പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരം ശക്തമാക്കി രാഷ്ട്രീയമായി ഒരു പടി മുന്നിൽ നിൽക്കുന്ന ബിജെപിയിൽ, വിഭാഗീയത അതിന്റെ മൂർധന്യത്തിലെത്തി. സമരം നയിക്കുന്ന സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് പാർട്ടിക്കുള്ളിൽ യാതൊരു പിന്തുണയുമില്ല. അതേസമയം, മറ്റു നേതാക്കളുടെ നിസാര പ്രശ്നത്തിന് വേണ്ടി പാർട്ടി തെരുവിലേക്ക് ഇറങ്ങുകയും ചെയ്യുന്നു. പാർട്ടി രഹസ്യങ്ങൾ ചോർത്തിയതിന് നടപടി സ്വീകരിക്കുന്ന കാര്യത്തിലും ഇരട്ടത്താപ്പ് ആണെന്ന് ആരോപണം ഉയരുന്നു.

ചിത്തിര ആട്ടവിശേഷത്തിനും തുലാമാസ പൂജ സമയത്തും ശബരിമല വിഷയം ഏറ്റവുമധികം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് ബിജെപിയായിരുന്നു. അതിന് നേതൃത്വം നൽകിയതാകട്ടെ കെ സുരേന്ദ്രനും വിവി രാജേഷും. കഴിഞ്ഞ ശനിയാഴ്ച നിലയ്്ക്കലിൽ യതീഷ് ചന്ദ്രയോട്് തൊടുത്ത് സുരേന്ദ്രൻ ജയിലിലായി. തൊട്ടുപിന്നാലെ അവിടുന്നും ഇവിടുന്നുമെല്ലാം തപ്പിപ്പിടിച്ച്് ഒന്നിന്് പിറകേ ഒന്നായി ഒമ്പതു കേസുകൾ പൊലീസ് സുരേന്ദ്രന്റെ തലയിൽ അടിക്കുകയും ചെയ്തു. ഒന്നിന് ജാമ്യം കിട്ടിയാൽ അടുത്തതിന് ജാമ്യമില്ലാ വകുപ്പ് എന്ന നിലയിൽ സുരേന്ദ്രനെ ജയിലിൽ തന്നെ ഇടാനുള്ള വകുപ്പൊരുക്കിയിരിക്കുകയാണ് പൊലീസ്.

എന്നാൽ, സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർട്ടിക്കുള്ളിൽ കാര്യമായ സമരമൊന്നും ഉണ്ടായില്ല. സുരേന്ദ്രനെ നിലയ്ക്കലിൽ പിടികൂടിയ ദിവസം തിരുവനന്തപുരത്ത് യുവമോർച്ച നടത്തിയ ഒരു സമരത്തോടെ എല്ലാം കെട്ടടങ്ങി. അതേസമയം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ സന്നിധാനത്ത് നിന്ന് കരുതൽ തടങ്കലിൽ എടുത്തതിൽ പ്രതിഷേധിച്ച് ഹൈന്ദവസംഘടനകൾ നടത്തിയ ഹർത്താലിൽ ബിജെപി പങ്കു കൊണ്ടു.

ചാനൽ ചർച്ചയ്ക്കിടെ ഉണ്ണിത്താൻ അധിക്ഷേപിച്ച ശോഭ സുരേന്ദ്രന് വേണ്ടി ഉണ്ണിത്താന്റെ വീട്ടിലേക്ക് ബിജെപി സമരം നടത്തി. ഇന്നലെ പുലർച്ചെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്റെ വാഹനവ്യൂഹം തടഞ്ഞ എസ്‌പി ഹരിശങ്കറിന്റെ വീട്ടിലേക്കും പ്രതിഷേധമുണ്ടായി. എന്നാൽ, ഇത്ര വലിയ സമരം നയിച്ച സുരേന്ദ്രന് വേണ്ടി സംസ്ഥാന നേതൃത്വം ഒന്നും ചെയ്തില്ലെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്.

സുരേന്ദ്രനെ അനുകൂലിക്കുന്ന യുവമോർച്ച നേതാക്കൾ മാത്രമാണ് അദ്ദേഹത്തിന് വേണ്ടി രംഗത്തുള്ളത്. ബിജെപിയുടെ ഒരു പ്രമുഖ നേതാവും ഇതുവരെ സുരേന്ദ്രനെ ജയിലിൽ സന്ദർശിച്ചിട്ടില്ല. പ്രതിഷേധക്കുറിപ്പും ഇറക്കിയിട്ടില്ല. ഇന്നലെ എംടി രമേശ് മാത്രമാണ് പത്രസമ്മേളനം വിളിച്ച് സുരേന്ദ്രന് വേണ്ടി പ്രതികരിച്ചത്. ഇതോടെ ബിജെപിക്കുള്ളിലെ ഗ്രൂപ്പിസം മറനീക്കിയിരിക്കുകയാണ്. ശബരിമല വിഷയം ഏറ്റെടുത്ത് നേതൃനിരയിലേക്ക് കുതിച്ചു വന്നിരിക്കുയാണ് സുരേന്ദ്രൻ.

മറ്റു നേതാക്കളൊക്കെ പമ്പയുടെ ഇങ്ങേക്കര വരെ പോലും വന്നിട്ടില്ല. ഇത്രയധികം വിവാദങ്ങൾ ഉണ്ടായിട്ടും ഒരു തവണ പോവലും മല കയറാൻ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള തയാറായിട്ടില്ല. പിള്ളയുടെ സമരങ്ങൾ പത്തനംതിട്ടയ്ക്ക് അപ്പുറം പോയിട്ടുമില്ല. നിലവിലുള്ള പ്രമുഖ നേതാക്കളെല്ലാം അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുമ്പോൾ സുരേന്ദ്രൻ മാത്രമാണ് അതിനൊരു അപവാദം.

അതിനിടെ സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് രഹസ്യമായി ഇറക്കിയ സർക്കുലർ പരസ്യമാക്കിയത് ആരാണെന്ന കാര്യവും അന്വേഷിക്കുന്നില്ല. നേരത്തേ വിവാദമായ മെഡിക്കൽ കോഴയുടെ പേരിൽ വിവി രാജേഷ് അടക്കമുള്ള നേതാക്കൾക്ക് എതിരേ നടപടി എടുത്തിരുന്നു. രാജേഷ് ഇപ്പോഴും പാർട്ടി ഭാരവാഹിത്വങ്ങൾക്ക് പുറത്താണ്.

എംടി രമേശിനെ പ്രതിക്കൂട്ടിൽ നിർത്തിയ മെഡിക്കൽ കോഴ പുറത്തവിട്ടതിന്റെ പേരിൽ സ്വീകരിച്ച നടപടി ഇപ്പോൾ സർക്കുലർ പുറത്താക്കിയവർക്കെതിരേ എന്തു കൊണ്ട് സ്വീകരിക്കുന്നില്ലെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.