തിരുവനന്തപുരം: മണ്ഡല തീർത്ഥാടനകാലത്ത് ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കുന്നതിന് വേണ്ടി പ്രതിഷേധക്കാരെ ഒന്നടങ്കം അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ശക്തമാക്കി. ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 2061 പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇതിൽ 1500 പേർക്ക് ജാമ്യംലഭിച്ചു. ശേഷിക്കുന്നവർ റിമാൻഡിലായി. സംസ്ഥാനവ്യാപകമായി നടപടി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരേയും പൊലീസ് അറസ്റ്റ് ചെയ്യും. എൻ എസ് എസിന്റെ നേതൃത്വത്തിലെ പ്രതിഷേധങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. പിണറായി സർക്കാരിനെതിരെ എൻ എസ് എസ് ജനറൽ സെക്രട്ടറി ആഞ്ഞടിച്ചിരുന്നു, ഇതിന്റെ പ്രതികാരമായാണ് എൻ എസ് എസിനെതിരേയും കേസ് വരുന്നത്. 

മണ്ഡലകാലത്ത് യുവതികളെത്തിയാൽ പൊലീസ് സുരക്ഷ ഒരുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഇതിന് വേണ്ടിയാണ് പ്രതിഷേധക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യുന്നത്. നവംബറിൽ നട തുറക്കുമ്പോൾ സ്ത്രീ പ്രവേശനം ഉത്തരവിൽ പ്രതിഷേധിക്കാൻ ആരും സന്നിധാനത്ത് ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് എടുക്കുന്നത്. പ്രക്ഷോഭം എൻ എസ് എസ് ഏറ്റെടുക്കുമെന്ന് പറഞ്ഞതോടെയാണ് നാമജപഘോഷയാത്രകളും പൊലീസ് പരിശോധിച്ച് തുടങ്ങിയത്. സുകുമാരൻ നായർക്കെതിരായ പകപോക്കലാണ് ഇതെന്നാണ് ആക്ഷേപം. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. മുഖ്യമന്ത്രി പിണറായിയെ ചീത്ത പറഞ്ഞ മണിയമ്മയെ അറസ്റ്റ് ചെയ്യേണ്ടെന്നായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാൽ പ്രതിഷേധക്കാരെ വിരട്ടാൻ അവരേയും അറസ്റ്റ് ചെയ്തു.

ശബരിമല യുവതീപ്രവേശത്തിനെതിരെ ആറ്റിങ്ങലിലും കരുനാഗപ്പള്ളിയിലും എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തതിനു സ്ത്രീകളടക്കം ആയിരത്തോളം പേർക്കെതിരെ വീതം കേസെടുത്തു. അറസ്റ്റ് ഉണ്ടാകുമെന്നാണു വിവരം. കൊച്ചിയിൽ 250 പേർക്കെതിരെയും പാലായിൽ 100 പേർക്കെതിരെയും കേസെടുത്തു. ഗതാഗത തടസ്സത്തിനു കേസെടുക്കാനുള്ള ഹൈക്കോടതി വിധിയാണ് അടിസ്ഥാനം. മറ്റു ജില്ലകളിലും ദേശീയ, സംസ്ഥാന പാതകളിൽ 2 മണിക്കൂറിലേറെ ഗതാഗത തടസ്സമുണ്ടായ സംഭവങ്ങളിൽ നടപടിക്കു നിർദ്ദേശം നൽകി. സമര ദൃശ്യങ്ങൾ പരിശോധിച്ച് ഏതാണ്ടു 4000 പേരെ 458 കേസുകളിലായി പ്രതിചേർത്തു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു വിവരം. ഇതുവരെ അറസ്റ്റിലായവരിൽ 400 പേർ നേരിട്ട് അക്രമങ്ങളിൽ പങ്കാളികളാണെന്നു പൊലീസ് പറയുന്നു. 78 പേരെ റിമാൻഡ് ചെയ്തു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയവരും സ്ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാൻഡിലുണ്ട്.

എൻ എസ് എസ് പ്രതിഷേധങ്ങൾ തീർത്തും സമാധാനപരമായിരുന്നു. പക്ഷേ നാമജപ യജ്ഞങ്ങൾക്ക് പതിനായിരങ്ങളെത്തി. ഇതിൽ അധികവും സ്ത്രീകളാണ് ഇവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിലൂടെ ശബരിമലയിൽ പ്രതിഷേധത്തിന് എത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സർക്കാർ നൽകുന്നത്. ശബരിമലയിലെ അക്രമ സംഭവങ്ങളിൽ ക്യാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റുചെയ്യാനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ സ്ത്രീകളുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ തകർത്തതടക്കം ഇതുവരെ 452 കേസുകൾ എടുത്തു. കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ പൊതുമുതൽ തകർത്ത കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ 13 ലക്ഷം രൂപ വരെ കെട്ടിവെക്കേണ്ടി വരും. 10,000 രൂപ മുതലുള്ള തുകയാണു കെട്ടിവെക്കേണ്ടത്. ജാമ്യത്തുക കോടതി തീരുമാനിക്കും.

അക്രമങ്ങളിൽ പങ്കുള്ളവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും ഗാലറിക്കു വേണ്ടി കളിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനു പിഴവു വന്നാൽ വലിയ വില നൽകേണ്ടി വരുമെന്നും വാദത്തിനിടെ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. സമാധാനപരമായി നാമജപയജ്ഞത്തിൽ പങ്കെടുത്ത ഭക്തരെയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയാണെന്ന് ആരോപിച്ചു ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ അനോജ്കുമാറും മറ്റുമാണു ഹർജി നൽകിയത്. സർക്കാരിന്റെ വിശദീകരണത്തിനായി കേസ് മാറ്റി. ഇതിനിടെയിലാണ് നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്. യഥാർഥ ഭക്തരല്ലാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ച് അറിയേണ്ടതാണെന്നു കോടതി പറഞ്ഞു. പരമാവധി ദൃശ്യങ്ങൾ പരിശോധിച്ചാണു നടപടിയെന്നും കുറ്റം ചെയ്യുന്നവർക്ക് ഇക്കാലത്തു രക്ഷപ്പെടാനാവില്ലെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.

മാനദണ്ഡങ്ങൾ പാലിക്കാതെ രാത്രിയിൽപ്പോലും വീടുകളിൽ കയറി അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നു വിവിധ ഹൈന്ദവ സംഘടനകൾ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവരുടെ വീടുകളിൽപോലും രാത്രി പൊലീസ് കയറി അക്രമം നടത്തുന്നതായും അവർ ആരോപിച്ചു.

ശബരിമല അതീവ സുരക്ഷാ മേഖല

സംഘർഷത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിനു 14 കേസുകളാണ് എടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെഎസ്ആർടിസി ബസുകൾ, മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവ തകർത്തതിനു 313 ലക്ഷം രൂപ നഷ്ടം ചുമത്തിയിട്ടുണ്ട്. അത്രയും തുക കോടതിയിൽ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ സംഘർഷങ്ങളുടെ പേരിൽ 33 കേസുകളിലായി 122 പേർ അറസ്റ്റിലായി. 67 പേരെ റിമാൻഡ് ചെയ്തു. വധശ്രമം, ലഹള, സ്ത്രീകൾക്കെതിരെ അക്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെതിരെ അക്രമം എന്നിവയാണു വകുപ്പുകൾ.

അതിനിടെ മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനവും ശബരിപാതകളും പൊലീസ് നിയന്ത്രണത്തിലാക്കി സർക്കാർ വിജ്ഞാപനമിറക്കി. പമ്പയും സന്നിധാനവും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവാണ് പ്രത്യേക സുരക്ഷാ മേഖലയിൽ വരുന്നത്. ഇതാദ്യമായാണ് ശബരിമലയും അവിടേക്കുള്ള പാതകളും അതിസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുന്നത്. നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം. ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പ്രത്യേക സുരക്ഷാ മേഖല.

പ്രത്യേക സുരക്ഷാ മേഖല പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാകും. മരക്കൂട്ടം മുതൽ സന്നിധാനം വരെ നിലവിൽ പൊലീസ് സുരക്ഷയുണ്ടെങ്കിലും പൊലീസ് യൂണിഫോം പൂർണമായി ധരിക്കാറില്ല. ഷർട്ട് ഇൻ ചെയ്യുകയോ തൊപ്പി ധരിക്കുകയോ ചെയ്യാറില്ല. നിലവിൽ പൊലീസിന് സന്നിധാനത്തുനിന്ന് ഭക്തരെ ബലംപ്രയോഗിച്ചു നീക്കാനാകില്ല. പ്രത്യേക സുരക്ഷാ മേഖലയാകുന്നതോടെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പൊലീസിനാകും. അതിസുരക്ഷാ മേഖലയായി ഉത്തരവിറക്കിയെങ്കിലും ഏത് രീതിയിലുള്ള സുരക്ഷയാണ് ഇവിടെ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സുരക്ഷയ്ക്ക് നേതൃത്വംനൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ പലതരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുെവച്ചിട്ടുണ്ട്. ഇതിൽ ഏതെല്ലാം നടപ്പാക്കണമെന്ന് അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.

എൻ എസ് എസിനെ തളയ്ക്കാൻ കേസുകൾ

എൻഎസ്എസ് ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശരണമന്ത്ര നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളുൾപ്പെടെ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. യാത്രയുടെ വിഡിയോ പരിശോധിച്ചശേഷം ദേശീയപാതയിലുൾപ്പെടെ ഗതാഗതം തടസ്സപ്പെടുത്തിയതിനാണു കേസെടുത്തിട്ടുള്ളതെന്നും ഇതിൽ അടുത്തുതന്നെ അറസ്റ്റുണ്ടാകുമെന്നും ആറ്റിങ്ങൽ സിഐ സുനിൽ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വീകരിക്കുന്ന നിലപാടുകൾക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും 20നു വൈകിട്ടായിരുന്നു യൂണിയൻ ഓഫിസിനു മുന്നിൽനിന്നു വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻപിള്ളയുടെ നേതൃത്വത്തിൽ യാത്ര നടത്തിയത്.

സമാധാനപരമായിട്ടും പ്രകോപനങ്ങൾ സൃഷ്ടിക്കാതെയും നാശനഷ്ടങ്ങളുണ്ടാക്കാതെയും ഈശ്വര പ്രാർത്ഥനയോടെയാണു സ്ത്രീകളടക്കമുള്ളവർ യാത്ര നടത്തിയത്. പൊതുസമൂഹത്തിന് ഇതു ബോധ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എൻഎസ്എസ് നേതൃത്വം നിലപാടു വ്യക്തമാക്കിയിട്ടുണ്ടെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു. താലൂക്ക് എൻഎസ്എസ് യൂണിയൻ നേതൃത്വത്തിൽ നെടുമങ്ങാട്ട് 16നു സംഘടിപ്പിച്ച നാമജപ യജ്ഞം, നാമജപ യാത്ര എന്നിവയുടെ പേരിൽ മാർഗതടസ്സം സൃഷ്ടിച്ചു എന്ന കുറ്റത്തിനു താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് അടക്കം കണ്ടാലറിയുന്ന അഞ്ഞൂറോളം പേരെ പ്രതിയാക്കി നെടുമങ്ങാട് പൊലീസ് കേസെടുത്തു. നാമജപ യാത്രയിൽ പങ്കെടുത്ത ആയിരക്കണക്കിനാളുകളിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു താലൂക്ക് എൻഎസ്എസ് യൂണിയൻ ഓഫിസിന് മുന്നിൽ നിന്ന് ആരംഭിച്ച നാമജപയാത്ര കോയിക്കൽ മഹാദേവർ ക്ഷേത്ര സന്നിധിലായിരുന്നു സമാപിച്ചത്.

ആറ്റിങ്ങലിൽ നാമജപ ഘോഷയാത്ര നടത്തിയ 42 പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. ബിജെപി ദക്ഷിണമേഖലാ ഉപാധ്യക്ഷൻ തോട്ടയ്ക്കാട് ശശി, ബിജെപിയുടെ നഗരസഭാ കൗൺസിലർമാരായ എസ്.സന്തോഷ്, എൻ.പത്മനാഭൻ, സംഘടനാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു ഘോഷയാത്ര നടത്തിയെന്നതും കോടതി വിധിക്കെതിരെ തെരുവിൽ പ്രതിഷേധിച്ചു എന്നുമാണു കേസ്.

ശ്രീധരൻ പിള്ളയും കേസിൽ പ്രതി

ഒക്ടോബർ 14നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ ശബരിമല സംരക്ഷണ യാത്രയ്ക്കു സ്വീകരണം നൽകുന്നതുമായും അതിന് മുൻപ് ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ റോഡുപരോധിച്ചതുമായി ബന്ധപ്പെട്ടും ഗതാഗത തടസ്സമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പൊലീസിന്റെ നടപടി. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നു സിഐ പറഞ്ഞു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ കാട്ടാക്കടയിൽ റോഡ് ഉപരോധിച്ച 250 പേർക്കെതിരെ പൊലീസ് കേസെടുത്തു. പത്തിനായിരുന്നു ഒരു മണിക്കൂർ ഉപരോധം. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതി അംഗം നാരായൺ റാവുവായിരുന്നു ഉദ്ഘാടകൻ. നിയമം ലംഘിച്ചു മാർഗതടസ്സം സൃഷ്ടിച്ച് റോഡ് ഉപരോധിച്ചതിനാണു കേസെന്നു പൊലീസ് പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കു നേതൃത്വം നൽകിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, സുരേഷ്‌ഗോപി എംപി, ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയെന്നു കണ്ടെത്തിയാണു കേസ് എടുത്തിട്ടുള്ളത്. പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്കു നടത്തിയ യാത്രയ്ക്ക് 14 ന് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് വച്ച് സ്വീകരണം നൽകിയിരുന്നു. ഇവിടെ നിന്നു കാൽനടയാത്രയായി മാമം മൂന്നുമുക്കു വരെയാണു യാത്ര നടത്തിയത്. ഇതിനിടെ ഗതാഗതം തടസ്സപ്പെടുത്തിയെന്നും ഇതിനാലാണു നടപടിയെന്നും ഡിവൈഎസ്‌പി: എം.അനിൽകുമാർ പറഞ്ഞു.

നെയ്യാറ്റിൻകരന്മ ശബരിമല യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ചു ദേശീയപാത ഉപരോധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ്. കഴിഞ്ഞ 16 ന് ആയിരുന്നു ആലുംമൂട് ജംക്ഷനിലെ ഒരു മണിക്കൂർ ഉപരോധം. ബിജെപി നിയോജക മണ്ഡലം ഭാരവാഹികളായ 15 പേർക്കും കണ്ടാലറിയുന്ന അഞ്ഞൂറ് പേർക്കും എതിരെയാണു കേസ്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.