- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സന്നിധാനത്ത് വച്ചു കണ്ടപ്പോൾ മുരളിയോട് ചെന്നിത്തല പറഞ്ഞത് വെറുമൊരു 'ഹായ്'; മന്ത്രിയുടെ മുറിയിൽ ചെന്നിത്തലയും തൊട്ടടുത്ത മെമ്പർമാരുടെ മുറിയിൽ എംപിമാരും അടുത്തടുത്ത് ഒരു രാത്രി കഴിഞ്ഞിട്ടും പരസ്പരം കാണുകയോ മിണ്ടുകയോ ചെയ്തില്ല; അയ്യപ്പ സന്നിധിയും സാക്ഷിയായത് ചേരിതിരിവിലെ കാഠിന്യം; ചെന്നിത്തലയും മുരളിയും ഉണ്ണിത്താനും പലവഴിക്ക് മല ഇറങ്ങിയ കഥ
പത്തനംതിട്ട: കോൺഗ്രസ് രാഷ്ട്രീയത്തിൽ മൂന്ന് ധ്രുവങ്ങളിലാണ് രമേശ് ചെന്നിത്തലയും കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും. അതുകൊണ്ട് തന്നെ കോൺഗ്രസിനുള്ളിലെ ബദ്ധവൈരികളായിരുന്ന രമേശ് ചെന്നിത്തലയും കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും ഒരുമിച്ച് കഴിഞ്ഞ ദിവസം ശബരിമലയിൽ സന്ദർശനം നടത്തിയ ചിത്രം ഏറെ ചർച്ചയുമായി. രാജ്‌മോഹൻ ഉണ്ണിത്തനും മുരളീധരനും തമ്മിൽ ബദ്ധവൈരികളുമാണ്. ഇതിന് പിന്നിൽ പുതിയ ഗ്രൂപ്പ് രൂപീകരണമാണോ എന്ന ചർച്ചയാണ് രാഷ്ട്രീയ കേരളത്തിൽ സജീവമാകുന്നത്. എന്നാൽ എല്ലാം സ്വാഭാവികമെന്നാണ് നേതാക്കൾ പറയുന്നത്.
തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കെട്ടുകെട്ടിയായിരുന്നു ചെന്നിത്തല ശബരിമലയിൽ എത്തിയത്. തിരുവനന്തപുരത്തെ തന്റെ വീട്ടിലായിരുന്നു മുരളീധരന്റെ കെട്ടു നിറ. രാജ്‌മോഹൻ ഉണ്ണിത്താൻ കൊല്ലത്തെ വീട്ടിൽ നിന്നായിരുന്നു ശബരിമല യാത്ര തുടങ്ങിയത്. വ്യാഴാഴ്ച വൈകിട്ടാണ് ചെന്നിത്തല പമ്പയിൽ എത്തിയത്. ഇന്നലെ രാവിലെയാണ് ചെന്നിത്തല സന്നിധാനത്ത് എത്തിയത്. സന്നിധാനത്ത് ഉദയാസ്തമയ പൂജയും ചെന്നിത്തലയ്ക്കുണ്ടായിരുന്നു. മകൻ രോഹിത്തും വിശ്വസ്തനായ തമ്പാനൂർ സതീശുമൊത്തായിരുന്നു ചെന്നിത്തലയുടെ ശബരിമല യാത്ര. അടുത്ത ദിവസമാണ് മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്തനും സന്നിധാനത്ത് എത്തിയത്. തീർത്തും യാദൃശ്ചികം.
ഇന്നലെ രാവിലെ മുതൽ ചെന്നിത്തല സന്നിധാനത്തുണ്ടായിരുന്നു. വൈകിട്ടാണ് മുരളീധരൻ എത്തിയത്. ഏതാണ്ട് ഇതേ സമയം രാജ്‌മോഹൻ ഉണ്ണിത്താനും എത്തി. ഉദാസ്തമയ പൂജ ഉള്ളതു കൊണ്ട് തന്നെ ചെന്നിത്തല ഏതാണ്ട് മുഴുവൻ സമയവും സോപാനത്തുണ്ടായിരുന്നു. ഉദയാസ്തമയ പൂജകളെല്ലാം തൊഴുതു. രാത്രി ദീപാരാധനയ്ക്ക് മുരളീധരനും എത്തി. രാജ്‌മോഹൻ ഉണ്ണിത്താനും തൊഴുതു. രാത്രിയിൽ ഹരിവരാസനവും തൊഴുത് രാവിലെ നിർമ്മാല്യ ദർശനവും കഴിഞ്ഞാണ് മൂന്ന് നേതാക്കളും മല ഇറങ്ങിയത്. ഗണപതി ഹോമത്തിലും പങ്കാളിയായി. ഈ ചടങ്ങുകളിൽ ഒന്നും ഈ നേതാക്കൾ തമ്മിൽ സംസാരിക്കുന്നത് പോലും അവിടെ ഉണ്ടായിരുന്ന ആരും കണ്ടില്ല.
സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിൽ മന്ത്രിക്കുള്ള മുറിയിലായിരുന്നു ചെന്നിത്തലയുടെ താമസം. ബോർഡ് മെമ്പർമാരുടെ മുറികൾ ലോക്‌സഭാ എംപിമാർക്കും നൽകി. എല്ലാം അടുത്തടുത്താണ്. എന്നാൽ ഗസ്റ്റ് ഹൗസിൽ പോലും ഈ നേതാക്കൾ പരസ്പരം കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല. ക്ഷേത്ര നടയിൽ മുരളിയെ കണ്ടപ്പോൾ വെറുമൊരു ഹായ് പറച്ചിലിൽ ചെന്നിത്തല സൗഹൃദം ഒതുക്കുകയും ചെയ്തു. അയ്യപ്പനെ തൊഴാൻ സോപാനത്ത് ഒരുമിച്ച് നിന്നതല്ലാതെ ഒരു ആശയ വിനിമയവും ഇവർ തമ്മിലുണ്ടായില്ലെന്നതാണ് വസ്തുത. കോൺഗ്രസിലെ ഗ്രൂപ്പ് ചേരി തിരിവിലെ കാഠിന്യം അങ്ങനെ അയ്യപ്പ സന്നിധിയിലും തെളിഞ്ഞു.
മുരളീധരന്റെ പേരിലായിരുന്നു കരുണാകരനും രമേശ് ചെന്നിത്തലയും തമ്മിൽ പിരിയുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായിരുന്ന കെ കരുണാകരനെതിരെ തിരുത്തൽവാദി ഗ്രൂപ്പുണ്ടാക്കി വെല്ലുവിളിച്ച നേതാവായിരുന്നു രമേശ് ചെന്നിത്തല. കരുണാകരൻ മകൻ മുരളീധരനെ കോൺഗ്രസിനുള്ളിൽ വളർത്തുന്നു എന്നതായിരുന്നു അന്നുവരെ കരുണാകരന്റെ നിഴലായി നിന്ന രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. എന്നാൽ ചെന്നിത്തലയും മുരളീധരനും തമ്മിൽ ഇപ്പോൾ ആ പഴയ വിദ്വേഷമില്ല. മുരളീധരന് സ്വാധീനമുള്ള വട്ടിയൂർക്കാവിലെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തതു പോലും ചെന്നിത്തലയാണ്. വിശാല ഐ ഗ്രൂപ്പിൽ മടങ്ങിയെത്തിയ മുരളീധരൻ ചെന്നിത്തലയെ നേതാവായും അംഗീകരിച്ചിരുന്നു.
എന്നാൽ വലിയ വിദ്വേഷമാണ് രാജ്‌മോഹൻ ഉണ്ണിത്താനും കെ മുരളീധരനും തമ്മിലുള്ളത്. കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമായിരുന്ന സമയത്ത് ഗ്രൂപ്പ് യോഗം ചേർന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും മുണ്ട് പരസ്യമായി വലിച്ചുരിഞ്ഞത് കെ മുരളീധരന്റെ അനുയായികളായിരുന്നു. ഇതിനെതിരെ ഇരുവരും കെപിസിസി ആസ്ഥാനത്ത് സത്യാഗ്രഹമിരിക്കുകയും ചെയ്തിരുന്നു. മുരളീധരൻ ഒരു പെണ്ണായിരുന്നെങ്കിൽ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നു എന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ അന്നത്തെ പ്രസ്ഥാവന വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്.
2018ലായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പരാമർശങ്ങൾ. കെ മുരളീധരൻ ആണായി പിറന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ അന്ന് പറഞ്ഞു. മുരളിയെക്കുറിച്ച് പറയുകയാണെങ്കിൽ രണ്ടാമതൊരു കാമസൂത്രം തന്നെ രചിക്കേണ്ടി വരും. മുരളീധരൻ യുഡിഎഫിനെ അപമാനിച്ചു. കെ. കരുണാകരനെ അനുസ്മരിക്കാൻ 14 ജില്ലകളിലും നടന്ന പരിപാടികളിൽ മകനായ മുരളീധരനെ കണ്ടില്ലെന്ന ആരോപണം ഉയർത്തിയായിരുന്നു അന്ന് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനം.