തിരുവനന്തപുരം: ആട്ടച്ചിത്തിരക്കായി ശബരിമല തുറന്നപ്പോൾ മുതൽ കഴിയും വരെ നടന്ന സംഭവങ്ങളിൽ സംഘർഷം ഒഴിവായി എന്ന ആശ്വാസത്തിലാണ് പൊലീസ് എങ്കിലും പൊതുചിത്രം സർക്കാറിനാകെ സമ്മാനിച്ചത് നാണക്കേടാണ്. സന്നിധാനത്ത് അടക്കം ആയിരക്കണക്കിന് പൊലീസുകാരെ നിയോഗിച്ചും മറ്റും ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടും സന്നിധാനം പൂർണാമായും ആർഎസ്എസിന്റെ നിയന്ത്രണത്താലായിരുന്നു. ക്രിമിനലുകളെ തടയാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടും സന്നിധാനത്ത് സംഘർഷത്തിൽ പ്രതിയായ വ്യക്തി പോലും ക്ഷേത്രത്തിലെത്തി പൊലീസിനെ വെല്ലുവിൡു. ഇതോടെ എവിടെ പൊലീസിന്റെ ഫേസ് ഡിറ്റക്ഷൻ മെഷീൻ എന്നചോദ്യങ്ങളും ഉയർന്നു. സംഘർഷം ഉണ്ടായപ്പോൾ പൊലീസ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തത് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി ആയിരുന്നു. കൊലപാതക കേസിൽ പ്രതികൂടിയായ ആർഎസ്എസ് നേതാവ് പൊലീസ് മെഗാഫോൺ ഉപയോഗിച്ച് സന്നിധാനം നിയന്ത്രിച്ചത് പൊലീസിനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ഏടായി മാറി. ഈ നാണക്കേട് മറയ്ക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ പൊലീസ് നേതൃത്വം.

ശബരിമലയിലെ സുരക്ഷയിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്നലെ ചേർന്ന പൊലീസ് ഉന്നതതല യോഗം വിലയിരുത്തിയത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനോടു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. മണ്ഡലകാലത്തിനായി സന്നിധാനം തുറക്കുമ്പോൾ എന്തൊക്കെ നടപടി കൈക്കൊള്ളണം എന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനും പൊലീസ് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ 16നു തുടങ്ങുന്ന മണ്ഡലമകരവിളക്കു സീസണിൽ സുരക്ഷാ ക്രമീകരണം അടിമുടി മാറ്റാനാണു സാധ്യത. ഇന്നലെ ഡിജിപിയുടെ സാന്നിധ്യത്തിൽ ചേർന്ന അനൗദ്യോഗിക യോഗത്തിലാണു വീഴ്ച സംബന്ധിച്ച വിലയിരുത്തൽ ഉണ്ടായത്.

ചിത്തിര ആട്ടത്തിരുനാളിനു തിങ്കളാഴ്ച വൈകിട്ടു നട തുറക്കുന്നതിനു മുന്നോടിയായി പൊലീസ് വൻ സുരക്ഷാ ഒരുക്കങ്ങൾ നടത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സന്നിധാനത്തെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. ചെറുസംഘങ്ങളായെത്തി ഒത്തുകൂടിയ പ്രതിഷേധക്കാരെ തിരിച്ചയയ്ക്കാൻ കഴിഞ്ഞില്ല. പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ ഒന്നും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിൽ മുങ്ങിയ അവസ്ഥയുണ്ടായി. സന്നിധാനത്ത് ആദ്യമായി വിന്യസിച്ച 15 വനിതാ പൊലീസുകാരെയും അധികമാരും പുറത്തുകണ്ടില്ല. തില്ലങ്കേരിയുടെ നേതൃത്വത്തിൽ ആർഎസ്എസ് സ്ഥലത്തു തമ്പടിച്ചതോടെയാണ് ഇവരെല്ലാം പതിയെ രംഗംവിട്ടത്.

ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിക്കുന്നതും പതിനെട്ടാം പടിയിൽനിന്നു പ്രതിഷേധക്കാരോടു സംസാരിക്കുന്നതും ചാനലുകളിൽ കണ്ടപ്പോൾ തന്നെ ഐജി അജിത്തുമായി ഡിജിപി ഫോണിൽ സംസാരിച്ചിരുന്നു. എസ്‌പിമാർക്കു ചുമതല നൽകിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൽസൻ തില്ലങ്കേരി പൊലീസ് മൈക്കെടുത്ത സംഭവം മുഖ്യമന്ത്രി പിണറായി വിജയനും വലിയ നാണക്കേടാണ് സമ്മാനിച്ചത്. ആർഎസ്എസിനും ബിജെപിക്കും സർക്കാർ പരവതാനി വിരിക്കുന്നു എന്ന ആക്ഷേപം ഉണ്ടാകാനും ഇത് ഇടയാക്കി. മുഖ്യമന്ത്രിയുടെ വാക്കുകൾ വെറും വാചകമടിയാണെന്ന് കുട്ടികൾ പോലും പറഞ്ഞു കളിയാക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. അടുത്ത ദിവസങ്ങളിലായി അദ്ദേഹം സമവായത്തിന്റെ പാതയിലാണ് നീങ്ങുന്നതും.

ചെറുമകന്റെ ചോറൂണിനെത്തിയ 52 വയസ്സുകാരി ലളിതയ്ക്കു നേരെ പ്രതിഷേധം ശക്തമായതിനെ തുടർന്നു സന്നിധാനത്ത് തമ്പടിച്ചവരോട് വത്സൻ തില്ലങ്കേരി സംസാരിക്കുന്ന അവസ്ഥ വന്നത്. പൊലീസ് നൽകിയ മൈക്കിലൂടെയാണ് ഇദ്ദേഹം പ്രവർത്തകരോടു സംസാരിച്ചത്. തൊട്ടടുത്തായി ഉേേദ്യാഗസ്ഥരും ഉണ്ടായിരുന്നു. വൻ സുരക്ഷാസന്നാഹം സന്നിധാനത്ത് പൊലീസ് ഒരുക്കിയിട്ടും പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ബിജെപി നേതാക്കളുടെ സഹായം തേടിയ പൊലീസ് നടപടിയാണ് വിമർശിക്കപ്പെട്ടത്. യുവതീ പ്രവേശം സംശയിച്ചു ഭക്തർ പ്രതിഷേധം ശക്തമാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ വത്സൽ തില്ലങ്കേരി ഉണ്ടായിരുന്നു. എന്നാൽ ദർശനത്തിന് എത്തിയ സ്ത്രീകൾക്ക് 50 വയസു കഴിഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ പ്രതിഷേധക്കാരെ ശാന്തരാക്കാനും വത്സൻ മുന്നിട്ടിറങ്ങി. പൊലീസിന്റെ അനൗൺസ്‌മെന്റ് മൈക്കിലൂടെ വേണ്ട നിർദ്ദേശങ്ങൾ ഭക്തർക്കു നൽകി. പൊലീസ് നിസ്സഹായരായി നോക്കിനിൽക്കുമ്പോഴായിരുന്നു തില്ലങ്കേരിയുടെ ഇടപെടൽ.

'നമ്മൾ ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാർ ആയിട്ടാണ്. ഇവിടെ ചിലയാളുകൾ ഈ കൂട്ടത്തിൽ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചു വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തിൽ വീണു പോകാൻ പാടില്ല. നമ്മൾ ശാന്തമായി, സമാധാനമായി ദർശനം നടത്തണം. ദർശനം നടത്താൻ പ്രായപരിധിക്കു പുറത്തുള്ളവർ വന്നാൽ അവർക്കു സഹായവും ചെയ്തുകൊടുക്കണം. പ്രായപരിധിയിലുള്ളവരെ തടയാൻ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വൊളന്റിയർമാരുണ്ട്. അവിടെ പമ്പ മുതൽ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആർക്കും ഇങ്ങോട്ട് വരാൻ പറ്റില്ല' തില്ലങ്കേരി പറഞ്ഞു.

'നമ്മൾ ആവശ്യമില്ലാതെ വികാരാധീനരാകേണ്ടതില്ല. ശബരിമല കലാപകേന്ദ്രമാക്കണം എന്നു പ്രചരണം നടത്തുന്ന ആളുകൾക്ക് ഇന്ന് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായിക്കിട്ടണമെന്ന് ആഗ്രഹമുണ്ട്. അവരുടെ കെണിയിൽ വീഴാനാണോ ഉദ്ദേശിക്കുന്നത്? സ്വയം വൊളന്റിയർമാരായി ശാന്തമായ രീതിയിൽ നടയിറങ്ങാൻ സാധിക്കണം. പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴാൻ പാടില്ല. നമ്മൾ ശാന്തമായി ഇരുന്നാൽ മതി. എല്ലാവരെയും ആവശ്യമായി വരേണ്ട സന്ദർഭം വരികയാണെങ്കിൽ വിളിക്കും. അപ്പോൾ വന്നാൽ മതി. ഇങ്ങനെ ആവർത്തിച്ചുപറയുന്നതു നമുക്കു മോശമാണ്. അതിന് ഇടയാക്കരുത്' അദ്ദേഹം വ്യക്തമാക്കി.

തില്ലങ്കേരി ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. എന്നാൽ, പതിനെട്ടാം പടിയിൽ അടക്കം അദ്ദേഹം കയറിയത് വിവാദങ്ങൾക്കും ഇടയാക്കി. ഇതെല്ലാം പൊലീസിന്റെ വീഴ്‌ച്ചയായി വ്യാഖ്യാനിക്കപ്പെട്ടു. അതിനിടെ ശബരിമല സുരക്ഷയുടെ കാര്യത്തിൽ കോടതി ഇടപെടലും സർക്കാറിനെ വെട്ടിലാക്കുന്നുണ്ട്. ശബരിമലയിൽ മാധ്യമപ്രവർത്തകരെയും യഥാർഥ ഭക്തരെയും തടഞ്ഞിട്ടില്ലെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്നു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നതായും പൊലീസ് ഹൈക്കോടതിയെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയപ്പോൾ അറിയിച്ചു. സുപ്രീം കോടതി വിധിക്കെതിരെ ചില ഹിന്ദു സംഘടനകൾ പ്രതിഷേധത്തിനു പദ്ധതിയിട്ടിട്ടുണ്ടെന്നു കേരളം, തമിഴ്‌നാട്, കർണാടക ചീഫ് സെക്രട്ടറിമാർക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തടയാൻ നടപടി വേണമെന്നും നിർദ്ദേശമുണ്ടായിരുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ വിശദീകരിച്ചു. പൊലീസ് മാധ്യമവിലക്ക് ഏർപ്പെടുത്തിയെന്ന ഹർജിയാണു കോടതി പരിഗണിച്ചത്.

കഴിഞ്ഞ മാസപൂജ സമയത്തു ചില തീവ്രസംഘടനകൾ സ്ത്രീകളെ തടയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തതായി പൊലീസ് ചൂണ്ടിക്കാട്ടി. വനിതാ മാധ്യമപ്രവർത്തകർക്കു നേരെ അക്രമം ഉണ്ടായിരുന്നു. ഇക്കുറി സുരക്ഷ ഉറപ്പാക്കാനാണു കുറച്ചുനേരം നിയന്ത്രണം വേണ്ടിവന്നത്. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണു കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അറിയിച്ചു.