തിരുവനന്തപുരം : മണ്ഡലകാലത്ത് ശബരിമലയിൽ ക്രമസമാധാനം പരിപാലിക്കുന്നത് പേലീസ് സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളായാണെന്ന് ഡി.ജി.പി ലോകനാഥ് ബഹ്റ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ സുരക്ഷക്കായി നിയോഗിച്ചത്. എന്നാൽ എവിടെയാണ് പൊലീസിന് വീഴ്‌ച്ച പറ്റിയതെന്ന പരശോധിക്കമെന്നും നടയടച്ച ശേഷം പൊലീസിന്റെ നടപടികൾ വിലയിരുത്തുമെന്നും ബഹ്റ പ്രതികരിച്ചു. ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങളുടെ നിജസ്ഥിതി സുപ്രീംകോടതിയെ അറിയിക്കാനും പൊലീസ് തീരുമാനിച്ചതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മടങ്ങിയെത്തിയാൽ കാര്യങ്ങൾ അദ്ദേഹത്തേയും ഡിജിപി ബോധ്യപ്പെടുത്തും.

ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കുമെന്നാണ് പൊലീസ് ഇപ്പോഴും പരസ്യമായി പറയുന്നത്. എന്നാൽ യുവതികളെ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചയക്കണമെന്ന അനൗദ്യോഗിക സന്ദേശമാണ് പമ്പയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. പൊലീസിനെതിരെ വിശ്വാസികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ്. പൊലീസ് സ്‌റ്റേഷനുകളിലേക്ക് നാമജപ യാത്രകൾ തുടങ്ങിയതും പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് കരുതലോടെ നീങ്ങാൻ പൊലീസ് മേധാവി തീരുമാനിച്ചിരിക്കുന്നത്. ഗവർണ്ണർ പി സദാശിവത്തേയും കാര്യങ്ങൾ ധരിപ്പിക്കും.

രഹ്നാ ഫാത്തിമയും ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജും സന്നിധാനത്തേക്ക് പോയപ്പോൾ കുറച്ച് അയ്യപ്പഭക്തർ മാത്രമേ സന്നിധാനത്തും മരക്കൂട്ടത്തും ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും പൊലീസിന് മുന്നോട്ട് കൊണ്ടു പോകാനായില്ല. രഹ്നാ ഫാത്തിമയെ കൊണ്ടു പോയതോടെ ഭക്തരുടെ പ്രതിഷേധം ഇരട്ടിയായി. മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തർ സന്നിധാനത്തും പമ്പയിലും ഉണ്ടാകും. ഇവർക്കിടയിലൂടെ സ്ത്രീകളെ കൊണ്ടു പോകാൻ പൊലീസിന് കഴിയില്ല. അത് വലിയ ക്രമസമാധാന പ്രശ്‌നമാകും. ഈ സാഹചര്യം പൊലീസും തിരിച്ചറിയുന്നു. മണ്ഡലകാലത്ത് തീർത്ഥാടനം തുടങ്ങിയാൽ തിരക്ക് നിയന്ത്രിക്കാൻ പോലും പൊലീസ് ഏറെ പ്രയാസപ്പെടാറുണ്ട്. ഇതിനിടെയിൽ യുവതികളുടെ പേരിൽ പ്രശ്‌നമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് പൊലീസ് തിരിച്ചറിയുകയാണ്.

ദക്ഷിണമേഖലാ എഡിജിപി അനിൽകാന്തും ഐജിമാരായ മനോജ് എബ്രഹാമും ശ്രീജിത്തും ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മണ്ഡലകാലത്ത് പമ്പ കടന്ന് ഗണപതി കോവിലിൽ പോലും സ്ത്രീയ്ക്ക് എത്തുക ബുദ്ധിമുട്ടാകമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഗണപതി കോവിൽ കഴിഞ്ഞ് സ്ത്രീകളെ വിശ്വാസികൾ കടത്തി വിടില്ലെന്ന ബോധ്യം പൊലീസിന് വന്നു കഴിഞ്ഞു. മണ്ഡലകാലത്ത് സ്ത്രീ പ്രവേശനം സാധ്യമായാലും തന്ത്രി നട അടക്കും. ഇത് വികാരം ആളിക്കത്തിക്കും. ഇത് നിയന്ത്രിക്കാനുള്ള ശേഷി കേരളാ പൊലീസിന് സന്നിധാനത്തുണ്ടാവുകയുമില്ല. ഇതിനിടെയിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് ഡിജിപി തരിച്ചറിയുന്നത്. ഇത് മുഖ്യമന്ത്രിയേയും അറിക്കും.

രഹ്നാ ഫാത്തിമ ശബരിമല സന്ദർശനത്തിനെത്തിയപ്പോൾ പൊലീസ് യൂണിഫോമും ഹെൽമറ്റും സുരക്ഷക്കായി നൽകിയത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. ഇന്നലെ നിലക്കലിൽ വച്ച പത്തോളം വരുന്ന ബിജെപി പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ച് പ്രിതിഷേധം നടത്തിയത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര സുരക്ഷാ വീഴ്‌ച്ചയാണെന്നും വിലയിരുത്തുന്നു. ഇതെല്ലാം പരിശോധിക്കും. പൊലീസ് ബൈക്കുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തു പോയിരുന്നു. ഇതും പൊലീസ് അന്വേഷിക്കും.

അതേസമയം തൃപ്തി ദോശായി തത്കാലം മലചവിട്ടാൻ കേരളത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത് പൊലീസിന് നേരിയ ആശ്വാസം നൽകുന്നു. മഹാരാഷ്ട്രയിൽ എത്തുമ്പോൾ മോദിയെ കാണുമെന്നു പ്രഖ്യാപിച്ചിരുന്നതിനാൽ തൃപ്തി കരുതൽ തടങ്കലിലാണ്. തടവിലായതിനായാലും പ്രതിഷേധം ശക്തമായതിനാലും 17 ന് മണ്ഡലകാലം ആരംഭിച്ചതിനുശേഷം മാത്രമെ മലകറുവെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. ഇന്നലെ ശബരിമല സന്ദർശിക്കാനെത്തിയ മഞ്ജു എന്ന യുവതിക്ക് പശ്ചാത്തലം പരിശോധിച്ചതിനുശേഷം മലകയറാൻ സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതോടെ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള പൊലീസിന്റെ നീക്കങ്ങളും പൊളിഞ്ഞു.

ഇന്നലെ ഉച്ചയ്ക്കു ശേഷം പമ്പയിലും സന്നിധാനത്തും കനത്ത മഴയായിരുന്നിട്ടുപോലും വൻ തിരക്ക് അനുഭവപ്പെട്ടു. നാളെ രാത്രി പത്തിനാണു നട അടയ്ക്കുന്നത്. സുപ്രീംകോടതി വിധി വന്നശേഷം നട തുറന്ന നാലു ദിവസവും ശബരിമലയിലേക്ക് എത്താൻ ശ്രമിച്ച യുവതികൾ യഥാർഥ ഭക്തരല്ല എന്നാണു പൊലീസ് പറയുന്നത്. വിശ്വാസികൾക്കു സുരക്ഷയൊരുക്കാൻ തയാറായി നിൽക്കുന്ന പൊലീസിനെ പ്രതിരോധത്തിലാക്കുന്നതാണിത്. സന്നിധാനത്തു നിരോധാനാജ്ഞ നടപ്പാക്കുന്നത് അസാധ്യമാണെന്നതും പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നു. സംഘംചേരൽ സമ്മതിക്കില്ലെന്നു കൂട്ടമായെത്തുന്ന ഭക്തരോടു പൊലീസിനു നിർദ്ദേശിക്കാനുമാകില്ല. രണ്ടാം ദിവസം നിലയ്ക്കലുണ്ടായ സംഘർഷത്തിനു ശേഷം പ്രതിഷേധക്കാർ സന്നിധാനത്തു കേന്ദ്രീകരിച്ചതും പൊലീസിനെ വെട്ടിലാക്കുന്നു.

അത്രയധികം ആസൂത്രണമില്ലെങ്കിലും സന്നിധാനത്തു ജാഗ്രതയോടെ അയ്യപ്പഭക്തർ തന്നെ കൂടുതൽ സംഘടിക്കുന്നുണ്ടെന്നതും ഈ പ്രതിഷേധത്തിന്റെ ആഴം കൂട്ടുന്നു. ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ മറ്റെന്തെങ്കിലും സംശയത്തിൽ സന്നിധാനത്തുനിന്ന് പുറത്താക്കുന്നതിനും പൊലീസിനു പരിമിതിയുണ്ട്. മലകയറിയേ പറ്റൂവെന്നു പറഞ്ഞ് എത്തുന്ന യുവതികളെ അനുനയിപ്പിച്ച് കാര്യം ബോധ്യപ്പെടുത്തി മടക്കാനാണ് ആദ്യം ശ്രമിക്കുന്നത്. എന്നിട്ടും നിർബന്ധം പിടിക്കുന്നവരെ മുകളിലേക്കു കൊണ്ടുപോകുമെങ്കിലും ശക്തമായ പ്രതിഷേധം എവിടെവച്ചുയരുന്നോ അവിടെവച്ച് തിരിച്ചിറങ്ങുകയെന്ന നയം തന്നെയാകും പൊലീസ് ഇന്നും നാളെയും പ്രയോഗിക്കുക.