കൊച്ചി: തുലമാസപൂജ സമയത്ത് ശബരിമല യുവതി വിഷയത്തിലുണ്ടായ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായവരിൽ നിരവധി ആദിവാസി യുവാക്കളുണ്ട്. ആൾക്കൂട്ട മനഃശാസ്ത്രമറിഞ്ഞ് പൊലീസും വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞ ഇവർ പൊതുമുതൽ നശീകരണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അഴിയെണ്ണുന്നു. ഇനി ഇവർ പുറംലോകം കാണണമെങ്കിൽ നാലു മുതൽ 13 ലക്ഷം രൂപ വരെ കോടതിയിൽ കെട്ടി വയ്ക്കണം. പൊലീസ് ഷൂട്ട് ചെയ്ത ദൃശ്യങ്ങളിലും ചിത്രങ്ങളിലും അക്രമം നടത്തുന്നതായി കണ്ടവരാണ് അറസ്റ്റിലായിട്ടുമുള്ളത്.

പൊലീസ് പുറത്തിറക്കിയ ആൽബത്തിൽ നിന്ന് ഒന്നൊഴിയാതെ പിടികൂടപ്പെട്ടവരിൽ ഏറെയും നിലയ്ക്കലിലെയും ചിറ്റാറിലെയും അട്ടത്തോട്ടിലെയും ആദിവാസി യുവാക്കളാണ്. പിടിയിലായ ഇവരെ അക്രമത്തിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ തന്നെ അവർ കുറ്റം സമ്മതിച്ചു. ആൾക്കൂട്ടം എറിയുന്നത് കണ്ട് കൂടെ നിന്ന് എറിഞ്ഞുവെന്നാണ് ഇവരുടെ മൊഴി. പൊലീസ് പക്ഷേ, നിസഹായരാണ്. പ്രതികളായ ഇവർ റിമാൻഡിലും പോയി. പുറത്തിറക്കാൻ ഒറ്റ നേതാക്കളുമില്ല. അതേസമയം, കൊച്ചിയിലെ പ്രമുഖ അഭിഭാഷക കുടുംബത്തിൽപ്പെട്ട ഗോവിന്ദ് മധുസൂദനൻ എന്ന വക്കീലിന് ജാമ്യം കിട്ടാൻ വേണ്ടി അഭിഭാഷകരുടെ പട തന്നെ രംഗത്ത്.

നിലയ്ക്കൽ അക്രമങ്ങളിൽ ഗോവിന്ദിന്റെ പങ്ക് വലുതായിരുന്നു.ജാമ്യത്തിനായി ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ഗൗരവം സർക്കാർ വക്കീൽ നിരത്തും. ജാമ്യാപേക്ഷ കോടതി മാറ്റി വയ്ക്കും. ഇതോടെ സർക്കാർ വക്കീലന്മാരായ സുമൻ ചക്രവർത്തി, രേഖ സി നായർ എന്നിവർക്കെതിരേ തിരിഞ്ഞിരിക്കുകയാണ് മറ്റു വക്കീലന്മാർ. നമ്മുടെ കൂട്ടത്തിൽ നിന്നൊരാൾ അകത്ത് കിടക്കുമ്പോൾ, അയാളുടെ ജാമ്യാപേക്ഷയെ എതിർക്കുന്നത് എന്തിനാണെന്നാണ് സർക്കാർ വക്കീലന്മാരോട് മറ്റ് അഭിഭാഷകരുടെ ചോദ്യം.

 സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണ് സർക്കാർ വക്കീലന്മാർ ഏറ്റു പിടിച്ച് കളിക്കുന്നതെന്നും പ്രചാരണം ഉയർന്നു. ഈ വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകർക്കിടയിൽ വ്യക്തമായ ചേരി തിരിവും ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഗോവിന്ദ് മധുസൂദനന് ജാമ്യം ലഭിക്കുന്നത് തടയാൻ പൊലീസും മുൻകരുതൽ എടുത്തു കഴിഞ്ഞു. നിലയ്ക്കലിൽ ഏറ്റവും കൂടുതൽ കുഴപ്പമുണ്ടാക്കിയത് ഇയാളാണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ അതേപടി കോടതിയിൽ ഹാജരാക്കാനാണ് നീക്കം.

ഇതോടെ ഗോവിന്ദിന് ജാമ്യം നിഷേധിക്കാനാവുമെന്നും കരുതുന്നു. നിലയ്ക്കൽ വിഷയത്തിൽ അറസ്റ്റിലായ എല്ലാവർക്കും നിയമസഹായം ഉണ്ടാകുമെന്ന് ഹൈന്ദവ സംഘടനകളും ബിജെപിയും പറയുമ്പോഴും പ്രമുഖർക്ക് മാത്രമാണ് അത് കിട്ടുന്നത് എന്നതിന്റെ അവസാന ഉദാഹരണമാണിത്.