- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢലക്ഷ്യത്തോടെ ശബരിമലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യം സിപിഎമ്മിനില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെക്കുമെന്നതും വ്യാജപ്രചരണം; മണ്ഡലപൂജയ്ക്ക് നട തുറക്കുമ്പോൾ സിപിഎം പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുമെന്ന വാർത്തകൾ തള്ളി മന്ത്രി കടകംപള്ളി; മാധ്യമസൃഷ്ടികൾ ദേവസ്വം ബോർഡിനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് ബോർഡ് പ്രസിഡന്റ് എ പത്മകുമാറും
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സംഘർഷക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി സിപിഎം ജീവനക്കാരെ ബോർഡിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന മാധ്യമ വാർത്തകളെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റും. ഏതെങ്കിലും ഗൂഢ ലക്ഷ്യത്തോടെ സിപിഎമ്മിന് ശബരിമലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ശബരിമലയിലേക്ക് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുന്നുവെന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ശബരിമലയിൽ കരാറടിസ്ഥാനത്തിൽ പോകുന്ന കുറേ ആൾക്കാരുണ്ട്. അവർക്ക് തുച്ഛമായ വേതനമാണ് കിട്ടുന്നത്. അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെയാണ് അവരവിടെ പ്രവർത്തിക്കുന്നത്. അതിൽ സിപിഎം അനുഭാവികളുണ്ടാകാമെന്നല്ലാതെ സിപിഎം പ്രവർത്തകർ ഉണ്ടാകാൻ സാധ്യത കുറവാണ്. സിപിഎം പ്രവർത്തകരെ ദേവസ്വം ബോർഡിന്റെ കരാർ ജീവനക്കാരായി അയക്കുന്നുവെന്ന വാർത്ത തികച്ചും വ്യാജപ്രചര
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സംഘർഷക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി സിപിഎം ജീവനക്കാരെ ബോർഡിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന മാധ്യമ വാർത്തകളെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റും. ഏതെങ്കിലും ഗൂഢ ലക്ഷ്യത്തോടെ സിപിഎമ്മിന് ശബരിമലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ശബരിമലയിലേക്ക് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുന്നുവെന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി ശബരിമലയിൽ കരാറടിസ്ഥാനത്തിൽ പോകുന്ന കുറേ ആൾക്കാരുണ്ട്. അവർക്ക് തുച്ഛമായ വേതനമാണ് കിട്ടുന്നത്. അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെയാണ് അവരവിടെ പ്രവർത്തിക്കുന്നത്. അതിൽ സിപിഎം അനുഭാവികളുണ്ടാകാമെന്നല്ലാതെ സിപിഎം പ്രവർത്തകർ ഉണ്ടാകാൻ സാധ്യത കുറവാണ്. സിപിഎം പ്രവർത്തകരെ ദേവസ്വം ബോർഡിന്റെ കരാർ ജീവനക്കാരായി അയക്കുന്നുവെന്ന വാർത്ത തികച്ചും വ്യാജപ്രചരണം മാത്രമാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെയ്ക്കാൻ പോകുന്നു എന്നതും വ്യാജപ്രചരണമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബോർഡ് ഇതു വരെ നേരിട്ടിട്ടില്ലാത്ത സാഹചര്യമാണ് ഇപ്പോൾ നേരിടുന്നതെന്നും പ്രതിസന്ധികളും പ്രയാസങ്ങളും ഭരണാധികാരിക്ക് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അക്കാരണത്താൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി വന്നശേഷം തുടർച്ചയായി വരുന്ന മാധ്യമ വാർത്തകൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബോർഡ് പ്രസിഡന്റ് എ പത്മകുമാറും വ്യക്തമാക്കി. ദേവസ്വം ബോർഡിനെ പ്രതികൂട്ടിലാക്കി, ഇത്തരത്തിൽ വാർത്തകൾ നൽകുന്നവർക്ക് തന്നെ, അതിന്റെ നിജസ്ഥിതി ബോധ്യമുണ്ടെങ്കിലും, അവർ അതൊക്കെ മൂടിവച്ച് തെറ്റായ പ്രചരണങ്ങളാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. ഇത്തരം വാർത്തകൾ അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് പത്മകുമാർ പറഞ്ഞു.
യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം വാർത്തകൾ ചില പ്രമുഖ പത്രങ്ങൾ പോലും വലിയ തലക്കെട്ട് നൽകി പ്രസിദ്ധീകരിക്കുന്നതിന് പിന്നിൽ ബോർഡിനെ തകർക്കുക എന്ന ,അത്തരക്കാരുടെ വ്യക്തമായ അജണ്ടയും ഗൂഢാലോചനയും ആണ് ദൃശ്യമാകുന്നത്. ശബരിമലയെ തകർക്കുകയെന്ന ചിലരുടെ ഗൂഢോദ്ദേശം നടപ്പിലാക്കാൻ ചില മാധ്യമങ്ങൾ വഴിയൊരുക്കുകയാണ്. ദേവസ്വം ബോർഡിനെ കരിവാരി തേയ്ക്കുക, ഇല്ലാത്ത വാർത്തകൾ നൽകി ശബരിമലയിലെ മണ്ഡല -മകരവിളക്ക് ഉത്സവം അട്ടിമറിക്കുക എന്ന ലക്ഷ്യവും ഇത്തരം ശക്തികൾക്ക് പിന്നിലുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
'സന്നിധാനത്തേക്ക് സിപിഎം സ്‌ക്വാഡ്','പാർട്ടിക്കാരെ ദിവസ വേതനത്തിന് വച്ച് സന്നിധാനം നിയന്ത്രിക്കാൻ സിപിഎം','അരവണ തയ്യാറാക്കുന്നതിനും അന്നദാനത്തിനും ചുക്കുവെള്ള വിതരണത്തിനും ഇക്കുറി ഡിവൈഎഫ്‌ഐക്കാർ' ,'1680 പേരെ താൽക്കാലികാടിസ്ഥാനത്തിൽ ശബരിമലയിലും നിലയ്ക്കലിലുമായി നിയമിച്ചു.' എന്നിങ്ങനെ തലക്കെട്ട് നൽകികൊണ്ടുള്ള വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് പതിവാണ്. അരവണ തയ്യാറാക്കൽ, ഓഫീസ് ജോലി, കുടിവെള്ള വിതരണം, നാളികേരം നീക്കം ചെയ്യൽ, പൂജാസാധനങ്ങൾ ശേഖരിക്കുക, അന്നദാനമണ്ഡപത്തിൽ സഹായം, വിവിധ ഗസ്റ്റ് ഹൗസുകളിലും മെസ്സിലുമുള്ള സേവനം എന്നിങ്ങനെയുള്ള ജോലിക്കാണ് സാധാരണ ഡെയ്‌ലി വേജസുകാരെ നിയമിക്കുക. ഇത്തരം നിയമനങ്ങൾക്ക് കാലാകാലങ്ങളിൽ ചെയ്യുന്നതുപൊലെ തന്നെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
താൽക്കാലിക ജോലിക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആയിരുന്നു. പിന്നേട് അത് ഒക്ടോബർ 12 ന് ആയി നീട്ടി നൽകി. മെഡിക്കൽ സർട്ടിഫിക്കറ്റ് ,പ്രായം തെളിയിക്കുന്ന രേഖ ,പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള രേഖകൾ അപേക്ഷയോടൊപ്പം നൽകാത്ത അപേക്ഷകരെ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകരുടെ സെലക്ഷൻ ഇന്റർവ്യൂ തിരുവനന്തപുരം നന്ദൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പുരോഗമിക്കുന്നു. ഒക്ടോബർ 23 ന് ആരംഭിച്ച ഇന്റർവ്യൂ നവംബർ 2 ന് മാത്രമേ അവസാനിക്കുകയുള്ളൂ. അതിനുശേഷമായിരിക്കും യോഗ്യരായവർക്കുള്ള നിയമന ഉത്തരവ് നൽകുന്നത്. ഇത്തരത്തിൽ നിയമന പ്രക്രിയ ഒന്നുമാകാത്ത സാഹചര്യത്തിലാണ് 1680 പേരെ നിയമിച്ചുവെന്ന് വാർത്ത നൽകിയിരിക്കുന്നത്. ഇത് തെറ്റായ പ്രചരണമാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
ശബരിമലയിൽ മണ്ഡല-മകരവിളക്ക് ഉൽസവകാലത്ത് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ എല്ലാക്കാലവും നിയമിക്കുന്നുണ്ട്. നിയമന കാര്യത്തിൽ നാളിതുവരെ ഏതെങ്കിലും രാഷ്ട്രീയപരമോ പക്ഷപാതപരമോ ആയ നിലപാട്
തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊണ്ടിട്ടില്ലെന്നും ഇന്നും നാളെയും അത്തരം നിലപാട് തന്നെയായിരിക്കും ബോർഡ് സ്വീകരിക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. സാധാരണഗതിയിൽ അപേക്ഷ സമർപ്പിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും താൽക്കാലിക ജോലി ലഭിക്കാറുണ്ട്. രോഗ്യപ്രശ്‌നങ്ങൾ,പൊലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ എന്നിങ്ങനെയുള്ളവരാണ് യോഗ്യത നേടാതെ പുറത്ത് പോകുന്നവരെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
മണ്ഡല-മകരവിളക്ക് ഉൽസവകാലം ഭംഗിയായി നടത്തികൊണ്ടുപോകാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ദേവസ്വം ബോർഡ്.ബോർഡിന്റെ ഇത്തരം നടപടികളെ തകർക്കുന്നവരുടെ ഗൂഢാലോചന പ്രമുഖ മാധ്യമത്തിലെ വാർത്തകൾക്ക് പിന്നിലുണ്ടെന്നും
പ്രസിഡന്റ് പറഞ്ഞു. മാത്രമല്ല പമ്പയിൽ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി, സ്ത്രീകളെയും സ്ത്രീഭക്തരെയും തടയുന്നതിന് വനിതാ ജീവനക്കാരെ ദേവസ്വം ബോർഡ് ഡ്യൂട്ടിക്ക് നിയമിച്ചുവെന്ന വാർത്തയും വസ്തുതകൾക്ക് നിരക്കാത്തതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമവിധേയമായും ഭരണഘടനാനുസൃതമായും പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. അതുകൊണ്ട് തന്നെ കോടതി വിധിക്കെതിരെയുള്ള ഒരു പ്രവർത്തനവും ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു.
പമ്പയിൽ എല്ലാമാസവും ദേവസ്വം ബോർഡിലെ സ്ത്രീ ജീവനക്കാരെ ഉൾപ്പെടെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. അത് വനിതകളെ തടയാനായിരുന്നുവെന്നാണ് പ്രമുഖ മാധ്യമം വാർത്തനൽകിയത്. ഇത് അവാസ്തവമാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ,കോടതി വിധിക്കെതിരെയോ അത് നടപ്പാക്കുന്നതിനെതിരെയോ യാതൊരു തരത്തിലുമുള്ള നടപടികളും പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്ന വസ്തുത പത്ര-ദൃശ്യ മാധ്യമങ്ങൾ തിരിച്ചറിയണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ആവശ്യപ്പെട്ടു.