- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ നീക്കം ഫെഡറൽ നിയമത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് എങ്ങനേയും കേന്ദ്ര ഇടപെടലിന്; യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മുഖം രക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ബിജെപി; ഗവർണ്ണറെ കണ്ടത് ആഭ്യന്തര മന്ത്രാലയത്തിന് പ്രതികൂല റിപ്പോർട്ട് നൽകിക്കാൻ; ഇപ്പോഴത്തെ പ്രതീക്ഷ ഇടപെടാമെന്ന ഗവർണ്ണറുടെ വാഗ്ദാനത്തിൽ; ബിജെപിയുടെ കേന്ദ്രസംഘം വിശ്രമിക്കാതെ കേരളം ചുറ്റുന്നു
കൊച്ചി: ശബരിമലയിൽ ഇടപെടൽ ശക്തമാക്കാൻ ബിജെപി തീരുമാനം. കേന്ദ്ര സർക്കാരും കരുതലോടെ ഇടപെടൽ നടത്തും. ശബരിമലയിൽ വിശ്വാസികൾക്കു നേരിട്ട ദുരവസ്ഥയെക്കുറിച്ചു സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് അയയ്ക്കുമെന്നും ഗവർണർ ജസ്റ്റിസ് പി. സദാശിവത്തോട് ബിജെപിയുടെ കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തോട് ഗവർണ്ണർ അനുകൂലമായി പ്രതികരിച്ചതായി ബിജെപി എംപിമാരുടെ സംഘം വിശദീകരിക്കുന്നു. ബിജെപിയുടെ ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരം എത്തിയ സംഘം ഇന്നലെ ഗവർണറെ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമരാധ്യയായി സംസാരിച്ച യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കാനുള്ള വഴികളാണ് സംഘം പ്രധാനമായും തേടുന്നത്. സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന് പോകാതെ യതീഷ് ചന്ദ്രയെ കുടുക്കാനാണ് നീക്കം. ശബരിമലയിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലു
കൊച്ചി: ശബരിമലയിൽ ഇടപെടൽ ശക്തമാക്കാൻ ബിജെപി തീരുമാനം. കേന്ദ്ര സർക്കാരും കരുതലോടെ ഇടപെടൽ നടത്തും. ശബരിമലയിൽ വിശ്വാസികൾക്കു നേരിട്ട ദുരവസ്ഥയെക്കുറിച്ചു സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് അയയ്ക്കുമെന്നും ഗവർണർ ജസ്റ്റിസ് പി. സദാശിവത്തോട് ബിജെപിയുടെ കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തോട് ഗവർണ്ണർ അനുകൂലമായി പ്രതികരിച്ചതായി ബിജെപി എംപിമാരുടെ സംഘം വിശദീകരിക്കുന്നു. ബിജെപിയുടെ ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരം എത്തിയ സംഘം ഇന്നലെ ഗവർണറെ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമരാധ്യയായി സംസാരിച്ച യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കാനുള്ള വഴികളാണ് സംഘം പ്രധാനമായും തേടുന്നത്. സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന് പോകാതെ യതീഷ് ചന്ദ്രയെ കുടുക്കാനാണ് നീക്കം.
ശബരിമലയിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനാണെന്ന് ബിജെപി കേന്ദ്രസംഘം ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിനു നൽകിയ നിവേദനത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെ ശബരിമലയെ പകർച്ചവ്യാധി ഭീഷണിയിലാക്കി. തീർത്ഥാടകരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടുപോലും ബഹുമാനമില്ലാതെ, പരുക്കൻ രീതിയിലായിരുന്നു പൊലീസിന്റെ സമീപനം. കെ.പി. ശശികല, കെ. സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ പൊലീസ് വ്യാജകേസുകൾ ചുമത്തി അറസ്റ്റ് ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാൻ ഗവർണർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിന് ഗവർണ്ണറെ കൊണ്ട് റിപ്പോർട്ട് നൽകിക്കാനുള്ള നീക്കമാണ് ഇത്. ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമാക്കി മാറ്റി എറ്റെടുക്കാനുള്ള ആലോചനയും സജീവമാണ്.
വിഷയത്തിൽ കേന്ദ്ര ഇടപെടൽ അനിവാര്യമാണെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രസംഘത്തെ ധരിപ്പിച്ചത്. തുടർന്ന് ഗവർണറെ കണ്ട സംഘം ശക്തമായ നടപടിയാണ് ആവശ്യപ്പെട്ടത്. ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുകളിൽനിന്നുള്ള ഇടപെടലാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ശബരിമലയിൽ അതിക്രമങ്ങൾക്ക് നേതൃത്വംനൽകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയാണ് ബിജെപി. നേതൃത്വം ആവശ്യപ്പെടുന്നത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മുഖംരക്ഷിക്കാൻ കഴിയാത്ത നിലയിലാണ് സംസ്ഥാനഘടകം. ശബരിമല വിഷയം പാർട്ടിക്കുള്ളിൽതന്നെ ആഭ്യന്തര പ്രശ്‌നങ്ങൾക്കും കാരണമായി. ഇത് പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.കുറഞ്ഞപക്ഷം ബിജെപി. നേതാക്കളെ അറസ്റ്റ് ചെയ്യുകയും കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത എസ്‌പി. യതീഷ് ചന്ദ്രക്കെതിരെയെങ്കിലും നടപടിയുണ്ടാവണം എന്നാണ് ഇവരുടെ ആവശ്യം.
ഫെഡറൽ സംവിധാനത്തിൽ കേഡറിലുള്ള ഐപിഎസുകാരിൽ നിയന്ത്രണം സംസ്ഥാന സർക്കാരിനാണ്. കേന്ദ്രത്തിന് ഇടപെടാൻ പരിമിതിയുണ്ട്. നടപടി എടുക്കാൻ ശുപാർശ ചെയ്യാൻ മാത്രമേ കഴിയൂ. ഈ സാഹചര്യത്തിലാണ് ഫെഡറൽ സംവിധാനം അട്ടിമറിക്കാതെ യതീഷ് ചന്ദ്രയെ പെടുത്താനുള്ള നീക്കം. കേരളത്തിലെത്തിയ ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രഹ്ലാദ് ജോഷി, പട്ടികജാതി മോർച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കർ, നളിൻകുമാർ കട്ടീൽ എന്നിവരാണ് മറ്റ് അംഗങ്ങൾ. ശബരിമലയിൽ കേന്ദ്ര ഇടപെടലിന് സാഹചര്യമൊരുക്കുന്ന റിപ്പോർട്ട് ഇവർ നൽകും. ഇന്നലെ കൊച്ചയിലായിരുന്നു ചർച്ചകൾ. സംഘമിന്ന് തിരുവനന്തപുരത്ത് എത്തും. ജയിലിലുള്ള സുരേന്ദ്രനേയും കാണും.
ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായി ദേശീയസംഘം ആദ്യം ചർച്ച നടത്തി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എംഎൽഎ, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എം.ഗണേശ് എന്നിവർ പങ്കെടുത്തു. തുടർന്നു ശബരിമല കർമസമിതി ഭാരവാഹികളുമായും ചർച്ച നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നാരായണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ, അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉൾപ്പെടെയുള്ളവരുടെ അനുഭവങ്ങളും സംഘം രേഖപ്പെടുത്തി. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ എത്തിയ ബിജെപി സംഘം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി. ജി. ശശികുമാരവർമയുമായി അര മണിക്കൂർ ചർച്ച നടത്തി.
ശബരിമല സന്ദർശിച്ച ശേഷം സംഘം ഇന്നു തിരുവനന്തപുരത്തേക്കു തിരിക്കും. 10ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കും. ദേശീയാധ്യക്ഷൻ അമിത്ഷാ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം എത്തിയത്. ശബരിമലയ്ക്ക് പുറത്തേക്ക് സമരങ്ങൾ ശക്തമാക്കാനും പാർട്ടി പരിപാടിയിട്ടുണ്ട്. മന്ത്രിമാരെ വഴിയിൽ തടയുന്നതടക്കമുള്ള സമരം അതിന്റെ ഭാഗമാണ്. സെക്രട്ടേറിയറ്റിനു മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തിങ്കളാഴ്ച ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരസമരം മുറുകുമ്പോൾ സമരങ്ങളും കൂടും.