പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വ്യക്തമായ രേഖകൾ ഇല്ലെന്നും 1991-വരെ ക്ഷേത്രത്തിൽ യുവതികൾ പ്രവേശിച്ചിരുന്നു എന്നുമുള്ള സംസ്ഥാന സർക്കാറിന്റെ നിലപാട് തെറ്റാണെന്ന് സർക്കാർ തന്നെ പ്രസിദ്ധീകരിച്ച ചരിത്ര രേഖ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് രേഖയിലാണ് ഈ വിവരങ്ങളുള്ളത്. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വീണ്ടുമെത്തുമ്പോൾ ഈ രേഖ നിർണ്ണായകമാകും. റിവ്യൂ ഹർജിയിൽ പന്തളം കൊട്ടരമടക്കമുള്ളവർക്ക് പുതിയ പ്രതീക്ഷയാണ് ഈ രേഖ,

ഇരുനൂറ് വർഷം മുമ്പ് 1816 മുതൽ 1820 വരെ തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സർവേ ജോലികൾക്കായി എത്തിയ വാർഡ്, കോണർ എന്നീ ബ്രിട്ടീഷുകാർ രചിച്ച 'മെമ്മയർ ഒഫ് ദി സർവേ ഓഫ് ദി ട്രാവൻകൂർ ആൻഡ് കൊച്ചിൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിലാണ് ശബരിമലയിൽ ഒരു നിശ്ചിത പ്രായത്തിനുള്ളിലുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു എന്ന് വ്യക്തമാക്കുന്നത്. കൂടാതെ ശബരിമലയുടെ സാമൂഹ്യ സാമ്പത്തീക പാരിസ്ഥിതിക വിഷയങ്ങളും മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ പതിപാദിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പ്രസക്ത ഭാഗങ്ങൾ മറുനാടന് കിട്ടി.

ഒരു പക്ഷേ ശബരിമലയിൽ അനാദികാലം മുതൽ നിശ്ചിതപ്രായക്കാരായ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു എന്നതു സംബന്ധിച്ച തെളിവുനൽകുന്ന ആധികാരികമായ ഏക രേഖയായിരിക്കും ഇത്. 1827-ൽ ബ്രിട്ടീഷ് സർക്കാരും 1994-ൽ കേരള സർക്കാരും പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മൂന്ന് വാല്യങ്ങളും ഇന്ന് തിരുവനന്തപുരം തൈക്കാട്ടുള്ള വൈകുണ്ഡസ്വാമി അന്തർദേശീക പഠന കേന്ദ്രത്തിൽ ലഭ്യമാണ്. പശ്ചിമഘട്ട മലനിരകളിൽ സാധാരണഗതിയിൽ ചെന്നെത്താൻ ഏറെ ദുർഘടമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നും ഭക്തരെ ക്ഷേത്രത്തിലേക്ക് വനവാസികളാണ് അക്കാലത്ത് നയിച്ചിരുന്നതെന്നും പുസ്തകം സൂചിപ്പിക്കുന്നു.

കൊച്ചുകുട്ടികൾക്കും പ്രായമായ സ്ത്രീകൾക്കും ക്ഷേത്രത്തിൽ ദർശനം നടത്താമെങ്കിലും നിശ്ചിത പ്രായത്തിനുള്ളിലുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. ക്ഷേത്രത്തിലെ ദേവന് യുവതീ ദർശനം ഇഷ്ടമല്ലാത്തതിനാലാണിത്. ആനകൾ ഏറെയുള്ള മലനിരകളിൽ തടാകവും അരുവികളും ദൃശ്യമാണ്. കാടിന് നടുവിലുള്ള ചെറിയ ക്ഷേത്രത്തിലേക്ക് കല്ലിൽ നിർമ്മിച്ച 18 പടികൾ ഉണ്ട്. ഇതിനോടുചേർന്ന് ഉദ്ദേശ്യം 150 ചതുരശ്ര അടിവരുന്ന ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്. പിത്തള മേഞ്ഞ ക്ഷേത്രത്തിലെ വാർഷീകാഘോഷം ജനുവരി 12 മുതൽ അഞ്ചുദിവസമാണ് നടത്തിവുന്നത്. ഈ സമയം ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ നിന്നും 10,000-15,000 വരെ ഭക്തർ ദർശനത്തിന് എത്തിയിരുന്നു.

ക്ഷേത്രം നിലനിൽക്കുന്ന മേഖലയിലും സമീപപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നില്ല. ശബരിമല എന്നതിന് ചൗരിമുള്ള എന്നും എരുമേലിക്ക് എരമകുളി എന്നാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. പതിനെട്ടാം പടിക്ക് താഴെയാണ് ഭക്തർ നേർച്ചപണം ഇട്ടിരുന്നത്. വലിയ തുക തന്നെ ഈ ഇനത്തിൽ ലഭിക്കും. സർക്കാരാണ് പണം ശേഖരിച്ചിരുന്നത്. ഇതിനായി മാത്രം ഒരു ബ്രാഹ്മണനേയും രണ്ട് നായന്മാരേയും നിയമിച്ചിരുന്നു. ഭക്തർ ഭണ്ഡാരത്തിൽ അർപ്പിക്കുന്ന നേർച്ച ക്ഷേത്രത്തിലെ വാർഷീക ചെലവുകൾക്ക് ആവശ്യമായ തുകയേക്കാൾ അധികമായിരുന്നു.

കാട്ടാനകൾ ഏറെയുള്ളതിനാൽ ക്ഷേത്രത്തിന് സമീപം ഉയരത്തിലാണ് ഒരു കെട്ടിടവും മറ്റൊരു ദേവാലയവും ഉണ്ട്. ഈ ദേവാലയം മാളികപ്പുറത്തമ്മയുടെ ക്ഷേത്രമാണെന്നുവേണം കരുതാൻ. എരുമേലിയിൽ നിന്നും കരിമലതാണ്ടി വലിയാനവട്ടം, ചെറിയാനവട്ടം വഴി എത്തുന്ന ഭക്തർക്ക് പമ്പയ്ക്ക് കുറുകെയുള്ള കോസ്വേയും കടന്ന് ശബരിമലക്കുള്ള യാത്ര ദുഷ്‌ക്കരമായിരുന്നു. അക്കാലത്ത് പമ്പാ നദി 150 മീറ്റർ വീതിയിൽ പരന്ന് ഒഴുകിയിരുന്നുവെന്നതാണ് പുസ്തകത്തിൽ പറയുന്നത്.

സ്ത്രീ പ്രവേശനം സംബന്ധിച്ച് നിശ്ചിത പ്രായപരുധിക്കുള്ളിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കൃത്യമായി നിർവചിച്ചിട്ടില്ല. പക്ഷേ എരുമേലിവഴി കരിമലകയറിയുള്ള ഭക്തജന പ്രവാഹം രണ്ടു നൂറ്റാണ്ടു മുമ്പുമുതൽ ഉണ്ടായിരുന്നുവെന്നതിനും തെളിവാണിത്.