ചു.

മുണ്ടക്കയം നാറാണംതോട് വഴി വനത്തിലൂടെ പുതിയ വഴി വെട്ടിത്തെളിച്ച് സന്നിധാനത്ത് എത്തി സുരേന്ദ്രൻ വീണ്ടും ഹീറോയായി. ഇതോടെ കാര്യങ്ങൾ പിടിവിട്ടു പോവുകയാണെന്ന് മറുപക്ഷത്തിന് മനസിലായി. അങ്ങനെയാണ് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരിയെ സന്നിധാനത്ത് എത്തിച്ചത്. പൊലീസിന്റെ മൈക്ക് വാങ്ങി ഭക്തരെ അനുനയിപ്പിച്ച് തില്ലങ്കരി കുറേ സമയത്തേക്ക് എങ്കിലും ശ്രദ്ധ പിടിച്ചു പറ്റി. മണ്ഡലകാലത്തിന് നട തുറന്നപ്പോൾ സുരേന്ദ്രൻ എന്ത് ചെയ്യുമെന്നായിരുന്നു പൊലീസ് നിരീക്ഷിച്ചിരുന്നത്. പ്രശ്നമുണ്ടാക്കാൻ ഉറച്ചു തന്നെയാണ് ശനിയാഴ്ച വൈകിട്ട് സുരേന്ദ്രൻ നിലയ്ക്കലിൽ എത്തിയത്.

പൊലീസുമായി പിടിവലി ഉണ്ടാക്കി നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് റിമാൻഡിൽ പോകാൻ തയാറായിട്ട് തന്നെയാണ് സുരേന്ദ്രൻ എത്തിയത്. സുരേന്ദ്രൻ ഒരുക്കിയ കെണിയിൽ പൊലീസും വീണും. കരുതൽ തടങ്കലിൽ എടുത്ത സുരേന്ദ്രനെ പൊലീസിന് ഇന്നലെ രാവിലെ വിട്ടയയ്ക്കാമായിരുന്നു. അതിനിടെ പൊലീസിനെ ആക്രമിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യത്തിന് വേണ്ടി ശ്രമിക്കണ്ട എന്നാണ് സുരേന്ദ്രൻ ആദ്യം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നാണ് അറിയുന്നത്.

അയോധ്യ മാതൃകയിൽ ശബരിമല വിഷയം കൈകാര്യം ചെയ്ത സുരേന്ദ്രനെ കേന്ദ്രനേതൃത്വം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുകയാണ്. കൈയിൽ കിട്ടിയ അവസരം കളഞ്ഞു കുളിക്കുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്ത ശ്രീധരൻ പിള്ളയുടെ നടപടികളോട് ദേശീയ നേതൃത്വത്തിനും അതൃപ്തിയാണ്. ഈ സാഹചര്യം സുരേന്ദ്രന് സഹായകമാകും. കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് മാറ്റി മിസോറാം ഗവർണ്ണറാക്കിയത് സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയും ചെയ്തു. എന്നാൽ കേരളത്തിലെ ആർഎസ്എസ് എതിർത്തതോടെ ശ്രീധരൻപിള്ള അധ്യക്ഷനായി.

പരിവാറുകാരുടെ എതിർപ്പാണ് ഇതിനെല്ലാം കാരണമെന്ന വിലയിരുത്തലിൽ സുരേന്ദ്രനും എത്തിയിരുന്നു. ഏതായാലും ശബരിമലിയെ വിവാദങ്ങൾ സുരേന്ദ്രന് വീര നേതാവിന്റെ പരിവേഷം നൽകുകയാണ്.

ആചാര ലംഘനം സുരേന്ദ്രൻ നടത്തിയിട്ടില്ലെന്ന് ശ്രീധരൻ പിള്ള

കെ.സുരേന്ദ്രൻ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശം അടിസ്ഥാനരഹിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്ശ്രീധരൻ പിള്ള. ദേവസ്വം മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. തെറ്റ് തിരുത്തി മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവസ്വം മന്ത്രി കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധർമ്മത്തിൽ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. മരണശേഷം കുടുംബാംഗങ്ങൾക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോ. അത് അംഗീകരിച്ച് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇതുപോലെയൊരു കാര്യം പോലും അറിയാത്ത മന്ത്രിയുടെയും സർക്കാരിന്റെയും നീക്കം ശബരിമലയെ തകർക്കാനാണ് എന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

അമ്മ മരിച്ച് ആറു മാസം പോലും തികയും മുമ്പാണ് കെ.സുരേന്ദ്രൻ ശബരിമലയിൽ വന്നതെന്നും ഇത് ആചാരലംഘനമാണ് എന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശം. കഴിഞ്ഞ മാസവുംസന്നിധാനത്ത് വച്ച് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ല. ഒരു വിശ്വാസവും ഉള്ളവരല്ല ഇവർ. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വർഗീയ പ്രചരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്. 2018 ജൂലൈയിലാണ് സുരേന്ദ്രന്റെ അമ്മ മരിച്ചത്. കുടുംബത്തിൽ മരണം ഒരു വർഷത്തിന് ശേഷമേ ശബരിമലയ്ക്ക് പോകാവൂ എന്നാണ് ആചാരമെന്നാണ് മന്ത്രി പറഞ്ഞത്.