ന്യൂഡൽഹി: ശബരിമലവിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വലിയ പ്രതീക്ഷ വേണ്ടെന്ന് വിലയിരുത്തൽ. ഹർജി അടിയന്തരമായി പരിഗണിക്കാത്തത് കോടതിയുടെ അനിഷ്ടം മൂലമാണെന്നാണ് വിലയിരുത്തൽ. സുപ്രീംകോടതിയുടെ വിധി നടപ്പാക്കാത്തതിൽ ചോദ്യങ്ങൾ കേസ് പരിഗണിക്കുമ്പോൽ ഉയരാനും സാധ്യതയുണ്ട്. ഇതും ഹർജിക്കാരെ വെട്ടിലാക്കുന്നു. സംസ്ഥാന സർക്കാർ സ്ത്രീ പ്രവേശനത്തെ തുടർന്നും അനുകൂലിക്കും. കേന്ദ്ര സർക്കാരും വ്യക്തമായ ഉത്തരം നൽകാനിടയില്ല. ഇതോടെ ശബരിമല കേസിൽ നിലപാട് മറ്റാൻ സുപ്രീംകോടതി തയ്യാറാവുകയുമില്ല. എങ്കിലും പ്രതീക്ഷയോടെ മുമ്പോട്ട് പോകാനാണ് പന്തളം കൊട്ടാരത്തിന്റെ തീരുമാനം. എൻ എസ് എസിന്റെ പിന്തുണയും പന്തളം കൊട്ടാരത്തിന് കരുത്താണ്.

പുനഃപരിശോധനാ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് വിശ്വാസികളെ നിരാശരാക്കുന്നുണ്ട്. ഒക്ടോബർ 16-ന് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് ഷൈലജാ വിജയന്റെ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയാണ് ഹർജി ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, പുനഃപരിശോധനാ ഹർജികൾ സാധാരണനിലയ്ക്ക് മാത്രമേ പരിഗണനയ്‌ക്കെടുക്കൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ദസ്സറ അവധിക്കായി ഈമാസം 12-ന് അടയ്ക്കുന്ന കോടതി 22-നാണ് തുറക്കുക. അതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്നും അതുവരെ തത്സ്ഥിതി തുടരണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.

ഇവരുടെ ആവശ്യം ഇപ്പോൾ പരിഗണിക്കരുതെന്ന് അയ്യപ്പഭക്തരുടെ അഭിഭാഷകൻ വി.കെ. ബിജു ആവശ്യപ്പെട്ടു. ഹർജി ശ്രദ്ധയിൽപ്പെടുത്തിയവർ കേസിലെ കക്ഷികളല്ല. ശബരിമല കേസിലെ ചില കക്ഷികൾ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പുനഃപരിശോധന ഹർജി അടിയന്തരമായി കേൾക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി കോടതി സാധാരണ നടപടികളിലേക്ക് കടന്നു. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷതതന്നെ ഇല്ലാതാക്കുന്നതാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.എസും. പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കുന്നത് വൈകുമ്പോൾ തുലമാസത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഹിന്ദു സംഘടനകൾ ശക്തമാക്കും. ഇതിനൊപ്പം നിയമപോരാട്ടവും.

പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ പി.എൻ. നാരായണവർമയ്ക്കു വേണ്ടി സീനിയർ അഭിഭാഷകൻ മോഹൻ പരാശരൻ ഫയൽ ചെയ്ത ഹർജിയിൽ പ്രധാനമായി ആവശ്യപ്പെട്ടുന്നത് 3 കാര്യങ്ങൾ. നിലവിലുള്ള വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നും കേസ് വിശാലമായ ഭരണഘടനാ ബെഞ്ചിനു വിടണമെന്നുമാണ് പ്രധാന ആവശ്യം. ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം സംബന്ധിച്ചു പന്തളം കൊട്ടാരത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡിലും സംസ്ഥാന സർക്കാരിലും കേരള ഹൈക്കോടതി ലൈബ്രറിയിലുമുള്ള എല്ലാ രേഖകളും പഠിക്കാനായി സുപ്രീംകോടതിയിലെ ഒന്നോ അതിലധികമോ വിരമിച്ച ജസ്റ്റിസുമാരെ കമ്മിഷനായി നിയമിക്കണം. പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്നും എഴുതി സമർപ്പിക്കുന്നതിനു പുറമേ നേരിട്ടുള്ള വാദം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ ശക്തമായ വാദങ്ങളും അവതരിപ്പിക്കും. ശബരിമല ക്ഷേത്രം പന്തളം കൊട്ടാരത്തിന്റേതാണ്. തിരുവിതാംകൂറും പന്തളവും തമ്മിലുള്ള ഉടമ്പടി പ്രകാരം അത് അങ്ങനെ തന്നെ തുടരും. ക്ഷേത്രാചാരങ്ങളിലോ വിശ്വാസങ്ങളിലോ മാറ്റം വരുത്താൻ മറ്റാർക്കും കഴിയില്ല. ഭരണകാര്യങ്ങളാണ് തിരുവിതാംകൂറിനു വിട്ടു നൽകിയതെന്ന വാദമാണ് പന്തളം കൊട്ടാരം ഉയർത്തുന്നത്.

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന സവിശേഷത ഭരണ ഘടനാബെഞ്ച് കണക്കിലെടുത്തിട്ടില്ല. കേരളത്തിലോ സംസ്ഥാനത്തിനു പുറത്തോ ഉള്ള മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിലൊന്നും നൈഷ്ഠിക ബ്രഹ്മചര്യയുള്ള പ്രതിഷ്ഠയില്ല. മിക്ക ക്ഷേത്രങ്ങളിലും ശാസ്താവാണ് പ്രതിഷ്ഠ. ചുരുക്കം ചില സ്ഥലങ്ങളിൽ പൂർണ, പുഷ്‌കല എന്നീ ഭാര്യമാരോടു കൂടിയ ഗൃഹസ്ഥനായ ശാസ്താവിന്റെ പ്രതിഷ്ഠയുമുണ്ട്. ഇതിൽ നിന്നു തന്നെ ശബരിമല അയ്യപ്പന്റെ വിശ്വാസികളെ പ്രത്യേക വിഭാഗമായി കാണാം. അതുകൊണ്ട് അയ്യപ്പ വിശ്വാസികളെ പ്രത്യേക മതവിഭാഗത്തിന് തുല്യമായി പരിഗണിച്ച് ശബരിമല കേസിൽ വിധി വേണമെന്നാണ് ആവശ്യം. ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസവും കീഴ്‌വഴക്കങ്ങളും വ്യക്തമാക്കുന്ന രേഖകളില്ല എന്ന കോടതിയുടെ നിഗമനം ശരിയല്ല. ഭൂതനാഥ ഉപാഖ്യാനത്തിൽ ക്ഷേത്രചരിത്രവും ആചാരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കോടതി കണക്കിലെടുത്തിട്ടില്ല.

യുവതീപ്രവേശം തടഞ്ഞത് അയ്യപ്പന്റെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചര്യാ ഭാവത്തിലായതു കാരണമാണ്. ഇത് വിശ്വാസത്തിലധിഷ്ഠിതമായ ആചാരമാണ്. അല്ലാതെ ഭരണഘടനയിൽ അനുശാസിക്കുന്ന തുല്യതയ്‌ക്കെതിരായ വിവേചനമല്ലെന്ന വാദമാകും ചർച്ചയാക്കുക. ശബരിമല ക്ഷേത്രത്തിന്റെ ആചാരപരവും അനുഷ്ഠാനപരവുമായ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് അവസാന അധികാരി എന്ന കോടതിയുടെ നിഗമനം ശരിയല്ല. മുഖ്യതന്ത്രിയാണ് ആചാരങ്ങളുടെ കാര്യത്തിൽ അവസാന വാക്കു പറയേണ്ടത്. മതപരമായ അനുഷ്ഠാനങ്ങളും അവയിലെ മാറ്റങ്ങളുമെല്ലാം നിശ്ചയിക്കേണ്ടത് തന്ത്രിയാണ്. താന്ത്രിക തത്വചിന്താപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണത്തെ അസ്പൃശ്യതാ വാദവുമായി ബന്ധപ്പെടുത്തിയത് മറ്റൊരു പിഴവാണ്. താന്ത്രിക വിധിപ്രകാരം പുരുഷ, സ്ത്രീ ഊർജത്തിലുള്ള വ്യതിയാനങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. വനിതകൾക്കു മാത്രം പ്രവേശനമുള്ളതും പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതുമായ ആരാധനാലയങ്ങളുണ്ട് എന്നതും കോടതി കണക്കിലെടുത്തിട്ടില്ലെന്നും പന്തളം കൊട്ടാരം വിശദീകരിക്കുന്നു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതൊന്നും അംഗീകരിക്കപ്പെടാൻ സാധ്യതയില്ല. പുനപരിശോധനാ ഹർജികൾ സാധാരണ തള്ളുകയാണ് പതിവ്. എന്നാൽ നിർണ്ണായക വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ചു. കൂടുതൽ ജ്സ്റ്റീസുമാർ വിരമിച്ചാൽ തങ്ങളുടെ വാദത്തിന് കൂടുതൽ അംഗീകാരം കിട്ടുമെന്നാണ് പന്തളം കൊട്ടാരത്തിന്റെ വിലയിരുത്തൽ. ഈ പ്രതീക്ഷയിലാണ് നിയമ പോരാട്ടവുമായി മുന്നോട്ട് പോകുന്നതും. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച പരമോന്നത നീതിപീഠത്തിന്റെ സുപ്രധാനവിധിയിലേക്ക് നയിച്ചത് 12 വർഷത്തെ 'സംഭവബഹുല'മായ നിയമപോരാട്ടമായിരുന്നു. വിവിധ ബെഞ്ചുകൾക്കുമുമ്പാകെ 20 ദിവസത്തോളം വാദംനടന്നു. ഒടുവിൽ ഭരണഘടനാ ബെഞ്ചിനുമുമ്പിൽ എട്ടുദിവസം സുദീർഘമായ വാദം. ഒടുവിലാണ് വിധിയുണ്ടായത്.

2006-ലാണ് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി ഭക്തി പസ്രീജ സേത്തി സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം(ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം. ആദ്യവർഷം ഹർജിയിൽ കാര്യമായി ഒന്നും സംഭവിച്ചില്ല. എന്നാൽ, 2007-ൽ അന്നത്തെ ഇടതുസർക്കാർ സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടുമായി സത്യവാങ്മൂലം നൽകി. ഒരേമതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് അതിൽ വ്യക്തമാക്കി. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. പിന്നീട് എട്ടുവർഷത്തോളം കേസിൽ കാര്യമായൊന്നും സംഭവിച്ചില്ല.

2016-ലാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ കേസ് എത്തിയത്. അപ്പോഴേക്കും കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയിരുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് സർക്കാർ സത്യവാങ്മൂലം നൽകി. ഇതിനിടെ ആചാരങ്ങളിൽ കോടതി ഇടപെടുന്നതിന്റെ യുക്തി പലതവണ ചോദ്യംചെയ്യപ്പെട്ടു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോർഡിനുവേണ്ടി കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. ഒടുവിൽ വിഷയം അഞ്ചംഗ ബെഞ്ചിലെത്തി. കേസ് ഭരണഘടനാബെഞ്ച് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ വീണ്ടും നിലപാട് മാറ്റി. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണ് തങ്ങൾക്കെന്ന് ഇടതുസർക്കാർ അറിയിച്ചു. എന്നാൽ, സർക്കാരിനുകീഴിൽ വരുന്ന ദേവസ്വം ബോർഡ് തിരിച്ചുള്ള നിലപാടുതന്നെ തുടർന്നു.

ക്ഷേത്രപ്രവേശനവിലക്ക് അയിത്തത്തിന് കീഴിൽ വരുമെന്നുവരെ ഹർജിയെ അനുകൂലിക്കുന്നവർ വാദിച്ചു. അതേസമയം, നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ അവകാശങ്ങൾ, ആചാരങ്ങളുടെ അനിവാര്യത എന്നിവ ചൂണ്ടിക്കാട്ടി എതിർവാദവുമുണ്ടായി. ഇതിനുശേഷമാണ് സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രധാനമായ വിധിയെഴുതിയത്.