- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര: പായ്ക്കറ്റുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ഉടമ ശിവസേനാ നേതാവ്; പൂണെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് കമ്പനി; ഹലാൽ ശർക്കര വിവാദം തുടരുന്നു
തിരുവനന്തപുരം:ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ചെന്ന വിവാദം തുടരുന്നതിനിടെ ശർക്കര പായ്ക്കറ്റുകൾ നിർമ്മിക്കുന്നത് ശിവസേന നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകൾ.
മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമ്മിക്കുന്നത്. കമ്പനി ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർത്ഥിയായിരുന്നു ധ്യാൻദേവ്.
പത്തു വർഷമായി കൃഷി-അനുബന്ധ മേഖലയിൽ സജീവമായ കമ്പനിയാണ് ധ്യാൻദേവിന്റെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ.
സൾഫറില്ലാത്ത പഞ്ചസാര ഉൽപ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശർക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡർ. ഈ മേഖലയിലെ ഹോൾസെയിൽ വമ്പന്മാരാണ് വർധൻ ആഗ്രോ പ്രൊസസിങ്. ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.
ശബരിമലയിൽ അരവണ, അപ്പം നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് നിർമ്മാണ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളമെന്ന് ബിജെപി ആരോപിച്ചിരുന്നു.
അതേ സമയം ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചിരുന്നു. 2020-21 കാലഘട്ടത്തിലെ ശർക്കരയാണ് അപ്പം-അരവണ നിർമ്മാണത്തിനായി നിലവിൽ ഉപയോഗിക്കുന്നതെന്നും 2019 -20 വർഷം 3 ലക്ഷം കിലോ ശർക്കര ഉപയോഗിക്കാൻ സാധിച്ചിരുന്നില്ലെന്നും ഇതാണ് ലേലം ചെയ്തതെന്നും സർക്കാർ മറുപടിയിൽ പറയുന്നു.
ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷമാണ് സന്നിധാനത്തേക്ക് സാധനങ്ങൾ അയയ്ക്കുന്നത്. പമ്പയിലെയും സന്നിധാനത്തെയും ലബോറട്ടറികളിൽ പരിശോധിച്ച് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ടെന്ന് മറുപടിയിൽ പറയുന്നു. ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കാനായി മാറ്റി.
കഴിഞ്ഞ ദിവസമാണ് പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഹലാൽ മുദ്രയുള്ള ശർക്കരയാണെന്ന് വ്യക്തമായത്. ബാക്കി വന്ന ശർക്കര ചാക്കുകൾ മാറ്റുന്നതിനിടയിലാണ് ചാക്കിന് മുകളിലെ ഹലാൽ അടയാളം ശ്രദ്ധയിൽപെട്ടത്. ഭക്തരുടെ വലിയ പ്രതിഷേധത്തിനാണ് ഇത് വഴിവെച്ചത്.
അറബ് രാജ്യങ്ങളിൽ അടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ചാക്കുകളിൽ ഹലാൽ മുദ്ര ഉണ്ടായതെന്നായിരുന്നു ദേവസ്വം ബോർഡ് ഇന്നലെ വാക്കാൽ നൽകിയ വിശദീകരണം. ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയത്. ഇതര മതസ്ഥരുടെ മുദ്രപതിപ്പിച്ച ആഹാരസാധനങ്ങൾ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന കീഴ് വഴക്കമാണ് ദേവസ്വം ബോർഡ് ലംഘിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ