പത്തനംതിട്ട: ശബരിമലയിൽ സർക്കാർ നടത്തുന്ന യുവതി പ്രവേശന നാടകത്തിൽ വലഞ്ഞ് കേരളാ പൊലീസ്. ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിട്ട് മാറി നിൽക്കുമ്പോൾ പണി വാങ്ങിച്ചു കെട്ടുന്നത് കീഴുദ്യോഗസ്ഥർക്ക്. തമിഴ്‌നാട്ടിൽ നിന്നും മനിതി സംഘവുമായി രണ്ടു ബാച്ചുകളിലായി വന്ന മേലുകാവ് എസ്ഐ സന്ദീപ്, പാമ്പാടി സിഐ ശ്രീജിത്ത് എന്നിവർക്കെതിരേ ഐബി റിപ്പോർട്ട് സമർപ്പിച്ചു. ഇരുവർക്കുമെതിരേ നടപടിക്ക് ശിപാർശ ചെയ്യുന്ന തരത്തിലുള്ളതാണ് റിപ്പോർട്ട് എന്നാണ് സൂചന.

ടെമ്പോ ട്രാവലറിൽ വന്ന മനീതി സംഘത്തിനൊപ്പം എസ്ഐ സന്ദീപിന്റെ നേതൃത്വത്തിൽ നാലു പൊലീസുകാരാണ് ഉണ്ടായിരുന്നത്. യാത്ര പുറപ്പെട്ട സ്ഥലത്തു നിന്ന് തന്നെ ഇവർ ടെമ്പോ ട്രാവലറിൽ കയറിയിരുന്നു. നിലയ്ക്കലിൽ വന്ന് സന്ദീപ് ഇറങ്ങി. അതിന് ശേഷമാണ് സ്വകാര്യ വാഹനം പോലും കടത്തി വിടാത്ത പമ്പയിലേക്ക് മനീതി സംഘത്തിന്റെ ടെമ്പോ ട്രാവലർ പോകാൻ അനുവദിച്ചത്. ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം മൂന്നു മനീതി സംഘാംഗങ്ങളെ കൊണ്ടു വന്നത് പാമ്പാടി സിഐ ശ്രീജിത്തായിരുന്നു. പമ്പയിൽ വച്ച് ആദ്യ സംഘത്തിന് നേരിടേണ്ടി വന്ന ദുരവസ്ഥ കണ്ട് ശ്രീജിത്ത് ഇവരുമായി പത്തനംതിട്ട സ്റ്റേഷനിലേക്കാണ് വന്നത്. ഇവിടെ വിട്ട ശേഷം ഇൻസ്പെക്ടർ തലയൂരി. ഈ വിവരമെല്ലാം വിശദമായി തന്നെ ഐബി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

നക്സൽ പശ്ചാത്തലമുള്ള സംഘടനയെ സഹായിക്കാൻ കേരളാ പൊലീസ് തുനിഞ്ഞുവെന്ന ഗുരുതരമായ അച്ചടക്ക ലംഘനമാണ് രണ്ട് ഉദ്യോഗസ്ഥർക്കുമെതിരേയുള്ളത്. എന്നാൽ, ഇതിന് ചുക്കാൻ പിടിച്ച കോട്ടയം എസ്‌പി ഹരിശങ്കറിന് ഒരു ചുക്കും സംഭവിക്കുകയുമില്ല. സംഘത്തെ എത്തിച്ചതിന് പിന്നിലുള്ള ബുദ്ധികേന്ദ്രം ഹരിശങ്കറാണ്. റൂട്ട് മാപ്പ് തയാറാക്കിയതും അകമ്പടിക്ക് ആളെ വിട്ടതും സമയാസമയങ്ങളിൽ സംഘത്തെ വഴി തിരിച്ചു വിട്ടതുമൊക്കെ ഹരിശങ്കറിന്റെ ബുദ്ധിയായിരുന്നു. വഴി നീളെ ബിജെപിക്കാർ തടയാൻ നിലയുറപ്പിച്ചിരുന്നു. ഓരോ ചെറിയ മുക്കിനും മൂലയിലും പൊലീസിനെ വിന്യസിച്ചിരുന്നു. ട്രാവലർ റൂട്ട് മാറി വന്ന പ്രദേശങ്ങളിൽ തടയാനും ശ്രമം നടന്നിരുന്നു. അവിടൊക്കെ കെഎപി പൊലീസുകാർ ചെറിയ തോതിൽ ബിജെപിക്കാർക്കിട്ട് തല്ലുകയും ചെയ്തു.

ശ്രീജിത്തിനും സന്ദീപിനുമെതിരേ ഐബി റിപ്പോർട്ടുണ്ടെന്ന വിവരം പൊലീസ് സേനയിൽ തന്നെ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. സർക്കാർ കാട്ടിക്കൂട്ടുന്ന വിഢിത്തരം തങ്ങളുടെ ജോലിയെ പോലും ബാധിക്കുമെന്നതിനാൽ ഉദ്യോഗസ്ഥർ അസംതൃപ്തരാണ്. പുറമേ സിപിഎം അനുകൂലികളായി നടിക്കുന്ന പൊലീസുകാരും അസംതൃപ്തരാണ്. യുവതികളുടെ നീക്കം സംഘപരിവാർ സംഘടനകൾക്ക് ചോർത്തി കൊടുക്കുന്നത് ഇവരാണ്. മനിതി സംഘത്തെ കൊണ്ടു വന്നത് വ്യക്തമായ പ്ലാനിങ്ങോടെയായിരുന്നു. ഇവർ സന്നിധാനത്ത് ദർശനം നടത്തുമെന്ന തോന്നലുണ്ടാക്കിയ ശേഷം സർക്കാർ തന്നെ പിന്തിരിപ്പിച്ചു വിട്ടുവെന്ന് കാണിക്കാൻ വേണ്ടിയുള്ള നാടകമാണ് ആദ്യ ദിനം നടന്നത്. മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം പുറത്തു കൊണ്ടു വന്നതോടെ പൊലീസ് വെട്ടിലായി.

പിന്നെ പതിവു പോലെ സന്നിധാനത്തേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു. ഈ സമയം എതിർക്കാൻ ഭക്തർ എണ്ണത്തിൽ കുറവായിരുന്നു. അതു കാരണം എണ്ണം കൂട്ടാൻ വേണ്ടി ദർശനം കഴിഞ്ഞ്് ഇറങ്ങിയവരെ സ്വാമി അയ്യപ്പൻ റോഡിലും മറ്റുമായി തടഞ്ഞു വച്ചു. മനീതി സംഘവുമായി പൊലീസ് മല കയറാൻ തുടങ്ങിയതോടെ തടഞ്ഞു വച്ച ഭക്തരെ പോകാൻ അനുവദിച്ചു. ഇവർ കൂട്ടത്തോടെ വന്നപ്പോൾ മനീതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കനകദുർഗയും ബിന്ദുവും പിറ്റേന്ന് വന്നതും ഇതേ പ്ലാനിങ്ങോടെയായിരുന്നു. ഇവർ മരക്കൂട്ടം എത്തുന്നതു വരെ ആരും തടയാൻ വന്നില്ല. ഭക്തർ എണ്ണത്തിൽ കുറവായിരുന്നതാണ് കാരണം. മരക്കൂട്ടത്ത് വച്ച് ഭക്തരുടെ പ്രതിഷേധമുണ്ടായപ്പോൾ പൊലീസ് ഇവരെ തിരിച്ചിറക്കി. സർക്കാർ പറഞ്ഞിട്ടാണ് ഇറക്കുന്നത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ, സർക്കാരിന്റെ വിശ്വാസ സംരക്ഷണ പരിവേഷം വേണ്ട രീതിയിൽ ഏറ്റില്ല. ഈ രണ്ടു സംഭവങ്ങൾ കൂടിയായതോടെയാണ് പൊലീസ് സേനയിൽ അമർഷം പടരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകൾ എല്ലാം എടുത്തിരിക്കുന്നത് എസ്ഐമാരാണ്. മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിച്ചാണ് ഇവർ കേസ് എഴുതിയിരിക്കുന്നത്. ഇതിൽ പല കേസുകളും കെട്ടിച്ചമച്ചതാണ്. കെ സുരേന്ദ്രനെതിരേയുള്ള കേസ് തന്നെ ഉദാഹരണം. ഈ കേസ് എഴുതിയിരിക്കുന്നത് മൂഴിയാർ എസ്ഐ വിപിന്റെ പേരിലാണ്. തനിക്കെതിരേ കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ച് സുരേന്ദ്രൻ കോടതിയെ സമീപിക്കുമ്പോൾ കൂട്ടിൽ നിന്ന് വിയർക്കേണ്ടത് ഇയാളാണ്.

മേലുദ്യോഗസ്ഥരുടെ ഉത്തരവ് ഭയന്നാണ് പല എസ്ഐമാരും തങ്ങളുടെ പേര് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥാനത്ത് വയ്ക്കാൻ മനസില്ലാ മനസോടെ സമ്മതിച്ചിരിക്കുന്നത്. ഇത്തരം നടപടികളാണ് സേനയുടെ ആത്മവിശ്വാസം കെടുത്തിയിരിക്കുന്നത്. .