തിരുവനന്തപുരം: 24 ന്യൂസ് കൊണ്ടുവന്ന വ്യാജവാർത്തയെ സഭയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പിണറായി വിജയൻ സഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വ്യാജ ചെമ്പോല പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സിപിഎം മുഖ്യപത്രമായ ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകുമോ എന്നാണ് വി.ഡി. സതീശൻ ചോദിച്ചത്. 'ശബരിമലയുടെ ചരിത്രത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും 351 വർഷം പഴക്കമുള്ള പുരാവസ്തുരേഖ മോൻസൺ മാവുങ്കലിന്റെ കൈവശമുണ്ടെന്നും അത് പ്രധാനപ്പെട്ട രേഖയാണെന്നും ചൂണ്ടിക്കാട്ടി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ ചെമ്പോല പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ദേശാഭിമാനി പത്രത്തിനെതിരെ നടപടി സ്വീകരിക്കാൻ തയാറാകുമോ'-എന്നാണ് പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ പുറത്തുവിട്ട ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ചെമ്പോല യഥാർഥമാണെന്ന് ഒരു ഘട്ടത്തിലും സർക്കാർ അവകാശപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെമ്പോലയുടെ ആധികാരികത പരിശോധിക്കും. പുരാവസ്തുക്കൾക്ക് സംരക്ഷണം നൽകിയതും അന്വേഷിക്കും. തെറ്റ് കണ്ടെത്തായൽ കർശന നടപടിയെടുക്കും. മോൻസന്റെ വീടിന് സുരക്ഷ നൽകിയത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കൾ പരിശോധിക്കാൻ പൊലീസിനാവില്ല. അതിനാലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിച്ചത്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ല. ബെഹ്റ പോയ സാഹചര്യം അന്വേഷിക്കും. ഇ ഡി അന്വേഷണത്തിന് ബെഹ്റ കത്ത് നൽകിയത് സംശയം തോന്നിയതിനാലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ സൈബർ സമ്മേളനമായ കൊക്കൂൺ കോൺഫറൻസിൽ മോൻസൻ പങ്കെടുത്തതായി അറിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെമ്പോല വ്യാജമെങ്കിൽ, യഥാർത്ഥമെന്ന് വാർത്ത നൽകിയവർക്കെതിരെ നടപടി എടുക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. അതിനിടെ, ഫാഷൻഗോൾഡ് തട്ടിപ്പിനെ സഭയിൽ ന്യായീകരിച്ച് മുസ്ലിം ലീഗ് അംഗം എൻ ഷംസുദ്ദീനോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. നാണമുണ്ടോ നിങ്ങൾക്ക് എന്നായിരുന്നു ക്ഷോഭത്തോടെ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി എന്തിനാണ് ചൂടാവുന്നതെന്ന് പ്രതിപക്ഷം ചോദിച്ചപ്പോൾ, ഇതിനല്ലെങ്കിൽ പിന്നെ എന്തിന് ചൂടാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടിൽ ചില രാഷ്ട്രീയ നേതാക്കൾ പോയതായും അവിടെ വെച്ച് തുകകൾ കൈമാറിയതായും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഭരണപക്ഷ അംഗമായ വി. ജോയിയാണ് ചോദ്യം ഉന്നയിച്ചത്. തട്ടിപ്പ് കേസിലെ പരാതിക്കാർ വാർത്താ ചാനലിൽ ഇക്കാര്യം പറഞ്ഞിരുന്നതായും വി. ജോയി ചൂണ്ടിക്കാട്ടി. തട്ടിപ്പിനിരയായവർ നൽകിയ ഒരു പരാതിയിൽ ഇത്തരമൊരു പരാമർശം ഉണ്ടെന്നത് വസ്തുതയുണ്ട്. അതിനെ കുറിച്ച് അന്വേഷിക്കട്ടെയെന്നും അതിന് ശേഷം എന്താണെന്ന് കാണാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

നേരത്തെ ഈ വിവാദം കൊഴുത്തപ്പോൾ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോല തിട്ടൂരം പതിറ്റാണ്ടുകൾക്ക് മുൻപ് സുപ്രീംകോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയതായി ചീരപ്പൻചിറ കുടുംബം വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോർഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയത്. എന്നാൽ വാമൊഴിയായി കേട്ട ഓർമ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ പറയുന്നു.

ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പൻചിറ തറവാട്. ഇവിടെയാണ്അയ്യപ്പൻ കൗമാരകാലത്ത് കളരി അഭ്യസിച്ചത് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പൻചിറ. അയ്യപ്പൻ കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളിക്കിന് മുന്നിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോലയും ഉണ്ടായിരുന്നു. വെടിവഴിപാട് അവകാശം തിരികെ കിട്ടാൻ വേണ്ടി ദേവസ്വം ബോർഡിനെതിരെ ചീരപ്പൻചിറക്കാർ കേസ് നടത്തിയിരുന്നു. മാവേലിക്കര കോടതിയിൽ തുടങ്ങി അങ്ങ് സുപ്രീംകോടതി വരെ ആ നിയമപോരാട്ടം നീണ്ടുവെന്നുമാണ് ചീരപ്പൻ ചിറ കുടുംബാംഗം പറയുന്നത്.